വില്പനക്കാരില്ല, കാഷ്  കൗണ്ടറുമില്ല: ബില്ലടിക്കാതെ സാധനം വാങ്ങാവുന്ന   രാജ്യത്തെ ആദ്യ സൂപ്പർമാർക്കറ്റ് കൊച്ചിയിൽ

വില്പനക്കാരോ കാഷ് കൗണ്ടറോ ഇല്ലാതെ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഓട്ടോണോമസ് സ്റ്റോർ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു.

വൈറ്റില ഗോൾഡ് സൂക്ക് ഗ്രാൻഡെയിലാണ് നിർമിത ബുദ്ധിയുടെയും (Artificial Intelligence) സെൻസറുകളുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന 'വാട്-എ-സെയിൽ' സൂപ്പർ മാർക്കറ്റ് തുറന്നത്. കൊച്ചിയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് ആണ് ഇതിന് പിന്നിൽ.

വിദേശ രാജ്യങ്ങളിലും മറ്റും ഇത്തരത്തിലുള്ള ഓട്ടോണമസ് സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്.

ഏതൊരു സൂപ്പർ മാർക്കറ്റിലെയും പോലെ സാധങ്ങൾ തെരഞ്ഞെടുക്കാം. എന്നിട്ട് ബിൽ അടിക്കാൻ നിൽക്കാതെ നേരെ വീട്ടിലേയ്ക്ക് പോകാം. വാങ്ങിയ സാധങ്ങൾക്ക് പണമടക്കണ്ട എന്നല്ല ഇതിനർത്ഥം.

ഒരു മൊബൈൽ ആപ്ലിക്കേഷനിൽ അധിഷ്ഠിതമാണ് സ്റ്റോറിന്റെ പ്രവർത്തനം. ഉപഭോക്താവ് മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം അത് ക്രഡിറ്റ് കാർഡുമായി ബന്ധിപ്പിക്കുകയോ, ഇ-വാലറ്റിൽ മുൻകൂറായി പണം നിറയ്ക്കുകയോ വേണം.

കടയിൽ ലഭ്യമായ ഉൽപ്പന്നങ്ങളുടെ വിലയും വിശദാംശങ്ങളും വാങ്ങിയ സാധനങ്ങളുടെ ബില്ലും മൊബൈൽ ആപ്പിലൂടെ നൽകും. ആപ്പിൽ നിന്ന് ക്യു ആർ കോഡ് സ്കാൻ ചെയ്താലേ സൂപ്പർമാർക്കറ്റിലേയ്ക്ക് പ്രവേശിക്കാനാകൂ.

സെൻസറുകൾ ഘടിപ്പിച്ചവയാണ് റാക്കുകൾ. ഇവയിൽ നിന്ന് ഓരോ സാധനം എടുക്കുമ്പോഴും എക്കൗണ്ടിൽ നിന്ന് അതിന്റെ പണം ഈടാക്കിക്കൊണ്ടിരിക്കും. സാധനം റാക്കിൽ തിരിച്ചു വച്ചാൽ തുക എക്കൗണ്ടിൽ തിരിച്ചെത്തും.

പുത്തൻ സാങ്കേതിക വിദ്യകൾ ലോകമെമ്പാടുമുള്ള റീറ്റെയ്ൽ മേഖലയിൽ വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ അലയൊലികൾ നമ്മുടെ കൊച്ചു കേരളത്തിലേക്കും എത്തുന്നുണ്ടെന്നതിന്റെ ഒരു ഉദാഹരണമാണ് ഈ സ്റ്റോർ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it