വരുമാനം പങ്കിടാമെന്ന് ബ്രാന്‍ഡുകള്‍, വാടക വേണമെന്ന് മാളുകള്‍: രാജ്യത്തെ മാള്‍ മാനേജ്‌മെന്റ് വരും ദിവസങ്ങളില്‍ മാറി മറിയും

രാജ്യത്തെ പ്രമുഖ മാളുകളും അവയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡുകളും ഇതുവരെയുണ്ടായിരുന്ന കരാറുകൡ നിന്ന് മാറി സഞ്ചരിക്കാന്‍ തയ്യാറെടുക്കുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് നാല്‍പ്പതുദിവസമായി അടഞ്ഞു കിടക്കുന്ന ബ്രാന്‍ഡ് സ്‌റ്റോറുകള്‍ക്ക് വാടക രസീതുകള്‍ വന്‍കിട മാള്‍ ഉടമകള്‍ ഇതിനകം അയച്ചിട്ടുണ്ട്. എന്നാല്‍, കച്ചവടമില്ലാത്ത സ്ഥിതിക്ക് പഴയ രീതികള്‍ തുടരാനാകില്ലെന്നും വരുമാനം പങ്കിടാമെന്നുമാണ് ബ്രാന്‍ഡുകള്‍ വ്യക്തമാക്കുന്നത്.

മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള ഒന്‍പതുമാസക്കാലത്ത് മാളുകളില്‍ കോമണ്‍ ഏരിയ മെയ്ന്റന്‍സ് ചാര്‍ജ് നല്‍കില്ലെന്നും ബ്രാന്‍ഡ് സ്‌റ്റോറുകള്‍ തുറന്നുപ്രവര്‍ത്തിച്ചാല്‍ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം മാള്‍ ഉടമകള്‍ക്ക് നല്‍കാമെന്നുമാണ് പ്രമുഖ ബ്രാന്‍ഡുകള്‍ പറയുന്നത്. ഇക്കാര്യം വിശദീകരിച്ച് രാജ്യത്തെ 200 ഓളം പ്രമുഖ ബ്രാന്‍ഡുകള്‍, രാജ്യത്തെ മുന്‍നിര മാള്‍ ഉടമകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ബ്രാന്‍ഡുകളുടെ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് മാള്‍ ഉടമകള്‍ക്കുള്ളത്. പലരും ഏപ്രില്‍ മാസത്തെ വാടക രസീത് ബ്രാന്‍ഡുകള്‍ക്ക് അയച്ചു കഴിഞ്ഞു.

മാളുകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡ്‌ലോണ്‍ ബ്രാന്‍ഡ് സ്‌റ്റോറുകള്‍ വരുമാനത്തിന്റെ 10-12 ശതമാനം മാള്‍ ഉടമകള്‍ക്ക് നല്‍കാമെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. ഫാസ്റ്റ് ഫുഡ് ഓപ്പറേറ്റര്‍മാരും ലാര്‍ജ് ഫോര്‍മാറ്റ് ലൈഫ്‌സ്റ്റൈല്‍ സ്റ്റോറുകളും വരുമാനത്തിന്റെ 7-8 ശതമാനവും സൂപ്പര്‍മാര്‍ക്കറ്റുകള്‍ 3-4 ശതമാനവും ഇലക്ട്രോണിക്‌സ്, മൊബീല്‍ റീറ്റെയ്‌ലര്‍മാര്‍ വരുമാനത്തിന്റെ 1-2 ശതമാനവും മാള്‍ ഉടമകള്‍ക്ക് നല്‍കാമെന്ന നിര്‍ദേശമാണ് ബ്രാന്‍ഡ് ഉടമകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഫ്യൂച്ചര്‍ ഗ്രൂപ്പ്, ആദിത്യ ബിര്‍ള ഫാഷന്‍, അരവിന്ദ് ബ്രാന്‍ഡ്‌സ്, ഡൊമിനോസ് പിസാ, അഡിഡാസ്, ലെവിസ് തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്ന റീറ്റെയ്‌ലേഴ്‌സും റെസ്റ്റോറന്റ്‌സുമാണ് ഈ ആവശ്യം ഉന്നയിച്ച് മാള്‍ ഉടമകള്‍ക്ക് കത്തെഴുതിയിരിക്കുന്നത്.

ബ്രാന്‍ഡുകളുടെ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് മാള്‍ ഉടമകള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

രാജ്യത്തെ മാള്‍ മേഖല അടിമുടി മാറും

കോവിഡിന് ഫലപ്രദമായ വാക്‌സിനോ മരുന്നോ കണ്ടെത്താത്തിടത്തോളം കാലം മാളുകള്‍, സിനിമാ തിയേറ്ററുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവയില്‍ വന്‍തോതില്‍ ആളുകള്‍ തിക്കി തിരക്കി വരാനിടയില്ല.

മാളുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍ റെസ്‌റ്റോറന്റുകളും സിനിമാ തിയേറ്ററും സൂപ്പര്‍മാര്‍ക്കറ്റുമെല്ലാമാണ്. തിരക്കില്‍ നിന്ന് ജനങ്ങള്‍ വിട്ടു നില്‍ക്കാന്‍ ശ്രമിക്കുന്നതും അതോടൊപ്പം കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മൂലം ജനങ്ങളുടെ ക്രയശേഷി കുറയുന്നതും വന്‍കിട ബ്രാന്‍ഡ് സ്‌റ്റോറുകളെ പ്രതികൂലമായി ബാധിക്കും.

കോവിഡ് ബാധയ്ക്കു മുമ്പു തന്നെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മൂലം ബ്രാന്‍ഡ് സ്റ്റോറുകളുടെ വില്‍പ്പയില്‍ കുറവ് വന്നിരുന്നു. വരുമാനത്തിലെ ഇടിച്ചില്‍ തുടരുമ്പോഴാണ് കോവിഡ് വന്നത്. ജനങ്ങള്‍ ആഡംബരം തല്‍ക്കാലത്തേക്ക് മാറ്റി അത്യാവശ്യത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ ഇനിയും ഇടിവുണ്ടാകും.

മാളുകളുടെ നിലനില്‍പ്പും ഭീഷണിയില്‍

അതിനിടെ രാജ്യത്തെ പ്രമുഖ മാളുകള്‍ പലതും ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെ വിഷമിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് കുതിപ്പുണ്ടായ വര്‍ഷങ്ങളില്‍ രാജ്യത്തെമ്പാടും കൂണുകള്‍ പോലെ വന്‍കിട മാളുകള്‍ വന്നു. കേരളത്തിലെ ഉള്‍ പട്ടണങ്ങളില്‍ പോലും മിനി മാളുകളുണ്ട്. വാടക വരുമാനം ലക്ഷ്യമിട്ട് ബാങ്ക് വായ്പയും മറ്റുമെടുത്താണ് മാളുകള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്.

വാടക വരുമാനം കുറയുകയോ നിലയ്ക്കുകയോ ചെയ്താല്‍ വായ്പാ തിരച്ചടവ് മുടങ്ങും. മാളുകള്‍ ബാങ്കുകള്‍ ലേലത്തിന് വെച്ചാലും അത്ഭുതപ്പെടാനില്ല.

കേരളത്തിലെ വാണിജ്യാവശ്യത്തിനുള്ള കെട്ടിട രംഗത്തും പ്രതിഫലിക്കും

കേരളത്തിലും ഡസന്‍ കണക്കിന് മാളുകളുണ്ട്. ഇവിയില്‍ നിന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ഒഴിയുകയോ വാടക കുറയ്ക്കുകയോ ചെയ്താല്‍ അവ മാനേജ് ചെയ്യുന്ന കമ്പനികള്‍ക്ക് വലിയ ആഘാതമാകും. ഇതു കൂടാതെ ചെറുപട്ടണങ്ങളില്‍ മിനി മാളുകളും നിരവധിയുണ്ട്.

നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വരും നാളുകള്‍ മാളുകളെ സംബന്ധിച്ചിടത്തോളം നല്ല ദിനങ്ങളാകില്ല. ജനങ്ങള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ചെറുകിട, ഇടത്തരം കച്ചവട കേന്ദ്രങ്ങള്‍ക്കാകും മാറിയ സാഹചര്യങ്ങളില്‍ പിടിച്ചു നിന്ന് മുന്നേറാനാകൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it