ഇന്ത്യയുടെ അരി കയറ്റുമതിയില്‍ ഇടിവ്

ഇറാനെതിരെ യുഎസ് ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് പ്രീമിയം ബസ്മതി അരിയടക്കമുള്ളവ കയറ്റിയയക്കാന്‍ വ്യാപാരികള്‍ മടികാണിച്ചതാണ് ഇതിന് പ്രധാന കാരണം. 2019 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 55 ലക്ഷം ടണ്‍ അരിയാണ് ഇന്ത്യ കയറ്റി അയച്ചത്. ഇതേ കാലയളവില്‍ മുന്‍ വര്‍ഷം 75 ലക്ഷം ടണ്‍ കയറ്റി അയച്ച സ്ഥാനത്താണിത്.

കയറ്റുമതിയുടെ മൂല്യം 470 കോടി ഡോളറില്‍ നിന്ന് 380 കോടി ഡോളറായി കുറയുകയും ചെയ്തു. 19 ശതമാനം ഇടിവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഫാം കമ്മോഡിറ്റിയിനത്തില്‍ രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിത്തന്നത് ധാന്യങ്ങളായിരുന്നു. 775 കോടി ഡോളറിന്റെ കയറ്റുമതിയാണ് ആ വര്‍ഷം ഉണ്ടായിരുന്നത്.

ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഇറാനിലേക്ക് കയറ്റുമതി ചെയ്തത് ആറു ലക്ഷം ടണ്‍ ബസ്മതി അരിയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഒന്‍പത് ലക്ഷം ടണ്‍ കയറ്റി അയച്ചിരുന്നു. പേമെന്റ് വൈകുന്നു എന്ന കാരണമാണ് ഇന്ത്യന്‍ വ്യാപാരികളെ ഇറാനിലേക്ക് അരി കയറ്റുമതി ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

ഇതുവരെ കയറ്റി അയച്ച അരിയുടെ തുക വസൂലാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഓള്‍ ഇന്ത്യാ റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലേക്കുള്ള ബസ്മതി അരിയുടെ കാര്യത്തില്‍ മാത്രമല്ല യൂറോപ്പിലേക്കുള്ള അരിയുടെ കയറ്റുമതിയിലും കുറവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്ന അരിയില്‍ ഉയര്‍ന്ന അളവില്‍ കീടനാശിനിയുടെ അംശം ഉണ്ടെന്നതിന്റെ പേരിലാണത്. അതേസമയം അരി കയറ്റുമതിയില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരായ തായ്‌ലാന്‍ഡിന്റെ അരിയുടെ വില കൂടുതലാണെന്നത് പലരെയും ഇന്ത്യന്‍ അരിയിലേക്ക് അടുപ്പിക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it