ഒലായിൽ 2.1 കോടി ഡോളർ നിക്ഷേപവുമായി സച്ചിൻ ബൻസാൽ

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ടാക്സി സേവനദാതാവായ ഒലായിൽ നിക്ഷേപിക്കാൻ ഫ്ലിപ്കാർട്ട് സഹസ്ഥാപകനായ സച്ചിൻ ബൻസാൽ. ഒലായുടെ പാരന്റ് കമ്പനിയായ എഎൻഐ ടെക്നോളോജീസിൽ 2.1 കോടി ഡോളറാണ് അദ്ദേഹം നിക്ഷേപിക്കുന്നത്.

ഫ്ലിപ്പ്കാർട്ടിൽ നിന്ന് പിരിഞ്ഞതിന് ശേഷമുള്ള സച്ചിന്റെ ആദ്യ നിക്ഷേപമാണിത്. ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തതിന് പിന്നാലെ സച്ചിൻ തന്റെ 100 കോടി ഡോളർ മൂല്യമുള്ള ഓഹരി വാൾമാർട്ടിന് വിറ്റിട്ടാണ് മടങ്ങിയത്.

അടുത്ത ഫണ്ടിംഗ് റൗണ്ടിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നാണ് അറിയുന്നത്. 21,250 രൂപ വിലയുള്ള 70,588 സീരീസ് ജെ പ്രീഫറൻസ് ഓഹരികളാണ് ഒലാ സച്ചിന് കൈമാറിയിരിക്കുന്നത്.

ഇതേ റൗണ്ടിൽ നിലവിലെ നിക്ഷേപകരായ സ്റ്റെഡ് വ്യൂ ക്യാപിറ്റലിൽ നിന്ന് 74 മില്യൺ ഡോളർ ഫണ്ടിംഗ് ഒലാ നേടി. ഒക്ടോബറിൽ ചൈനയുടെ ടെൻസെന്റ് ഹോൾഡിങ്‌സ്, സോഫ്റ്റ് ബാങ്ക് എന്നിവരിൽ നിന്ന് 110 കോടി ഡോളർ നിക്ഷേപം കമ്പനി നേടിയിരുന്നു.

ഒലായിൽ ഇപ്പോൾ 26 ശതമാനം ഓഹരി പങ്കാളിത്തമുള്ള സോഫ്റ്റ് ബാങ്ക് ഒലായിൽ ആധിപത്യം സ്ഥാപിക്കാതിരിക്കാനാണ് കമ്പനി മേധാവിയായ ഭാവേഷ് അഗർവാൾ ഫണ്ടിംഗ് കാംപെയ്‌നുകൾ നടത്തുന്നതെന്നാണ് പ്രമുഖർ നിരീക്ഷിക്കുന്നത്.

Related Articles
Next Story
Videos
Share it