വിയറ്റ്നാം സ്വദേശിയായ ഈ ശ്രീലങ്കൻ കുരുമുളകിനെ സൂക്ഷിക്കണം
ഇന്ത്യയിലെ ആഭ്യന്തര കുരുമുളക് വ്യവസായത്തിന് പ്രതിസന്ധി സൃഷ്ടിച്ച് ശ്രീലങ്കയുടെ നീക്കം. വിയറ്റ്നാമിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കുരുമുളക് ഇന്ത്യയിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടാനുള്ള സാധ്യതയൊരുക്കി നയത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് ശ്രീലങ്ക.
ശ്രീലങ്കയിൽ നിന്ന് വാങ്ങുന്ന കുരുമുളകിന് സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് എഗ്രിമെന്റ് (SAFTA) പ്രകാരം 8 ശതമാനമാണ് ഇറക്കുമതി തീരുവ. 2500 ടണ്ണിൽ കുറവാണെങ്കിൽ തീരുവയില്ല താനും.
ശ്രീലങ്ക കയറ്റുമതി നയം ഉദാരമാക്കിയതോടെ വിയറ്റ്നാമിൽ നിന്നു കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന കുരുമുളകിന് ശ്രീലങ്കയിൽ ഉൽപാദിപ്പിച്ച കുരുമുളകിനുള്ള സർട്ടിഫിക്കറ്റ് (certificate of origin) നൽകും. ശ്രീലങ്കയുടേതെന്ന ലേബലിൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തും.
വിയറ്റ്നാമിൽ കുരുമുളകിന് ടണ്ണിന് 2800 ഡോളറാണു വില. കിലോഗ്രാമിന് 200 രൂപയും. കേരളത്തിൽ കുരുമുളകിനു 380-400 രൂപയാണ് നിലവിലെ വില. അതായത് ടണ്ണിന് 5700 ഡോളർ.
വിയറ്റ്നാം കുരുമുളക് ഇന്ത്യയിലെത്തിയാൽ 300 രൂപയിൽ താഴെയായിരിക്കും വിപണിവില.
രാജ്യത്തെ കുരുമുളക് കർഷകരുടെ താല്പര്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് വില കിലോഗ്രാമിനു മിനിമം 500 രൂപ ആയി കഴിഞ്ഞ വർഷം നിശ്ചയിച്ചിരുന്നു. അതുപാലിക്കാനായി വിയറ്റ്നാം കുരുമുളകിനു വില ടണ്ണിന് 7200 ഡോളർ എന്ന് (കിലോഗ്രമിന് 500 രൂപ) ഇൻവോയ്സിൽ രേഖപ്പെടുത്തും.
ശ്രീലങ്കൻ കുരുമുളകിനുള്ള തീരുവ ആസിയാൻ രാജ്യങ്ങൾക്കുള്ളതു പോലെ 52 ശതമാനമാക്കി ഉയർത്തണം എന്നാണ് കർഷകരുടെയും വ്യാപാരികളുടെയും ആവശ്യം.
അല്ലാത്തപക്ഷം പ്രളയത്തിൽ കൃഷിയും സ്റ്റോക്കും നശിച്ച കേരളത്തിലെ കർഷകർക്കും വ്യാപാരികൾക്കും ഇത് രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കും.