റീറ്റെയ്‌ലിന്റെ ഭാവി നിര്‍ണയിക്കുന്ന 10 സുപ്രധാന പ്രവണതകള്‍

ഓര്‍മയില്ലേ, ഒരു കാലത്ത് കൊച്ചിക്കാരുടെ ഹരമായിരുന്ന വര്‍ക്കീസ് സൂപ്പര്‍ മാര്‍ക്കറ്റിനെ? മുംബൈയില്‍ നിന്ന് നാട്ടിലെത്തുന്നവര്‍ പോലും അന്ന് പറയുമായിരുന്നു, ഇത്തരത്തിലൊരു സൂപ്പര്‍ മാര്‍ക്കറ്റ് അവരുടെ പരിസരത്തെങ്ങുമില്ലെന്ന്. പ്രതാപത്തിന്റെ കൊടുമുടിയില്‍ നിന്നിരുന്ന വര്‍ക്കീസ് ഒരുനാള്‍ അപ്രത്യക്ഷമായി. അതിന് കാരണങ്ങള്‍ പലതുണ്ടെങ്കിലും റീറ്റെയ്ല്‍ രംഗത്തെ മല്‍സരവും വന്‍ റീറ്റെയ്ല്‍ ശൃംഖലകളുടെ കടന്നുവരവും വളര്‍ച്ചയ്ക്കായി സാങ്കേതികവിദ്യയുടെ ഉറച്ച പിന്‍ബലം നല്‍കാന്‍ കഴിയാതെ പോയതുമെല്ലാം വര്‍ക്കീസിന്റെ പതനത്തിന് ആക്കം കൂട്ടി.

ഇങ്ങനെ റീറ്റെയ്ല്‍ രംഗത്ത് വമ്പന്മാരെ പോലും നിലംപരിശാക്കുന്ന വന്‍ മാറ്റങ്ങളാണ് കേരളത്തിലും ആഗോളതലത്തിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഗ്രാമത്തിലായാലും നഗരത്തിലായാലും സാധാരണക്കാരുടെ ഷോപ്പിംഗ് ഏതാനും കടകളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഉദാരവല്‍ക്കരണത്തോടെ 1990കളില്‍ തുടക്കം കുറിച്ച റീറ്റെയ്ല്‍ വിപ്ലവത്തിന്റെ അലയടികള്‍ നഗരങ്ങളില്‍ നിന്നും ചെറു പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും അതിവേഗം കടന്നുവന്നു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍... ഇവയ്‌ക്കെല്ലാമൊപ്പം ഓണ്‍ലൈന്‍ വ്യാപാരവും - ഗ്രാമ, നഗര ഭേദമെന്യേ ഉപഭോക്താക്കള്‍ റീറ്റെയ്ല്‍ വിപ്ലവത്തില്‍ പങ്കാളികളാകുകയാണ്. മാറ്റങ്ങളുടെ ഈ വേലിയേറ്റത്തില്‍ പലരുടെയും നിലനില്‍പ്പുതന്നെ അപകടത്തിലാകുന്നു. അനുദിനമെന്നല്ല, അനുനിമിഷം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിപണിയില്‍ എങ്ങനെ പിടിച്ചുനില്‍ക്കാം നേട്ടമുണ്ടാക്കാം? ലോകത്തെവിടെയും റീറ്റെയ്ല്‍ വ്യാപാരികള്‍ ഭൂരിഭാഗവും ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിവ.

ആഗോളവല്‍ക്കരണവും നഗരവല്‍ക്കരണവും ജനങ്ങളുടെ ചിന്താശൈലിയിലും അഭിലാഷങ്ങളിലും ഉണ്ടാക്കിയിരിക്കുന്ന മാറ്റങ്ങള്‍, ഗവണ്‍മെന്റിന്റെ മാറുന്ന നയങ്ങള്‍, സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റം എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ റീറ്റെയ്ല്‍ രംഗത്തെ മാറ്റങ്ങളുടെ ആഴവും പരപ്പും വര്‍ധിപ്പിക്കുന്നു. ഒരു കാര്യം വ്യക്തം.

മാറുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടി അറിയാനും തന്ത്രങ്ങള്‍ മെനയാനും സാധിക്കാത്തവര്‍ വിപണിയില്‍ നിന്ന് പിന്തള്ളപ്പെടും. മാറ്റത്തിന്റെ ഗതിവേഗം അത്രയ്ക്ക് ശക്തമാണ്.

റീറ്റെയ്ല്‍ രംഗത്ത് കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഉണ്ടായതിനേക്കാള്‍ വലിയ മാറ്റങ്ങളാണ് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാനിരിക്കുന്നതെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. വെല്ലുവിളികള്‍ ഉയര്‍ത്തുന്നതോടൊപ്പം തന്നെ ഒട്ടേറെ അവസരങ്ങളും തുറന്നു തരുന്നതാണ് ഈ മാറ്റങ്ങള്‍.

എന്തൊക്കെയാണ് റീറ്റെയ്ല്‍ രംഗത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന പ്രവണതകള്‍? ലോകമെമ്പാടും നിരവധി കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളും വ്യാപാര സംഘടനകളുമെല്ലാം ഇതേക്കുറിച്ച് പഠനം നടത്തുന്നുണ്ട്. ഇന്ത്യയിലെ, കേരളത്തിലെ റീറ്റെയ്‌ലിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാനമായ 10 പ്രവണതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ജനസംഖ്യാ വളര്‍ച്ച

വര്‍ധിക്കുന്ന ജനസംഖ്യയാണ് റീറ്റെയ്ല്‍ രംഗത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാനമായ ഒരു ഘടകം. 2020 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിനൊപ്പം യു.കെയുടെ ഇപ്പോഴത്തെ ജനസംഖ്യയും കൂടി ചേര്‍ന്നതാകും ഇന്ത്യയുടെ ജനസംഖ്യ. എന്നാല്‍ 65 ശതമാനം ആളുകളും 35 വയസില്‍ താഴെയുള്ളവരാകും എന്നതാണ് പ്രത്യേകത. ഇതിനാല്‍ ഇക്കൂട്ടരെ ലക്ഷ്യമിട്ടുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവര്‍ക്ക് ഇഷ്ടമാകുന്ന വിധത്തില്‍ ലഭ്യമാക്കാനാകും റീറ്റെയ്‌ലര്‍മാര്‍ മല്‍സരിക്കുക.

ഇതുവരെ ഇടപഴകിയിരുന്ന ഉപഭോക്താക്കളേക്കാള്‍ തികച്ചും വ്യത്യസ്തരാകും ജനറേഷന്‍ എക്‌സ്, വൈ, ഇസഡ് എന്നിങ്ങനെ പേരിട്ടു വിളിക്കുന്ന ഇക്കൂട്ടര്‍. തികച്ചും വ്യക്തി കേന്ദ്രീകൃത (പേഴ്‌സണലൈസ്ഡ്) ഉല്‍പ്പന്നങ്ങളും സേവനങ്ങളും അനുഭവങ്ങളുമാണ് ഇവര്‍ക്ക് വേണ്ടത്. ദൃശ്യഭാഷയാകും മറ്റെന്തിനേക്കാളും ഇവരെ സ്വാധീനിക്കുക. അതായത് ഉല്‍പ്പന്നത്തെക്കുറിച്ച് സെയ്ല്‍സ്മാന്റെ വിശദീകരണമോ ലഘുലേഖകളോ ഒന്നും ഇവരുടെയടുത്ത് വിലപ്പോകില്ല. കാഴ്ചയിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മനസിലാക്കാനാകണം. സുതാര്യം, സുഗമം... വരും തലമുറ ഇതിനെല്ലാം പ്രാധാന്യം നല്‍കുന്നവരാകും.

എന്നാല്‍ കേരളത്തിലെ റീറ്റെയ്‌ലര്‍മാര്‍ മറ്റൊരു വസ്തുതയും പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യയിലെ പൊതുവായ ജസംഖ്യാ പ്രവണതകളല്ല കേരളത്തില്‍. പ്രായമേറുന്ന ജനത കേരളത്തിലെ ജനസംഖ്യയുടെ നിര്‍ണായക ഘടകം തന്നെയാണ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും സജ്ജമാക്കുമ്പോള്‍ ഈ വിഭാഗത്തിനും മുന്തിയ പരിഗണന നല്‍കേണ്ടിവരും.

2. നഗരവല്‍ക്കരണം

കൂടുതല്‍ ആളുകള്‍ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും കൂടിയേറുന്നതോടെ കുടുംബം പുലര്‍ത്താന്‍ സ്ത്രീകളും ജോലിക്ക് പോകുന്നത് സര്‍വസാധാരണമാകും. ഇത്തരം മാറ്റങ്ങള്‍ പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉരുത്തിരിയാന്‍ ഇടയാക്കും. ഇപ്പോള്‍ത്തന്നെ ബേക്കറി വിഭവങ്ങളും അരിഞ്ഞ പച്ചക്കറികളും റെഡി ടു ഈറ്റ് വിഭവങ്ങളുമൊക്കെ വിപണിയിലെത്തിയത് മാറുന്ന ജീവിതശൈലി മുന്നില്‍ കണ്ടാണ്. ഉദ്യോഗം, യാത്ര, വീട്ടുജോലികള്‍ എന്നിവയെല്ലാം ചേര്‍ന്ന് സമയം പങ്കിട്ടെടുക്കുമ്പോള്‍ എല്ലാവരും പൊതുവെ നേരിടുന്ന പ്രശ്‌നം സമയക്കുറവായിരിക്കും. ഇത് തരണം ചെയ്യാന്‍ തങ്ങളെ സഹായിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായിരിക്കും ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിക്കുന്നത്.

3. ആരോഗ്യചിന്തകള്‍

ജനങ്ങള്‍ക്കിടയില്‍ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം കൂടിവരുകയാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ 670 ലക്ഷം പേര്‍ പ്രമേഹബാധിതരും 300 ലക്ഷം പേര്‍ അമിതവണ്ണക്കാരുമാണെന്നാണ് കണക്ക്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുമ്പോള്‍ ഈ കണക്കുകളും റീറ്റെയ്ല്‍ രംഗത്തുളളവര്‍ക്ക് വഴികാട്ടിയാണ്.

ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചും ഭക്ഷണ രീതികളെക്കുറിച്ചുമെല്ലാം ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അവബോധവും റീറ്റെയ്ല്‍ രംഗത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഘടകമാണ്. 'ഓര്‍ഗാനിക്,' 'ഭക്ഷിക്കാന്‍ സുരക്ഷിതം' എന്നീ ലേബലുകളിലെല്ലാം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്താന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായില്ലെങ്കിലും ഇവയ്ക്കുള്ള ഡിമാന്റ് കൂടി വരുകയാണ്.

ആരോഗ്യ ചിന്തകള്‍ ചില വിഭാഗം ഉല്‍പ്പന്നങ്ങള്‍ക്ക് അവസരം തുറന്നുകൊടുക്കുന്നതിനോടൊപ്പം മറ്റു ചിലതിന്റെ ഡിമാന്റ് നേരെ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് സമീപകാലത്ത് കേരളത്തില്‍ വിര്‍ജിന്‍ കോക്കനട്ട് ഓയ്‌ലിന് ഡിമാന്റേറി. എന്നാല്‍ പാന്‍ മസാലയുടെയും മറ്റും വിപണി കുത്തനെ ഇടിയുകയും ചെയ്തു. കേരളത്തിലങ്ങോളമിങ്ങോളം ബേക്കറികള്‍ ധാരാളമുണ്ടെങ്കിലും അവയില്‍ പലതും ആരോഗ്യകരമായ നാടന്‍ വിഭവങ്ങളിലേക്കും തിരിയുന്നത് വിപണിയുടെ വികാരം ഉള്‍ക്കൊണ്ടാണ്.

4. പരിസ്ഥിതി അവബോധം
ആരോഗ്യകരമായ പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകള്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്നതും റീറ്റെയ്ല്‍ രംഗത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന ഘടകമാണ്. പരിസ്ഥിതിക്ക് ഹാനികരമാകുന്ന പ്ലാസ്റ്റിക്കിന്റെയും മറ്റും ഉപയോഗം ഇതിനകം തന്നെ കുറഞ്ഞിട്ടുണ്ട്. ഇത് പുതിയ സാധ്യതകള്‍ തുറന്നുതരുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഇന്ത്യയില്‍ ഈ വര്‍ഷത്തെ ഗണേശ ചതുര്‍ഥിയോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കായി പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത കളിമണ്ണുകൊണ്ടുള്ള ഗണപതി വിഗ്രഹങ്ങള്‍ കൂടുതലായി ഉപയോഗിക്കപ്പെട്ടു, മുന്‍ വര്‍ഷത്തേതിന്റെ ഇരട്ടി!

ഈ വര്‍ഷത്തെ ദീപാവലി വേളയിലെ പടക്കവില്‍പ്പന കുറഞ്ഞത് ശബ്ദ, വായു, മലിനീകരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്നു എന്നതിന്റെ തെളിവായിരുന്നു.

എന്നാല്‍ പ്രത്യക്ഷമല്ലാത്ത വിധത്തില്‍ പോലും പരിസ്ഥിതി ചിന്തകള്‍ കമ്പനികളുടെ ബിസിനസിനെ ഭാവിയില്‍ സ്വാധീനിക്കും. പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ കൂടുതല്‍ ഉപഭോക്താക്കളുണ്ടാകും.

5. ഗവണ്‍മെന്റ് നടപടികള്‍

ഗവണ്‍മെന്റിന്റെ നയങ്ങളും നടപടികളും റീറ്റെയ്ല്‍ മേഖലയുടെ ഗതിയില്‍ നിര്‍ണായകമാണ്. റീറ്റെയ്ല്‍ രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച തീരുമാനങ്ങളും ചരക്ക്, സേവന നികുതി നടപ്പാക്കുന്നതുമെല്ലാം റീറ്റെയ്ല്‍ രംഗത്ത് വന്‍ ചലനങ്ങളാണുണ്ടാക്കുന്നത്. ഇറക്കുമതി, കയറ്റുമതി നിയമങ്ങളിലെ മാറ്റങ്ങള്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. ഈയിടെ കള്ളപ്പണത്തെയും കള്ളനോട്ടിനെയും നേരിടാനായി സ്വീകരിച്ച കറന്‍സി പിന്‍വലിക്കല്‍ നടപടി വ്യാപാര മേഖലയില്‍ ഹ്രസ്വകാലത്തേക്ക് തളര്‍ച്ചയുണ്ടാക്കുമെന്ന് ഉറപ്പാണ്.

6. സാങ്കേതിക മുന്നേറ്റം

അനുദിനം അതിഭീമമായ നിരക്കിലാണ് ലോകത്ത് വിവരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകത്തുള്ള ഡാറ്റയുടെ 90 ശതമാനവും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ടതാണ്. ഇങ്ങനെ കുമിഞ്ഞുകൂടുന്ന ഡാറ്റയില്‍ നിന്ന് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങളും ഷോപ്പിംഗ് ശൈലികളുമെല്ലാം അപഗ്രഥിച്ചെടുക്കുന്ന ബിഗ് ഡാറ്റ അനലിറ്റിക്‌സ് ഇന്ന് വലിയ ഒരു മേഖലയായി ഉയര്‍ന്നു വന്നിരിക്കുകയാണ്. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യാത്ത, എന്നാല്‍ വാങ്ങണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ച സാധനം നിങ്ങള്‍ക്ക് ഡെലിവര്‍ ചെയ്യാന്‍ ഡ്രോണുകള്‍ ഭാവിയില്‍ നിങ്ങളുടെ അടുത്തേക്ക് എത്തിയേക്കാം. ഇതൊരു ഭാവനയാണെങ്കില്‍ പോലും ബിഗ് ഡാറ്റ അനലിറ്റിക്‌സ് ഉപഭോക്താവിന് തികച്ചും വ്യക്തി കേന്ദ്രീകൃതമായ സേവനം യഥാസമയം യഥാസ്ഥലത്ത് നല്‍കാന്‍ തക്കവിധം റീറ്റെയ്‌ലര്‍മാരെ പ്രാപ്തരാക്കും. മാത്രമല്ല, വരാന്‍ പോകുന്ന പ്രവണതകള്‍ പ്രവചിക്കാനും ഡിമാന്റ് മുന്‍കൂട്ടി അറിയാനും ഏറ്റവും ശരിയായ രീതിയില്‍ വില നിശ്ചയിക്കാനുമെല്ലാം ഇത്തരത്തിലുള്ള വിശകലനത്തിലൂടെ സാധിക്കും.

കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) യുടെ ഉപയോഗവും റീറ്റെയ്ല്‍ രംഗത്ത് അല്‍ഭുതങ്ങള്‍ സൃഷ്ടിക്കും. ഓരോ ഉപഭോക്താവിന്റെയും മനസിലേക്ക് കടന്നുചെന്ന് അവരുടെ ആഗ്രഹങ്ങള്‍ക്കൊത്ത ഉല്‍പ്പന്നവും സേവനവും നല്‍കാന്‍ കഴിയുമ്പോള്‍ അതുവരെ ഉപയോഗപ്പെടുത്താത്ത പല സാധ്യതകളും റീറ്റെയ്‌ലേഴ്‌സിന് തുറന്നുകിട്ടും. സാങ്കല്‍പ്പികവും യഥാര്‍ത്ഥവും തമ്മിലുള്ള വേര്‍തിരിവ് പോലും അറിയാത്ത വിധമുള്ള അനുഭവം ഉപഭോക്താവിന് പ്രദാനം ചെയ്യുന്ന ആറാം ഇന്ദ്രിയം (sixth sense) റീറ്റെയ്ല്‍ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും. വികസിതരാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ വ്യാപകമായി ഇത് പല വിധത്തില്‍ ഉപയോഗിച്ചുവരുന്നു.

7. സൈബര്‍ ഭീഷണി

സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തോടൊപ്പം നില്‍ക്കുന്ന നെഗറ്റീവ് ഘടകമാണ് സൈബര്‍ മേഖലയില്‍ ഉള്ള ആക്രമണ സാധ്യത. കംപ്യൂട്ടര്‍ സംവിധാനങ്ങളെയെല്ലാം ഒറ്റയടിക്ക് ചലനരഹിതമാക്കുന്ന വിധമുള്ള സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ജാഗരൂകരാകേണ്ടതുണ്ട്.

അനുദിനം വന്‍തോതില്‍ സൃഷ്ടിക്കപ്പെടുന്ന ഉപദ്രവകാരികളായ മാല്‍വെയറുകള്‍ റീറ്റെയ്ല്‍ രംഗത്ത് വന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതുകൊണ്ടുണ്ടാ
കുന്ന നഷ്ടം വളരെ ഭീമമാണ്. നിലവിലുള്ള 'ആപ്പു'കളില്‍ 92 ശതമാനവും സൈബര്‍ ആക്രമണത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള ശേഷിയില്ലാത്ത
വയാണെന്നതും സ്വകാര്യതയ്ക്കു നേരെ വലിയ വെല്ലുവിളി ഉയര്‍ത്തുന്നു.

8. ഇ കൊമേഴ്‌സ് തരംഗം

ചിന്തിക്കാനാകാത്ത വിധം ഭീമമായ ഡിസ്‌കൗണ്ടുകള്‍ ഓഫര്‍ ചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഓണ്‍ലൈന്‍ റീറ്റെയ്‌ലര്‍മാര്‍ പരമ്പരാഗത വ്യാപാരികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ വിധത്തിലുള്ള ഓണ്‍ലൈന്‍ വ്യാപാരം ദീര്‍ഘനാള്‍ നിലനില്‍ക്കുന്നില്ല എന്നു കരുതുന്നവര്‍ നിരവധിയാണ്. എങ്കിലും ജനം വന്‍തോതില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ആകൃഷ്ടരാകുന്നു എന്നത് നിരാകരിക്കാനാകില്ല.

ഇന്റര്‍നെറ്റ് റീറ്റെയ്ല്‍ തരംഗം അലയടിക്കുമ്പോഴും ഒരു കാര്യം വ്യക്തമാണ്. ലോകത്തെ റീറ്റെയ്ല്‍ മേഖലയെ ഇപ്പോഴും അടക്കിവാഴുന്നത് പരമ്പരാഗത (ബ്രിക് & മോര്‍ട്ടാര്‍) റീറ്റെയ്ല്‍ തന്നെ. ഡിസംബര്‍ 2015ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ എട്ട് റീറ്റെയ്‌ലര്‍മാരും പരമ്പരാഗത ഷോപ്പുകളുടെ ശൃംഖല (ബ്രിക് & മോര്‍ട്ടാര്‍ ചെയ്ന്‍)യാണ്. എന്നാല്‍ ഇവര്‍ക്കെല്ലാം ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് സാന്നിധ്യമുണ്ട്; അത് കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്. ഇവയെല്ലാം ഇന്ത്യന്‍ വിപണിയില്‍ വരാനിരിക്കുന്ന പ്രവണതകളിലേക്ക് വെളിച്ചം വീശുന്നു.

9. ഓമ്‌നി ചാനല്‍

ഓണ്‍ലൈന്‍ വ്യാപാരം പൊടിപൊടിക്കുമ്പോള്‍ ചെറുത്തുനില്‍ക്കാനായി പരമ്പരാഗത റീറ്റെയ്‌ലര്‍മാര്‍ സ്വീകരിക്കുന്ന 'ഓമ്‌നി ചാനല്‍' തന്ത്രവും വിപണിയുടെ ഭാവിയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകമാണ്. പരമ്പരാഗത ശൈലിക്കൊപ്പം തന്നെ ഓണ്‍ലൈന്‍ ഉള്‍പ്പടെ വിവിധ വില്‍പ്പന മാര്‍ഗങ്ങള്‍ എല്ലാം ഉപയോഗിക്കുക എന്നതാണ് ഓമ്‌നി ചാനല്‍ റീറ്റെയ്‌ലിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അമേരിക്കയിലെ ഏറ്റവും വലിയ 20 റീറ്റെയ്‌ലേഴ്‌സില്‍ ആമസോണ്‍ മാത്രമാണ് ഓണ്‍ലൈന്‍ സംരംഭമായി തുടങ്ങിയത്. ബാക്കിയെല്ലാം സ്‌റ്റോറുകളാരംഭിച്ച് പിന്നീട് ഡിജിറ്റല്‍ വില്‍പ്പന രീതികള്‍ സമന്വയിപ്പിച്ച ഓമ്‌നി ചാനല്‍ റീറ്റെയ്‌ലര്‍മാരാണ്.

ഇന്ത്യയിലെ റീറ്റെയ്ല്‍ ശൃംഖലകള്‍ ഓമ്‌നി ചാനല്‍ റീറ്റെയ്ല്‍ രംഗത്ത് മുന്നേറാനായി വന്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇന്നത്തെ ഉപഭോക്താവ് ഏതെങ്കിലും ഒരു ചാനലിനോട്, ഓണ്‍ലൈനോ ഓഫ്‌ലൈനോ, മാത്രം പ്രതിബദ്ധതയുള്ളവരല്ല. ഇത് രണ്ടും തമ്മില്‍ അതിര്‍ വരമ്പുകളില്ലാത്ത വിധമുള്ള അനുഭവമാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

10. മൊബീല്‍ റീറ്റെയ്ല്‍

ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു മൊബീല്‍ ഫോണ്‍ കൈയിലുണ്ടെങ്കില്‍ ആര്‍ക്കും ലോകത്തിന്റെ ഏതു കോണിലിരുന്നും എപ്പോള്‍ വേണമെങ്കിലും ഷോപ്പിംഗ് നടത്താം. കടയിലേക്ക് പോകേണ്ട, കട നിങ്ങളുടെ അടുത്തേക്ക് വരും എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയത് റീറ്റെയ്ല്‍ വിപണിയില്‍ വന്‍ സ്വാധീനമുണ്ടാക്കുന്ന വസ്തുതയാണ്.

പുതുതലമുറ യുവ ഉപഭോക്താക്കള്‍ ഏത് സമയവും 'കണക്റ്റഡ്' ആണ്. അവര്‍ ഓണ്‍ലൈനില്‍ പോകുന്നു എന്നു പറയുന്നതിനേക്കാള്‍ ഓണ്‍ലൈനില്‍ ജീവിക്കുന്നു എന്നു പറയുന്നതാകും ശരി. ഷോപ്പിംഗിനും പേയ്‌മെന്റ് നടത്താനും എന്നു വേണ്ട എല്ലാത്തിനും മൊബീല്‍ ഉപയോഗിക്കുന്ന സംസ്‌കാരം സാര്‍വത്രികമാകുന്നതോടെ റീറ്റെയ്ല്‍ രംഗവും മൊബീല്‍ കസ്റ്റമറെ മുന്നില്‍ കണ്ട് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരും.

ഇങ്ങനെ ട്രെന്‍ഡുകള്‍ പലതും ഉരുത്തിരിയുമ്പോഴും ഒരിക്കലും മാറ്റമില്ലാതെ നില്‍ക്കുന്ന ഒരു വസ്തുതയുണ്ട് - ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, ഓമ്‌നി ചാനല്‍ എന്നിങ്ങനെ ഏത് ശൈലി അവലംബിച്ചാലും റീറ്റെയ്‌ലിലെ കേന്ദ്ര ബിന്ദു ഉപഭോക്താവു തന്നെ. അവരെ ആനന്ദിപ്പിക്കുകയും അവര്‍ക്ക് ആവേശം പകരുകയും ഏറ്റവും ഹൃദ്യമായ അനുഭവം പകരുകയും ചെയ്യുന്നതിലൂടെ മാത്രമേ ഏത് റീറ്റെയ്ല്‍ ബിസിനസും ആത്യന്തികമായി വിജയിക്കൂ.

റീറ്റെയ്ല്‍ 2020ല്‍

* 2020ല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ ചെലവിടുന്ന തുക 3.6 ട്രില്യന്‍ ഡോളര്‍ (ഏകദേശം 240 ട്രില്യന്‍ രൂപ) ആയി ഉയരും

* ഇതോടെ ആഗോള ഉപഭോഗത്തില്‍ ഇന്ത്യയുടെ പങ്ക് 5.8 ശതമാനം ആയി ഉയരും - ഇപ്പോഴത്തേതിന്റെ ഇരട്ടിയിലധികം

* 2020ല്‍ ഇന്ത്യന്‍ റീറ്റെയ്ല്‍ വിപണി 1.2 ട്രില്യന്‍ ഡോളറായി ഉയരും (2015ലെ 630 ബില്യന്‍ ഡോളറില്‍ നിന്നും പ്രതിവര്‍ഷം 12 ശതമാനം വളര്‍ച്ചയോടെ)

* 2020ല്‍ ഇന്ത്യന്‍ കുടുംബത്തിന്റെ ശരാശരി വരുമാനം 18,500 ഡോളറായി ഉയരും. 2010-ലെ 6,400 ഡോളറിന്റെ മൂന്നിരട്ടി!

* 2020ല്‍ ഗ്രോസ് മര്‍ച്ചന്‍ഡൈസ് വാല്യു (GMV) വിന്റെ അടിസ്ഥാനത്തില്‍ ഇ-കൊമേഴ്‌സ് വിപണി 125 ബില്യന്‍ ഡോളറിലെത്തും (31 ശതമാനം വളര്‍ച്ചാനിരക്കോടെ)

* 2020ല്‍ പാക്കേജ്ഡ് കണ്‍സ്യൂമര്‍ ഗുഡ്‌സ് മേഖല 100 ബില്യന്‍ ഡോളര്‍ കവിയും (18 ശതമാനം വളര്‍ച്ചാനിരക്കോടെ)

* 2020ല്‍ 650 മില്യന്‍ ജനങ്ങള്‍ ഓണ്‍ലൈനാകും. ഇതില്‍ 250 മില്യന്‍ ആളുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ 50 ബില്യന്‍ ഡോളര്‍ ചെലവഴിക്കും.

(Points Reference: FICCI, PWC - 2016 Report) 2016 Article from Dhanam .

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it