

ഫുഡ് ഡെലിവറി ആപ്പായ സ്വിഗിയുടെ ഓഹരി വില ഇന്ന് 11 ശതമാനം ഇടിഞ്ഞു. ഓഹരി വില കഴിഞ്ഞ എട്ട് ആഴ്ചകള്‍ക്കിടെയുള്ള ഏറ്റവും കുറഞ്ഞ വിലയായ 427 രൂപയിലെത്തുകയും ചെയ്തു.
മുഖ്യ എതിരാളിയായ സൊമാറ്റോ ഡിസംബര്‍ പാദത്തില്‍ ദുര്‍ബലമായ പ്രകടനം കാഴ്ചവച്ചത് നിക്ഷേപകരില്‍ ആശങ്കയ്ക്ക് കളമൊരുക്കിയതാണ് സ്വിഗി ഓഹരിയെ വീഴ്ത്തിയത്.
കഴിഞ്ഞ നവംബറില്‍ ഓഹരി ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ഏറ്റവും വലിയ ഇന്‍ട്രാ ഡേ വീഴ്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി ലിസ്റ്റിംഗ് വിലയായ 420 രൂപയ്ക്കടുത്തെത്തി. ഓഹരിയുടെ ഇഷ്യു വില 390 രൂപയായിരുന്നു.
സൊമാറ്റോയുടെ ലാഭം മൂന്നാം പാദത്തില്‍ 57.3 ശതമാനം ഇടിഞ്ഞ് 59 കോടി രൂപയായി. പുതിയ ഡാര്‍ക്ക് സ്റ്റോറുകള്‍ തുറക്കാനും ക്വിക്ക് കൊമേഴ്‌സ് ബിസിനസിലേക്ക് കസ്റ്റമേഴ്‌സിനെ കണ്ടെത്താനും കൂടുതല്‍ നിക്ഷേപം നടത്തേണ്ടി വന്നതാണ് ലാഭത്തെ ബാധിച്ചത്.
ഫലപ്രഖ്യാപനത്തിനു പിന്നാലെ സൊമാറ്റോ ഓഹരിയുടെ ലക്ഷ്യ വില അനലിസ്റ്റുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. സൊമാറ്റോ ഓഹരികള്‍ 9.55 ശതമാനം ഇടിവോടെ 216.95 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റ് മൂന്നാം പാദത്തിലും നഷ്ടമുണ്ടാക്കുന്ന സ്ഥാപനമായി തുടരുകയാണ്. 103 കോടി രൂപയാണ് ബ്ലിങ്കിറ്റിന്റെ നഷ്ടം. ക്വിക്ക് കൊമേഴ്‌സ് മേഖലയില്‍ മത്സരം ശക്തമാകുന്നതാണ് കമ്പനിക്ക് തിരിച്ചടിയാകുന്നത്. കമ്പനികള്‍ പല സ്ഥലങ്ങളിലേക്കും സാന്നിധ്യം വിപുലപ്പെടുത്തുന്നത് പോക്കറ്റ് ചോര്‍ത്തുന്നുണ്ട്. 2025 ഡിസംബര്‍ ആകുമ്പോള്‍ ബ്ലിങ്കിറ്റ് സ്‌റ്റോറുകള്‍ 2,000 ആക്കാനാണ് സൊമാറ്റോയുടെ പദ്ധതി.
ഇന്‍സ്റ്റമാര്‍ട്ട് വഴിയാണ് സ്വിഗി ക്വിക്ക് കൊമേഴ്‌സില്‍ സജീവമാകുന്നത്, ഇതുകൂടാതെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സെപ്‌റ്റോയും വാള്‍മാര്‍ട്ടിന്റെ പിന്തുണയുള്ള ഫിളിപ്കാര്‍ട്ട്, ടാറ്റ ഗ്രൂപ്പിന്റെ ബിഗ് ബാസ്‌കറ്റ് എന്നിവയും ഈ രംഗത്ത് ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine