1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപം; റിലയന്‍സിന്റെ പുതിയ യൂണിറ്റ്
ഡിജിറ്റല്‍ ബിസിനസിനായി സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡയറി രൂപീകരിക്കുന്നതിനും അതില്‍ 1.08 ലക്ഷം കോടി രൂപ നിക്ഷേപിക്കുന്നതിനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ജിയോ ഉള്‍പ്പെടെയുള്ള എല്ലാ ഡിജിറ്റല്‍ ബിസിനസുകളും റിലയന്‍സിന്റെ പുതിയ സബ്സിഡയറിക്ക് കീഴിലാവും. 1.08 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഒസിപിഎസ് (ഓപ്ഷണലി കണ്‍വേര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയേഴ്‌സ്) രൂപത്തിലായിരിക്കും. ഇത് ജിയോയുടെ കടബാധ്യത കുറയ്ക്കുന്നതിനായി ഉപയോഗിക്കും. ഇതിലൂടെ സ്‌പെക്ട്രവുമായി ബന്ധപ്പെട്ട ബാധ്യതകള്‍ ഒഴികെ 2020 മാര്‍ച്ച് 31 നകം റിലയന്‍സ് ജിയോയുടെ മൊത്തം കടബാധ്യതയില്ലാതാകുമെന്നാണ് കമ്പനി പറയുന്നത്.
ഇതുവരെ ജിയോയില്‍ നിക്ഷേപിച്ചിട്ടുള്ള 65,000 കോടി രൂപയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി നിക്ഷേപം ഈ യൂണിറ്റിന് സ്വന്തമാകും. ഇതോടെ ഡിജിറ്റല്‍ ബിസിനസില്‍ റിലയന്‍സിന്റെ മൊത്തം നിക്ഷേപം 1.73 ലക്ഷം കോടി രൂപയായി ഉയര്‍ത്തും. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി, വാണിജ്യം, സര്‍ക്കാര്‍-പൗര സേവനങ്ങള്‍, ഗെയിമിംഗ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു തുടരുമെന്നും കമ്പനി വ്യക്തമാക്കി.
ബ്ലോക് ചെയ്ന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, വെര്‍ച്വല്‍, ഓഗ്മെന്റഡ് / മിക്‌സഡ് റിയാലിറ്റി, കമ്പ്യൂട്ടര്‍ വിഷന്‍, എഡ്ജ് കമ്പ്യൂട്ടിംഗ്, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ്, ശബ്ദാധിഷ്ഠിത സേവനങ്ങള്‍ എന്നിവയിലെ നിക്ഷേപവും ഈ പ്ലാറ്റ്‌ഫോമുകളെ പിന്തുണക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.