ബാത്‌റൂം ഇനി വെറും ബാത്‌റൂമല്ല!

കാര്‍ലോസ് വെലാസ്‌ക്വസിന് യാത്രകള്‍ വലിയ ഹരമാണ്. റോക്ക ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ എന്ന നിലയിലുള്ള ഔദ്യോഗിക യാത്രകള്‍ക്കപ്പുറം ഓരോ ദേശത്തിന്റെയും ആത്മാവ് തേടിയുള്ള യാത്രകള്‍! ഇന്ത്യയിലെ യാത്രകളും റോയല്‍ എന്‍ഫീല്‍ഡുമൊക്കെ കാര്‍ലോസിന്റെ ഇഷ്ടങ്ങളുടെ പട്ടികയില്‍ മുകളില്‍തന്നെയുണ്ട്. മാര്‍ക്കറ്റിംഗില്‍ പല ഉള്‍ക്കാഴ്ചകളും നല്‍കാന്‍ യാത്രകള്‍ ഏറെ സഹായിക്കുമെന്ന് കാര്‍ലോസ് പറയുന്നു.

ഉപഭോക്താവിന് വേണ്ട കാര്യങ്ങള്‍ അവരേക്കാള്‍ മുമ്പേ മനസിലാക്കി ഏറ്റവും ആകര്‍ഷകവും കാര്യക്ഷമവും സൗകര്യപ്രദവുമായി അവര്‍ക്ക് നല്‍കുന്നതിലാണ് റോക്കയുടെ വിജയമെന്ന് കാര്‍ലോസ് പറയുന്നു. ശക്തമായ മാര്‍ക്കറ്റ് ഇന്റലിജന്‍സ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗങ്ങളുടെ പിന്തുണയാണ് ഇതിന് പിന്നില്‍.

ബാത്‌റൂമുകള്‍ ഇപ്പോള്‍ പരിവര്‍ത്തനത്തിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് കാര്‍ലോസ് ചൂണ്ടിക്കാട്ടുന്നു.

ബാത്‌റൂം 1.0 : ഉപയോഗം നടക്കുക എന്നതിന് മാത്രമായിരുന്നു പ്രാധാന്യം.

ബാത്‌റൂം 2.0 : ഉപയോഗം നടന്നാല്‍ പോര, ഭംഗിയും വേണമെന്നായി. ഡിസൈനിന് പ്രാധാന്യം കൈവന്നു.

ബാത്‌റൂം 3.0 : ഡിസൈനും ഭംഗിയും പോര, എത്ര മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതും പ്രധാനമായി. സൗകര്യത്തിനും കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ട് നൈറ്റ് ലൈറ്റ്, ഡ്രൈയേഴ്‌സ്, ഓട്ടോ ഫ്‌ളഷിംഗ് സെന്‍സേഴ്‌സ് എന്നിവയെല്ലാം ബാത്‌റൂമിന്റെ ഭാഗമായി.

ബാത്‌റൂം 4.0 : പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ബാത് റൂം വെറുമൊരു ബാത്‌റൂമിനപ്പുറം മറ്റ് പലതുമായി മാറി. ഫോണുകള്‍ കാമറയും മ്യൂസിക് പ്ലെയറും കംപ്യൂട്ടറുമൊക്കെ ആയി മാറിയതുപോലെ.

ബാത്‌റൂം 5.0 :
ആര്‍ക്കിടെക്ചറില്‍ തന്നെ പ്രോഡക്റ്റ് ഇന്റഗ്രേഷന്‍ നടത്തുന്ന ഈ ഘട്ടത്തില്‍ എല്ലാം ഭിത്തികള്‍ക്കുള്ളില്‍ തന്നെ ഒളിപ്പിക്കുകയാണ് - ട്യൂബ്, പൈപ്പ്, ടാങ്ക്, സിസ്റ്റേണ്‍, കേബിള്‍, സെന്‍സേഴ്‌സ് എന്നിങ്ങനെ എല്ലാം ഭിത്തിക്കുള്ളിലാകും.

റോക്ക പ്രൊട്ടക്റ്റ് (Roca Protect)

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിന്റെയും സഹായത്തോടെ പുത്തന്‍ സേവനങ്ങളുടെ ഒരു പാക്കേജ് തന്നെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് റോക്ക.

ഉദാഹരണത്തിന് ബാത്‌റൂമില്‍ പൈപ്പ് തുറന്നു കിടക്കുന്നുണ്ടെന്ന് അറിഞ്ഞ് അത് ഓഫാക്കാന്‍ സ്മാര്‍ട്ട് ഫോണിലൂടെ സാധിക്കും. ടോയ്‌ലെറ്റിലെ യൂറിന്‍ സെന്‍സറുകള്‍ യൂറിന്‍ വിശകലനം ചെയ്ത് നിങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും. ബാത്‌റൂമിലെ കണ്ണാടിയില്‍ നോക്കുമ്പോള്‍ തന്നെ പുറത്തെ താപനിലയ്ക്കനുസരിച്ച് എപ്രകാരമുള്ള ക്രീം മുഖത്ത് ഉപയോഗിക്കണമെന്ന നിര്‍ദേശവും ലഭിക്കും!

ഹോട്ടല്‍ ബില്‍ ലാഭിക്കാം!

ബാത്‌റൂമിലെ വെള്ളത്തിന്റെ ഉപയോഗം അളക്കുന്ന സെന്‍സറുകള്‍ ഭാവിയില്‍ ഹോട്ടല്‍ നടത്തിപ്പിന്റെ ഭാഗമായി മാറും. വെള്ളം കുറച്ചുപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഇന്‍സെന്റീവുകളും മറ്റും നല്‍കുന്ന കാലം അതിവിദൂരമല്ലെന്നും കാര്‍ലോസ് പറയുന്നു.

സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍

സാങ്കേതികവിദ്യയുടെ സഹായത്തോടെ, മാളുകളിലും വലിയ കെട്ടിടങ്ങളിലുമുള്ള നൂറു കണക്കിന് ബാത്‌റൂമുകള്‍ ദൂരെയിരുന്ന മോണിറ്റര്‍ ചെയ്ത് നിര്‍ദേശങ്ങള്‍ നല്‍കി മാനേജ് ചെയ്യാനും മെയ്‌ന്റെയ്ന്‍ ചെയ്യാനുമുള്ള പ്രത്യേക സംവിധാനവും റോക്ക ഒരുക്കിയിട്ടുണ്ട്. ഈ സേവനം താമസിയാതെ ഇന്ത്യയിലും ലഭ്യമായിത്തുടങ്ങും.

Read More : ‘ഊബര്‍ സ്‌റ്റൈലില്‍ പ്ലംബറെ വിളിക്കാം!’; മാതൃകയാക്കാം റോക്ക-ഇന്ത്യയുടെ ഈ പ്രവര്‍ത്തനശൈലി

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it