വിപണി മൂല്യം 10 ലക്ഷം കോടി : പുതുചരിത്രമെഴുതി റിലയന്‍സ്

ഇന്ത്യയുടെ വ്യവസായ ചരിത്രത്തില്‍ പുതിയൊരദ്ധ്യായം കൂടിയെഴുതി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. മുംബൈ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയുടെ ഓഹരി വില 1581.25 രൂപ ആയി ഉയര്‍ന്നതോടെ പത്ത് ലക്ഷം കോടി രൂപ വിപണി മൂലധനം കൈവരിച്ചാണ് റിലയന്‍സിന്റെ പുതിയ കുതിപ്പ്.

പുതിയ വാണിജ്യ സംരംഭത്തിന്റെയും സ്ഥിരമായ ബ്രോഡ്ബാന്‍ഡ് ബിസിനസിന്റെയും പിന്‍ബലത്തില്‍ 200 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനം നേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ആര്‍ഐഎല്ലിന് മാറാനാകുമെന്ന് കഴിഞ്ഞ മാസം ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് നിരീക്ഷിച്ചിരുന്നു.

കഴിഞ്ഞ എട്ട് ദിവസങ്ങളായി റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരിവിലയില്‍ എട്ട് ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. റിലയന്‍സ് ജിയോ തങ്ങളുടെ നിരക്കുകള്‍ ഡിസംബര്‍ ഒന്നോടെ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരി വില ഉയര്‍ന്നത്. ഒക്ടോബര്‍ 18 ന് കമ്പനി യുടെ വിപണി മൂലധനം ഒന്‍പത് ലക്ഷം കോടിയിലെത്തിയിരുന്നു. രാജ്യത്ത് ഇത്രയും വിപണി മൂലധനം നേടുന്ന ആദ്യത്തെ കമ്പനിയെന്ന റെക്കോര്‍ഡാണ് അന്ന് റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് കുറിച്ചത്.ജനുവരി മുതല്‍ ഇതു വരെ കമ്പനിയുടെ ഓഹരി വിലയില്‍ 40 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

ആര്‍ഐഎല്‍ ഓഹരികളില്‍ ഇനിയും വിലവര്‍ദ്ധന പ്രീതീക്ഷിക്കാമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ഡയറക്ടര്‍ സഞ്ജീവ് ഭാസിന്‍ പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസുകളായ ജിയോ, റീട്ടെയില്‍, മറ്റ് സാങ്കേതിക ബിസിനസുകള്‍ എന്നിവ ശക്തമായ വളര്‍ച്ച നേടും. ഏകദേശം 35 കോടി ഉപയോക്താക്കളുള്ള റിലയന്‍സ് ജിയോ സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ 990 കോടി രൂപ ലാഭം നേടി.

തന്ത്രപരമായ നിക്ഷേപക പ്രവേശനത്തിന് വഴിയൊരുക്കുന്ന ടെലികോം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സേവന ബിസിനസിനായി ഒരു ഹോള്‍ഡിംഗ് കമ്പനി ആരംഭിക്കുമെന്ന് ആര്‍ഐഎല്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഓപ്ഷണല്‍-കണ്‍വേര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയറുകളുടെ രൂപത്തില്‍ പുതിയ കമ്പനിയില്‍ ആര്‍ഐഎല്‍ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കും.

എണ്ണ,രാസ വ്യവസായ ബിസിനസ്സിലെ ഓഹരി സൗദി അരാംകോയ്ക്ക് വില്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലൂടെ ആര്‍ഐഎല്ലിന്റെ അറ്റ ബാധ്യത 18 മാസത്തിനുള്ളില്‍ കുറയ്ക്കാനുള്ള പദ്ധതി ഈ വര്‍ഷം ആദ്യം മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഇന്ധന റീട്ടെയില്‍ ബിസിനസില്‍ യൂറോപ്യന്‍ എണ്ണ കമ്പനിക്ക് 49 ശതമാനം ഓഹരി നല്‍കുന്ന കരാറാണ് മറ്റൊന്ന്.സാമ്പത്തിക വര്‍ഷം 21 ല്‍ അരാംകോയില്‍ നിന്നും ബിപിയില്‍ നിന്നും 1.1 ലക്ഷം കോടി രൂപ ലഭിക്കുമെന്നതിനാല്‍, ആര്‍ഐഎല്‍ ബാധ്യതാരഹിത ലക്ഷ്യം കൈവരിക്കുമെന്ന് എഡല്‍വെയ്‌സ് സെക്യൂരിറ്റീസ് പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയമാണ് ഗുജറാത്തിലെ ജാംനഗറില്‍ ആര്‍ഐഎല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഗുണനിലവാരം കുറഞ്ഞ ക്രൂഡ് സംസ്‌ക്കരിച്ച് ഉയര്‍ന്ന ഗ്രേഡ് ഇന്ധനങ്ങളാക്കുന്നു ഇവിടെ.അസംസ്‌കൃത എണ്ണ വിലയിലെ ചാഞ്ചാട്ടങ്ങളെ ഭാഗികമായി പ്രതിരോധിക്കാന്‍ കമ്പനിയെ സഹായിക്കുന്ന സംരംഭമാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it