ട്രെന്‍ഡുകള്‍ മാറും, പുതിയ അവസരങ്ങള്‍ വരും

ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖലയിലെ ആദ്യ മൂന്ന് വ്യക്തിത്വങ്ങളെ എടുത്താല്‍ അതിലുണ്ടാകും ബിജു കുര്യന്‍ എന്ന നാമം. ഇന്ത്യന്‍ റീറ്റെയ്ല്‍ ഇന്‍ഡസ്ട്രിയില്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവ സമ്പത്തും രാജ്യത്തെ വമ്പന്‍ കമ്പനികളുടെ റീറ്റെയ്ല്‍ മേഖലയിലെ ഭാഗ്യരേഖ തന്നെ മാറ്റിവരച്ച പ്രവര്‍ത്തന പശ്ചാത്തലവുമാണ് ഇദ്ദേഹത്തെ സമുന്നതനാക്കുന്നത്. ഹിന്ദുസ്ഥാന്‍ ലിവര്‍, ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, റിലയന്‍സ് റീറ്റെയ്ല്‍ എന്നീ വന്‍കിട കമ്പനികളുടെ റീറ്റെയ്ല്‍ ബിസിനസുകളെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ഇദ്ദേഹം ഇപ്പോള്‍ സ്വതന്ത്ര കണ്‍സള്‍ട്ടന്റായും എല്‍ കറ്റേര്‍ട്ടണ്‍ ഏഷ്യയുടെ സ്ട്രാറ്റജിക് അഡൈ്വസറി ബോര്‍ഡംഗമായും പ്രവര്‍ത്തിക്കുന്നു.

ധനം റീറ്റെയ്ല്‍ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2018ല്‍ ബിജു കുര്യന്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിലെ പ്രസക്തമായ നിരീക്ഷണങ്ങള്‍

അടുത്ത ഏഴ് - എട്ട് വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്നത്

രാജ്യത്തെ ശരാശരി പ്രതിശീര്‍ഷ ജിഡിപിയില്‍ വന്‍ കുതിപ്പുണ്ടാകും. പ്രതിശീര്‍ഷ ജിഡിപിയിലുണ്ടാകുന്ന വര്‍ധന അതേ അനുപാതത്തില്‍ റീറ്റെയ്ല്‍ മേഖലയില്‍ പ്രതിഫലിക്കും. അതായത് ജനങ്ങളുടെ ഉപഭോഗത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. ഉപഭോഗ പ്രവണതകളും മാറും.

ഇന്ത്യയുടെ ശരാശരി പ്രതിശീര്‍ഷ ജിഡിപി 700-800 ഡോളറാണെങ്കിലും കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേത് മാത്രമെടുക്കുമ്പോള്‍ ഇത് 2200 - 2400 ഡോളറാകും. ചണ്ഡിഗഡ്, ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ ഇത് 3600 - 4500 ഡോളര്‍ എന്ന നിരക്കിലാണ്. അതായത് രാജ്യത്തിന്റെ ശരാശരി പ്രതിശീര്‍ഷ ജിഡിപി നിരക്ക് കുറവാണെങ്കിലും ചില പ്രത്യേക സ്ഥലങ്ങളില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സമാനമായ നിരക്കുമുണ്ട്.

ഇന്ത്യയില്‍ ഒരു റീറ്റെയ്‌ലര്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങളില്‍ ഒന്നാണിത്. തന്റെ ഉല്‍പ്പന്നം സമൂഹത്തിലെ ഏത് ശ്രേണിയിലുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ്. അവര്‍ രാജ്യത്തിന്റെ ഏത് ഭാഗത്താണ് എന്നൊക്കെ അറിഞ്ഞുവേണം മുന്നോട്ടു പോകാന്‍.

രാജ്യത്തെ ജനങ്ങളുടെ ക്രയശേഷിയിലെ വര്‍ധനയാണ് റീറ്റെയ്ല്‍ രംഗത്തെ വളര്‍ച്ചയ്ക്ക് കരുത്തേകുന്ന മുഖ്യഘടകം.

2025 ഓടെ ഇന്ത്യയുടെ വര്‍ക്കിംഗ് ഏജ് പോപ്പുലേഷന്‍ നൂറുകോടിയിലെത്തും. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തോതാണിത്.

രാജ്യത്തെ റീറ്റെയ്ല്‍ മേഖലയിലെ സാധ്യതകള്‍ എല്ലാം അവസാനിച്ചുവെന്ന തോന്നല്‍ വേണ്ട. റീറ്റെയ്ല്‍ മേഖല സാച്ചുറേറ്റഡ് ആയിട്ടില്ല. ഇപ്പോഴും രാജ്യത്തെ മൊത്തം റീറ്റെയ്ല്‍ മേഖലയില്‍ വെറും 10 ശതമാനം മാത്രമേ മേഡേണ്‍ റീറ്റെയ്ല്‍ ഇന്‍ഡസ്ട്രിയുടെ കൈയിലുള്ളൂ. ബാക്കി 90 ശതമാനവും പരമ്പരാഗത റീറ്റെയ്ല്‍ മേഖലയുടെ കൈകളിലാണ്. അതുപോലെ തന്നെ ക്വിക് സര്‍വീസ് റെസ്‌റ്റോറന്റ്‌സ് (QRS), ഫുട് വെയര്‍, സ്‌പൈസസ് എന്നീ മേഖലകളില്‍ അസംഘടിത മേഖലയുടെ സ്വാധീനം 50 ശതമാനത്തിലേറെയാണ്. പാക്കേജ്ഡ് ഫുഡ്‌സ്, ടെക്‌സ്റ്റൈല്‍ & അപ്പാരല്‍സ്, സാനിറ്ററി വെയര്‍, സെറാമിക് ടൈല്‍സ് എന്നീ രംഗങ്ങളില്‍ സംഘടിത മേഖലയുടെ സ്വാധീനം 50 ശതമാനം മാത്രമേയുള്ളൂ. അതായത് ഈ രംഗങ്ങളിലെല്ലാം ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇനിയും ഏറെ സാധ്യതയുണ്ട്.

നിലവില്‍ രാജ്യത്തെ റീറ്റെയ്ല്‍ മേഖലയുടെ 60 ശതമാനം ഫുഡ് ആന്‍ഡ് ഗ്രോസറിയാണെങ്കിലും പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കുമ്പോള്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ റീറ്റെയ്ല്‍ രംഗത്തേക്കാള്‍ മൂന്നര - നാല് മടങ്ങ് വളര്‍ച്ച നേടുന്ന മേഖലകള്‍ മറ്റ് പലതാണ്. 2010ല്‍ ഫുഡിന് വേണ്ടി ചെലവിടുന്നതിന്റെ 2.7 മടങ്ങ് അധികമായിരിക്കും 2020ല്‍ ചെലവിടുന്നത്. എന്നാല്‍ എഡ്യുക്കേഷന്‍ & ലീഷര്‍ രംഗത്ത് ചെലവിടുന്ന തുകയില്‍ ഇതേ കാലഘട്ടത്തില്‍ 4.2 മടങ്ങ് വര്‍ധനയുണ്ടാകും. അപ്പാരല്‍ & ഫുട്‌വെയറിന്റെ കാര്യത്തില്‍ വരുമ്പോള്‍ വര്‍ധന 3.8 മടങ്ങാകും.

റീറ്റെയ്ല്‍ അനുബന്ധ മേഖലയിലും വന്‍ ബിസിനസ് അവസരങ്ങള്‍ ഉയര്‍ന്നുവരും. 500 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള ഈ മേഖല 10 ശതമാനത്തിലേറെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നുണ്ട്. റീറ്റെയ്ല്‍ ബിസിനസ് മോഡലില്‍ വരുന്ന കീഴ്‌മേല്‍ മറിക്കലുകള്‍ ഈ രംഗത്തും അടുത്ത ദശാബ്ദങ്ങളില്‍ വന്‍ അവസരങ്ങളിലേക്ക് വഴി തുറക്കും.

വെയര്‍ഹൗസിംഗ്, സംഭരണം, പാക്കേജിംഗ്, ലോയല്‍റ്റി പ്രോഗ്രാം, കോള്‍ഡ് സ്‌റ്റോറേജ് ചെയ്ന്‍, ലോജിസ്റ്റിക്‌സ്, ലേബലിംഗ്, ഇ - കൊമേഴ്‌സ്, ഐറ്റി സിസ്റ്റംസ്, എച്ച് ആര്‍ ട്രെയ്‌നിംഗ് തുടങ്ങിയ മേഖലകളിലാകും അവസരങ്ങള്‍ ഏറെ വരിക.

പരമ്പരാഗത റീറ്റെയ്ല്‍ ഷോപ്പുകളുടെ വെല്ലുവിളികള്‍

  • ഉയര്‍ന്ന വാടക നിരക്ക്
  • സുഗമമായ ബിസിനസ് പശ്ചാത്തലത്തിന് വിഘാതം സൃഷ്ടിക്കുന്ന വിധത്തിലുള്ള അസംഖ്യം ചട്ടങ്ങള്‍
  • വളരെ നേര്‍ത്ത മാര്‍ജിന്‍, പ്രത്യേകിച്ച് ഫുഡ് & ഗ്രോസറി രംഗത്ത്
  • ഇ കൊമേഴ്‌സുകള്‍ ശക്തിയാര്‍ജ്ജിക്കുന്നതോടെ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഉദ്ദേശിക്കുന്ന വസ്തുക്കള്‍ നേരില്‍ കണ്ട് അറിയാന്‍ മാത്രമുള്ള 'ഷോ റൂമു'കളായി റീറ്റെയ്ല്‍ സ്‌റ്റോറുകളെ കാണുന്ന പ്രവണത. റീറ്റെയ്ല്‍ ഷോപ്പിലെത്തി സാധനങ്ങള്‍ പരിശോധിക്കുകയും അവിടെ നിന്ന് വാങ്ങാതെ ഓണ്‍ലൈന്‍ വഴി വാങ്ങുകയും ചെയ്യുന്നത് റീറ്റെയ്ല്‍ സ്‌റ്റോറുകളുടെ വില്‍പ്പനയെ ബാധിക്കുന്നുണ്ട്.
  • ഉല്‍പ്പന്നത്തെയും സേവനങ്ങളെയും കുറിച്ച് ഉപഭോക്താവിനുള്ള ആഴത്തിലുള്ള അറിവ്
  • ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും കൊഴിഞ്ഞുപോക്ക്. ഉപഭോക്താക്കളെ കുറിച്ച് പരിമിതമായ അറിവുകള്‍

ഇ-കൊമേഴ്‌സ് രംഗത്തെ വെല്ലുവിളികള്‍

  • ലാഭക്ഷമത ഇല്ലാത്തത്
  • പ്രൈവറ്റ് കാപ്പിറ്റല്‍ ലഭ്യത കുറവ്
  • ഉല്‍പ്പന്നങ്ങളുടെ ഡെലിവറിയെന്ന തലവേദന
  • പരമ്പരാഗത റീറ്റെയ്ല്‍ സ്റ്റോറുകളില്‍ നിന്നുള്ള വെല്ലുവിളി

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it