ഊബര്‍ ഇന്ത്യ കൈമാറ്റം: സൊമാറ്റോ നല്‍കിയത് 206 ദശലക്ഷം ഡോളര്‍

രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലയിലെ പ്രമുഖരായിരുന്ന ഊബര്‍ ഇന്ത്യ പ്രാദേശിക എതിരാളിയായ സൊമാറ്റോയ്ക്ക് ബിസിനസ് അവകാശം കൈമാറിയത് 206 ദശലക്ഷം ഡോളറിന്. 180 ദശലക്ഷം ഡോളര്‍ വില 9.99 ശതമാനം ഓഹരികള്‍ മാത്രമാണ് ഇനി ഊബറിന് ഉണ്ടാകുക എന്ന് യുഎസ് റെഗുലേറ്ററി കേന്ദ്രത്തിലെ കമ്പനിയുടെ ഫയലിംഗില്‍ പറയുന്നു.

ജനുവരി 22 നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ലഭിച്ച മൂല്യമായ 206 ദശലക്ഷം ഡോളറില്‍ 171 ദശലക്ഷം ഡോളര്‍ മൂല്യമുള്ള നിക്ഷേപവും സൊമാറ്റോയില്‍ നിന്ന് ലഭിക്കുന്ന ചരക്ക് സേവന നികുതി 35 ദശലക്ഷം ഡോളര്‍ തിരിച്ചടവും ഉള്‍പ്പെടുന്നു എന്ന് ഫയലിംഗില്‍ പറയുന്നു. ജനുവരിയില്‍ 3000 ദശലക്ഷം ഡോളറായിരുന്നു സോമാറ്റോയുടെ ആസ്തി. എന്നാല്‍ ഊബര്‍ ഈറ്റ്സ് ഇന്ത്യ വാങ്ങിയതിനാല്‍ അതില്‍ ഇടിവ് വന്നിട്ടുണ്ടെന്ന് പറയുന്നു.ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ അലിബാബയുടെ നിലവിലുള്ള നിക്ഷേപകനായ ആന്റ് ഫിനാന്‍ഷ്യല്‍ ജനുവരി 10 ന് സൊമാറ്റോയില്‍ 150 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.

സൊമാറ്റോ ഉള്‍പ്പെടെയുള്ള കമ്പനികളിലെ തങ്ങളുടെ ഉടമസ്ഥാവകാശം നിയന്ത്രണത്തിനപ്പുറമായി അപകടസാധ്യതകളോടെയാണെന്ന് ഊബര്‍ വാര്‍ഷിക വെളിപ്പെടുത്തലുകളില്‍ പറഞ്ഞു. 2023 ജനുവരി വരെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സോമാറ്റോയുമായി മത്സരിക്കുന്നതില്‍ നിന്ന് ഊബര്‍ കരാര്‍ പ്രകാരം വിട്ടുനില്‍ക്കുകയാണ്. സൊമാറ്റോയുമായുള്ള കരാറിന് ശേഷം, ഊബറിന്റെ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോം പ്രാദേശികമായി ഒരു പ്രത്യേക ബ്രാന്‍ഡായി നിലകൊള്ളുന്നു. അതിനാല്‍ ഉപയോക്താക്കളെ സോമാറ്റോയുടെ അപ്ലിക്കേഷനിലേക്ക് റീഡയറക്ടുചെയ്യുന്നു.

സൊമാറ്റോയുടെ എതിരാളിയായ സ്വിഗ്ഗിയുടെ മൂല്യനിര്‍ണ്ണയം കഴിഞ്ഞ 12 മാസമായി വലിയ തോതില്‍ ഉയരുന്നുണ്ട്. ഈ മാസം ആദ്യം, സ്വിഗ്ഗി 113 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു. നിലവില്‍ 360 ദശലക്ഷം ഡോളര്‍ നിക്ഷേപമുള്ള ദക്ഷിണാഫ്രിക്കന്‍ ഇന്റര്‍നെറ്റ് ഭീമനായ നാസ്പേഴ്സിന്റെ നേതൃത്വത്തിലായിരുന്നു ഇത്. കഴിഞ്ഞ ആറുമാസമായി, സ്വിഗ്ഗിയും സൊമാറ്റോയും ചെലവ് ചുരുക്കി ലാഭം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസില്‍ പ്രവേശിക്കാന്‍ ആമസോണ്‍ പദ്ധതിയിടുന്നത് ഇരു സ്റ്റാര്‍ട്ടപ്പുകള്‍ക്കും വെല്ലുവിളിയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it