തിരുവനന്തപുരം The New Retail Hot spot

തിരുവനന്തപുരവും മാള്‍ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. നഗരത്തിലെ ഷോപ്പിംഗ് ശൈലിയെ ഒന്നടങ്കം മാറ്റിമറിക്കാനുതകുന്ന വിധത്തില്‍ മൂന്ന് വമ്പന്‍ മാളുകളാണ് ഇവിടെ സജ്ജമായിക്കൊണ്ടിരിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ ആക്കുളത്തുള്ള ലുലു മാള്‍, മലബാര്‍ ഗ്രൂപ്പിന്റെ ചാക്കയിലുള്ള മാള്‍ ഓഫ് ട്രാവന്‍കൂര്‍, ആര്‍ടെക് റിയല്‍റ്റേഴ്‌സിന്റെ പാറ്റൂരിലുള്ള ആര്‍ടെക് വേള്‍ഡ് എന്നിവയാണ് നിര്‍മ്മാണത്തിലിരിക്കുന്ന സുപ്രധാന മാളുകള്‍.

''മാളുകള്‍ വരുന്നതിലൂടെ റീറ്റെയ്ല്‍ സ്‌പെയ്‌സിലെ ഒരു വിപ്ലവത്തിനായിരിക്കും തിരുവനന്തപുരം സാക്ഷ്യയാകുക. അത് ടൂറിസം, ഗതാഗതം തുടങ്ങിയ സമസ്ത മേഖലകളിലും വന്‍ചലനമുണ്ടാക്കും'' സി.ഐ.ഐയുടെ കേരള ഘടകം മുന്‍ ചെയര്‍മാനായ പി.ഗണേഷ് ചൂണ്ടിക്കാട്ടി. വിശാലമായ സ്ഥലസൗകര്യം, പുതുമയാര്‍ന്ന അന്തരീക്ഷം, തെരഞ്ഞെടുക്കാന്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും, മള്‍ട്ടിപ്ലെക്‌സുകള്‍, ഫുഡ്‌കോര്‍ട്ടുകള്‍, വിനോദത്തിനായുള്ള പ്രത്യേക സൗകര്യങ്ങള്‍ എന്നിവയെല്ലാം സംയോജിക്കുന്ന മാളുകള്‍ തലസ്ഥാന നഗരിക്ക് തികച്ചും പുതുമയാര്‍ന്നൊരു അനുഭവമായിരിക്കും നല്‍കുക.

റീറ്റെയ്ല്‍ ശ്യംഖലകള്‍ക്ക് ആധിപത്യം

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ തലസ്ഥാനത്തെ റീറ്റെയ്ല്‍ വിപണന രംഗത്ത് വന്‍തോതിലുള്ള മാറ്റങ്ങള്‍ ഉണ്ടായെന്നും അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ മാളുകളുടെ ആവിര്‍ഭാവമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കാലത്ത് ചാല മാര്‍ക്കറ്റില്‍ മാത്രമായിരുന്നു വ്യാപാരമെങ്കില്‍ പിന്നീടത് നഗരത്തിലൊട്ടാകെ വ്യാപിക്കുകയുണ്ടായി. കരമന, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, ശ്രീകാര്യം, കഴക്കൂട്ടം എന്നിങ്ങനെ എം.ജി റോഡിലെ വിവിധ കേന്ദ്രങ്ങള്‍ റീറ്റെയ്ല്‍ വിപണനത്തില്‍ കരുത്താര്‍ജ്ജിച്ചു. കാലക്രമേണ ടെക്‌സ്റ്റൈല്‍സ്, ജൂവല്‍റി, ഫുഡ്, എഫ്.എം.സി.ജി തുടങ്ങിയ മേഖലകളില്‍ നിരവധി റീറ്റെയ്ല്‍ ചെയിനുകളും തലസ്ഥാനത്തേക്കെത്തി. എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍, മള്‍ട്ടി ബ്രാന്‍ഡഡ് ഷോറൂമുകള്‍, നിരവധി ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റുകള്‍ എന്നിവയൊക്കെ ഉപഭോക്താക്കളുടെ ഷോപ്പിംഗ് സംസ്‌ക്കാരത്തിലും വലിയ സ്വാധീനം ചെലുത്തി.

പ്രമുഖ ടെക്‌സറ്റൈല്‍, ജൂവല്‍റി, ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫാസ്റ്റ് ഫുഡ് റീറ്റെയ്ല്‍ ശൃംഖലകളെല്ലാം തന്നെ തിരുവനന്തപുരത്ത് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.

ബൈപാസ് ശ്രദ്ധാകേന്ദ്രമാകുന്നു

ടെക്‌നോപാര്‍ക്കിന്റെ വളര്‍ച്ചയോടെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നഗരമായി അറിയപ്പെട്ടിരുന്ന തിരുവനന്തപുരത്തിന് ചടുലമായ മാറ്റങ്ങളുണ്ടായത്. പര്‍ച്ചേസിംഗ് കപ്പാസിറ്റിയില്‍ അത് മാറ്റമുണ്ടാക്കിയെന്ന് മാത്രമല്ല ഷോപ്പിംഗ് അവസരങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമായിത്തീര്‍ന്നു. തലസ്ഥാനത്തെ സംഘടിത റീറ്റെയ്ല്‍ വിപണിയുടെ വളര്‍ച്ചക്ക് വഴിതുറന്നതും ഈയൊരു ഘടകമാണ്. മാളുകളുടെ വരവോടെ തലസ്ഥാനത്തെ റീറ്റെയ്ല്‍ വിപണിയുടെ വളര്‍ച്ച അടുത്ത തലത്തിലേക്ക് കടക്കുകയാണ്. കഴക്കൂട്ടം- കോവളം ബൈപാസ് റോഡായിരിക്കും ഇതില്‍ നിര്‍ണ്ണായകമാകുക. വിഴിഞ്ഞം പോര്‍ട്ടിന്റെ സാന്നിധ്യം ഇതിന്റെ പ്രധാന്യത്തെ ഒന്നുകൂടി വര്‍ധിപ്പിക്കും. ഈ ബൈപാസിലാണ് ലുലു മാളും മാള്‍ ഓഫ് ട്രാവന്‍കൂറും വരുന്നത്. നിരവധി വാഹന ഡീലര്‍മാര്‍, റസ്റ്റോറന്റുകള്‍, അപ്പാര്‍ട്ട്‌മെന്റ് പ്രോജക്റ്റുകള്‍ തുടങ്ങിയവയൊക്കെ ബൈപാസ് റോഡില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. മലബാര്‍ ഗ്രൂപ്പിന്റെ മാള്‍ ഓഫ് ട്രാവന്‍കൂര്‍ ഈ മാസം തന്നെ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കും.

വിവിധ മാളുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ മറ്റുള്ള സിറ്റികളുടെ നിലവാരത്തിലേക്ക് തലസ്ഥാനവും ഉയരും. ''ടെക്‌നോപാര്‍ക്കിലെ ഐ.ടി പ്രൊഫഷണലുകള്‍ക്ക് ബാംഗ്ലൂരിലെപ്പോലെ ഔട്ടിംഗിന് പോകാനുള്ള സ്ഥലമില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. മാളുകള്‍ അതിന് പരിഹാരമാകും'' കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രി ഇന്‍ കേരളയുടെ ജനറല്‍ സെക്രട്ടറിയായ എം.ആര്‍.നാരായണന്‍ ചൂണ്ടിക്കാട്ടി. ഒന്നിലധികം മാളുകളുടെ സാന്നിധ്യം കാരണം കൂടുതല്‍ ഐ.ടി കമ്പനികളും പ്രൊഫഷണലുകളും കേരളത്തിലേക്ക് എത്താനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റീറ്റെയ്ല്‍ മേഖലയുടെ മുന്നേറ്റം ടൂറിസത്തെയും സഹായിക്കും. കോവളത്തും പൂവാറിലും താമസിക്കുന്ന ടൂറിസ്റ്റുകള്‍ ഒരു ദിവസത്തേക്കെങ്കിലും നഗരത്തില്‍ പോകാറുണ്ടെന്നും മാളുകള്‍ വരുന്നതോടെ ഷോപ്പിംഗിനായി പല സ്ഥലങ്ങളില്‍ പോകുന്നതിന് പകരം ഒരു മാളില്‍ നിന്നുതന്നെ ഏതാനും മണിക്കൂറുകള്‍ക്കകം അവര്‍ക്ക് ഷോപ്പിംഗ് നടത്താനാകുമെന്നും നാരായണന്‍ ചൂണ്ടിക്കാട്ടി.

സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിക്കും

തലസ്ഥാനത്തെ മാളുകളിലേക്ക് സമീപപ്രദേശത്തെ ജില്ലകളില്‍ നിന്നും വലിയ ജനപ്രവാഹത്തിന് സാധ്യതയുണ്ടെന്ന് കട ഡോട്ട് ഇന്നിന്റെ ഓപ്പറേഷന്‍സ് മാനേജരായ പത്മകുമാര്‍ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്ക് പുറമേ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ നിന്നൊക്കെ ഉപഭോക്താക്കള്‍ ഇവിടേക്ക് എത്തിയേക്കും.അവിടെയൊക്കെ ചെറിയതരം ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ മാത്രമേ നിലവിലുള്ളൂ എന്നതാണ് ഇതിന് കാരണം. അത് തലസ്ഥാനത്തെ മാളുകള്‍ക്ക് നേട്ടമാകും. എന്നാല്‍ മാളുകള്‍ സൃഷ്ടിക്കാനിടയുള്ള ജനത്തിരക്ക് കണക്കിലെടുത്തുകൊണ്ട് റോഡ്, റെയില്‍ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗണേഷ് ചൂണ്ടിക്കാട്ടി. ഇപ്പോള്‍ തലസ്ഥാനത്ത് നിന്ന് നാഗര്‍കോവിലിലേക്കും കൊല്ലത്തേക്കും പോകുമ്പോള്‍ ഗതാഗതക്കുരുക്ക് കാരണം മണിക്കൂറുകളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. അടിസ്ഥാനസൗകര്യ വികസന രംഗത്ത് ലൈറ്റ് മെട്രോ ഉള്‍പ്പടെയുള്ള മാസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഫെസിലിറ്റിക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടതുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

മാളുകളിലേക്കുള്ള ഉപഭോക്താക്കളുടെ ഒഴുക്ക് സുഗമമാക്കാന്‍ നഗരത്തിനുള്ളില്‍ ആധുനിക ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ അനിവാര്യമായേക്കും. ''ചെറുതും വലുതുമായ ബോട്ടുകള്‍ക്ക് സഞ്ചരിക്കാനാകുന്ന വിധത്തില്‍ ജലപാതകള്‍ വികസിപ്പിക്കണം. സാധാരണക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും അത് ഗുണകരമാകും'' ഗണേഷ് അഭിപ്രായപ്പെട്ടു. ബൈപാസിലെ മാളുകള്‍ക്ക് സമീപത്തായുള്ള ആക്കുളം കായല്‍ ഇത്തരത്തില്‍ വികസിപ്പിക്കാനാകും. തലസ്ഥാനത്തെയും സമീപ ജില്ലകളെയും ജലപാതകള്‍ മുഖേന ബന്ധിപ്പിക്കുന്നതിലൂടെ ഹൈവേയിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിധി വരെ പരിഹാരമാകുകയും ചെയ്യും. കേരളത്തില്‍ ഹൈവേ വികസനത്തിനായി കേന്ദ്രം 26,000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. എന്നാല്‍ സ്ഥലമെടുപ്പും അലൈന്‍മെന്റ് നിര്‍വഹിക്കേണ്ടതും സംസ്ഥാന സര്‍ക്കാരാണ്. ഇതിന് പ്രത്യേക ഊന്നല്‍ നല്‍കിയാല്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം തന്നെ ഈ ഫണ്ട് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വര്‍ധിക്കുന്ന തൊഴിലവസരങ്ങള്‍

റീറ്റെയ്ല്‍ വിപണന രംഗത്ത് വന്‍തോതിലുള്ള തൊഴിലവസരമാണ് മാളുകള്‍ നല്‍കുന്നത്. തലസ്ഥാനത്തെ മൂന്ന് പുതിയ മാളുകളിലായി പതിനായിരം പേര്‍ക്ക് നേരിട്ടും കൂടാതെ ഇരുപത്തയ്യായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. റീറ്റെയ്ല്‍ വിപണന രംഗത്ത് പരിചയസമ്പന്നരും അല്ലാത്തവരുമായിട്ടുള്ളവര്‍ക്ക് ഇതൊരു വലിയ അവസരമാണ് നല്‍കുന്നത്. മാളുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ റീറ്റെയ്ല്‍ വിപണയില്‍ ഏകദേശം 20 ശതമാനത്തോളം വളര്‍ച്ചയുണ്ടാകുമെന്നാണ് നിഗമനം. ''ടെക്‌സ്റ്റൈല്‍സ്, ഇലക്ട്രോണിക്‌സ്, ഫുഡ്, എന്റര്‍ടെയ്ന്‍മെന്റ്, ഗെയിംസ് എന്നീ മേഖലകള്‍ക്കായിരിക്കും മാളുകളില്‍ മികച്ച വളര്‍ച്ച ഉണ്ടാകുക. ഇവയായിരിക്കും മാളുകളുടെ പ്രധാന ആകര്‍ഷണീയതയും'' ഭീമ ജൂവല്‍റിയുടെ മാനേജിംഗ് ഡയറക്ടറായ സുഹാസ് എം.എസ് അഭിപ്രായപ്പെട്ടു.

തലസ്ഥാനത്തെ റീറ്റെയ്ല്‍ വിപണിയിലേക്കുള്ള മാളുകളുടെ വരവ് നഗരത്തിലെ വ്യാപാരികളെ അല്‍പ്പം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അസംഘടിത മേഖലയിലെ വ്യാപാരത്തിന് താല്‍ക്കാലികമായി കുറവുണ്ടായാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ എല്ലാത്തരം സംരംഭങ്ങള്‍ക്കും വിപണിയില്‍ സാധ്യതയുണ്ടാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ഇപ്പോഴത്തെ മൂന്ന് മാളുകളുടെയും പ്രകടനം വിലയിരുത്തിക്കൊണ്ടായിരിക്കും പുതിയ മാള്‍ പദ്ധതികള്‍ തലസ്ഥാനത്തേക്ക് എത്തുക. വിഴിഞ്ഞം പദ്ധതി, ടെക്‌നോസിറ്റി പദ്ധതി എന്നിവക്ക് പുറമേ പുതിയ വ്യവസായ പാര്‍ക്കുകള്‍, മറ്റുള്ള വികസന പദ്ധതികള്‍ എന്നിവയൊക്കെ മാളുകള്‍ക്ക് വന്‍തോതിലുള്ള അവസരങ്ങള്‍ ലഭ്യമാക്കുമെന്നാണ് വിലയിരുത്തല്‍.

മാള്‍ ഓഫ് ട്രാവന്‍കൂര്‍

ദേശീയ രാജ്യാന്തര ബ്രാന്‍ഡുകളുടെ 300 ഔട്ട്‌ലറ്റുകളാണ് ഇവിടെ ഷോപ്പിംഗിനുള്ള അവസരം നല്‍കുന്നത്. വിനോദത്തിനായി ഏഴ് മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകള്‍ക്ക് പുറമേ പാര്‍ട്ടി ഹാളുകളും അമ്യൂസ്‌മെന്റ് റൈഡുകളും ഉണ്ടാകും. ഫുഡ് കോര്‍ട്ടില്‍ വിശാലമായ റസ്‌റ്റോറന്റുകള്‍, ജ്യൂസ് ബാറുകള്‍ എന്നിവയും ഉണ്ടാകും. അഞ്ച് ഏക്കറില്‍ ഏഴ് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് മലബാര്‍ ഗ്രൂപ്പിന്റെ ഈ മാള്‍ നിര്‍മിക്കപ്പെടുന്നത്. ആയിരം കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഉണ്ടാകും. ബൈപാസ് റോഡിലെ ചാക്കയില്‍ ഒരുങ്ങുന്ന മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ ഉല്‍ഘാടനം ഈ മാസമുണ്ടാകും.

ലുലു മാള്‍

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ എന്നിവക്ക് പുറമേ അനേകം ബ്രാന്‍ഡഡ് ഔട്ട്‌ലറ്റുകളും ഉണ്ടാകുമെന്നതാണ് പ്രധാന ആകര്‍ഷണീയത. ഒന്‍പത് മള്‍ട്ടിപ്ലെക്‌സുകള്‍, നിരവധി ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങിയവയും ലുലു മാളിലുണ്ടാകും. 3000 കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. ബൈപാസ് റോഡിലെ ആക്കുളത്താണ് ലുലു മാള്‍ ഒരുങ്ങുന്നത്. 20 ലക്ഷം ചതുരശ്രയടി വസ്തീര്‍ണ്ണത്തില്‍ നിര്‍മിക്കപ്പെടുന്ന ഈ മാളില്‍ കണ്‍വെന്‍ഷന്‍ സെന്ററും 150 മുറികളുള്ള സൂപ്പര്‍ ലക്ഷ്വറി ഹോട്ടലും ഉണ്ടാകും. കൊച്ചിയിലെ ലുലു മാളിന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ മാളാണ് തലസ്ഥാനത്ത് ലുലു ഗ്രൂപ്പ് നിര്‍മിക്കുന്നത്. 19 ഏക്കര്‍ സ്ഥലത്ത് 2000 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് തലസ്ഥാനത്തെ ലുലു മാള്‍ സജ്ജമാക്കപ്പെടുന്നത്. 2019 മാര്‍ച്ചോടെ നിര്‍മാണം പൂര്‍ത്തിയായേക്കും.

ആര്‍ടെക് വേള്‍ഡ് മാള്‍

പാറ്റൂര്‍ ജംഗ്ഷനിലാണ് ആര്‍ടെക് റിയല്‍റ്റേഴ്‌സിന്റെ ആര്‍ടെക് വേള്‍ഡ് മാള്‍ സജ്ജമാകുന്നത്. നാല് ഫ്‌ളോറുകളാണ് ഇതിനുള്ളത്. എക്‌സ്‌റ്റേണല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഈ മാളിന്റെ ഇന്റേണല്‍ വര്‍ക്കുകള്‍ നടന്നുവരുന്നു. ബേസ്‌മെന്റ് ഏരിയ കാര്‍ പാര്‍ക്കിംഗിനുള്ളതാണ്.

മാളിലെ മൂന്ന് ഫ്‌ളോറുകള്‍ പ്രശസ്തമായ സെന്‍ട്രല്‍ ഗ്രൂപ്പ് എടുത്തുകഴിഞ്ഞു. നാലാമത്തെ ഫ്‌ളോറില്‍ കാര്‍ണിവല്‍ ഗ്രൂപ്പിന്റെ നാല് മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകളുണ്ടാകും. അടുത്ത രണ്ടു മാസത്തിനകം തന്നെ മാളിന്റെ പണി പൂര്‍ത്തിയായേക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it