ഇക്കാര്യത്തിൽ ഫ്ലിപ്കാർട്ട് ഞങ്ങളേക്കാൾ മുന്നിലാണ്: വാൾമാർട്ട് സിഇഒ

രണ്ടുദിവസം നീണ്ടു നിന്ന ഇന്ത്യ സന്ദർശനത്തിനിടെ, വാൾമാർട്ട് പ്രസിഡന്റും സിഇഒയുമായ ഡഗ് മക്മില്ലനെ ഏറ്റവുമധികം ആകർഷിച്ചതെന്താണ്? ഇന്ത്യയിലെ പ്രമുഖ ഇ-കോമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഉടമസ്ഥരായ വാൾമാർട്ടിനേക്കാൾ ഏറെ മുന്നിലാണെന്നതു തന്നെ.
യുഎസിൽ വാൾമാർട്ട് ഉപയോഗിക്കുന്ന ടെക്നോളജിയും ഇന്ത്യയിൽ ഫ്ലിപ്കാർട്ട് ഉപയോഗിക്കുന്ന ടെക്നോളജിയും താരതമ്യം ചെയ്താൽ ഫ്ലിപ്കാർട്ട് ഏറെ വർഷം മുൻപിലാണെന്ന് കാണാൻ സാധിക്കുമെന്ന് മക്മില്ലൻ പറയുന്നു.
ഫ്ലിപ്കാർട്ടിന്റെ ടെക്നോളജി വൈദഗ്ധ്യം പഠിച്ച് അത് വാൾമാർട്ട് മറ്റ് വിപണികളിൽ ഉപയോഗിക്കേണ്ടതായുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ വിപണിയിൽ എത്ര വലിയ കമ്പനിയേയും വരെ നേരിടാനുള്ള കഴിവ് ഫ്ലിപ്കാർട്ടിനും അതിന്റെ അനുബന്ധ കമ്പനികൾക്കുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.