ബിഗ് ബസാര്‍ റിലയന്‍സ് റീറ്റെയ്‌ലില്‍ ലയിക്കുമോ?

ബിഗ് ബസാര്‍ റീറ്റെയ്ല്‍ ശൃംഖലകളുടെ മാതൃകമ്പനി ഫ്യൂച്ചര്‍ റീറ്റെയ്ല്‍, മുകേഷ് അംബാനിയുടെ സാരഥ്യത്തിലുള്ള റിലയന്‍സ് റീറ്റെയ്‌ലില്‍ ലയിക്കുമോ? ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഇതിലേക്കുള്ള സൂചനകള്‍ നല്‍കുന്നുണ്ട്.

കിഷോര്‍ ബിയാനി നേതൃത്വം നല്‍കുന്ന ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ലിമിറ്റഡിലെ ഫഌഗ്ഷിപ്പ് സ്‌റ്റോറുകളാണ് ബിഗ് ബസാര്‍, ഫാഷന്‍ ബസാര്‍ തുടങ്ങിയവ. ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖലയുടെ മുഖമായ കിഷോര്‍ ബിയാനി വിപ്ലവകരമായ ആശയങ്ങള്‍ കൊണ്ട് രാജ്യത്തെ സംഘടിത റീറ്റെയ്ല്‍ രംഗത്തെ മാറ്റി മറിച്ച വ്യക്തികൂടിയാണ്.

എന്നാല്‍ ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ലിമിറ്റഡിന്റെ കടം കുത്തനെ കൂടിയതും ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓഹരി വില കുത്തനെ ഇടിഞ്ഞതും കമ്പനിയെ പ്രതിസന്ധിയിലാക്കി. ഫ്യൂച്ചര്‍ ഓഹരികള്‍ ഈട് വെച്ച് വാങ്ങിയ വായ്പകളും കിഷോര്‍ ബിയാനിക്ക് കുരുക്കായി. ഈടിന്റെ മൂല്യം ഇടിഞ്ഞതോടെ ധനകാര്യ സ്ഥാപനങ്ങള്‍ ടോപ് അപ്പ് ഓഹരികള്‍ ആവശ്യപ്പെട്ടത് പ്രതിസന്ധി രൂക്ഷമാക്കി. ടോപ്പ് അപ്പ് ഓഹരികള്‍ നല്‍കിയാല്‍ കമ്പനിയില്‍ കിഷോര്‍ ബിയാനിയുടെ ഓഹരി പങ്കാളിത്തം കുറയുകയും കമ്പനിയുടെ കടിഞ്ഞാല്‍ കൈയില്‍ നിന്ന് പോകുകയും ചെയ്യും.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഫ്യൂച്ചര്‍ റീറ്റെയ്‌ലിന് വായ്പ നല്‍കിയ പ്രമുഖ ബാങ്കുകള്‍ക്കുള്ള തിരിച്ചടവും മുടങ്ങി. ഇതേ തുടര്‍ന്നാണ് പ്രമുഖ വായ്പാദാതാവ് ഫ്യൂച്ചര്‍ റീറ്റെയ്‌ലിനെ റിലയന്‍സ് റീറ്റെയ്‌ലില്‍ ലയിപ്പിക്കാനുള്ള വഴി തേടുന്നത്.

ഓഹരി വിലകള്‍ കുത്തനെ ഇടിഞ്ഞതിനാല്‍ ഫ്യൂച്ചര്‍ റീറ്റെയ്‌ലിന് വലിയ മൂല്യമൊന്നും ലഭിക്കില്ലെങ്കിലും രാജ്യത്തെ പ്രമുഖ റീറ്റെയ്ല്‍ ശൃംഖലയില്‍ ലയിച്ചാല്‍ നല്‍കിയ വായ്പ നിഷ്‌ക്രിയ ആസ്തിയാവാതെ പിടിച്ചുനില്‍ക്കാനാവുമെന്നാണ് ബാങ്ക് കരുതുന്നത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇത്തരമൊരു നീക്കത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്.

എന്നാല്‍ ഇതേ കുറിച്ച് ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച ഫ്യൂച്ചര്‍ റീറ്റെയ്‌ലിന്റെ ഓഹരി വില അഞ്ചുശതമാനം ഇടിഞ്ഞ് 77 രൂപയിലെത്തി. ആ നിരക്കില്‍ കമ്പനിയുടെ വിപണി മൂല്യം 4000 കോടി രൂപയാണ്. ഫെബ്രുവരിയില്‍ ഫ്യൂച്ചര്‍ റീറ്റെയ്‌ലിന്റെ ഓഹരി വില 377 രൂപയായിരുന്നു! 2019 സെപ്തംബറിലെ കണക്കുകള്‍ പ്രകാരം ഫ്യൂച്ചര്‍ റീറ്റെയ്‌ലിന്റെ കടം 3,841 കോടി രൂപയാണ്. ഓഹരി മൂല്യം ഇനിയും ഇടിഞ്ഞാല്‍ കമ്പനിയുടെ വിപണി മൂല്യത്തേക്കാള്‍ കൂടുതല്‍ കടമാകും.

അതിനിടെ ബാങ്കുകള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് അനുവദിച്ച വായ്പകള്‍ നല്‍കുന്നതും കുറച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it