കുടിയേറ്റ വിരുദ്ധ വികാരം നഷ്ടമുണ്ടാക്കും: നാദെല്ല
ആഗോള തലത്തില്‍ നവീന സാങ്കേതിക വിദ്യ വളര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല.
എന്താണ് തങ്ങളുടെ ദേശീയതാത്പര്യമെന്ന് എല്ലാ രാജ്യങ്ങളും പുനരാലോചിച്ചു കൊണ്ടിരിക്കുകയാണെന്നും സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ബ്ലൂംബെര്‍ഗ് ന്യൂസ് എഡിറ്റര്‍-ഇന്‍-ചീഫ് ജോണ്‍ മൈക്കല്‍ത്വയിറ്റിനോട് സംസാരിക്കവേ നാദെല്ല പറഞ്ഞു. കുടിയേറ്റ സൗഹൃദ രാജ്യങ്ങളിലേക്കു വരാനും അവിടെ വസിക്കാനുമാണ് ആളുകള്‍ ഇഷ്ടപ്പെടുന്നതെന്ന് സത്യ നാദെല്ല കൂട്ടിച്ചേര്‍ത്തു.
നേരത്തെ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സത്യ നാദെല്ല ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. 'ഇന്ത്യയുടെ കാര്യത്തില്‍ ഞാന്‍ ഒരു ശുഭാപ്തിവിശ്വാസിയാണ്,'- അദ്ദേഹം പറഞ്ഞു.'രാഷ്ട്രനിര്‍മ്മാണത്തില്‍ ഇന്ത്യക്ക് 70 വര്‍ഷത്തെ ചരിത്രമുണ്ടെന്നത് വളരെ ശക്തമായ അടിത്തറയാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ആ രാജ്യത്താണ് വളര്‍ന്നത്. ആ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ആ അനുഭവം എന്നെ സ്വാധീനിക്കുന്നു. '
പുതിയ ക്ലൗഡ് ഉപഭോക്താക്കളെ നേടുന്നതില്‍ എതിരാളികളായ ആല്‍ഫബെറ്റ് ഇങ്ക്, ആമസോണ്‍ എന്നിവയുമായുള്ള പോരാട്ടത്തില്‍, മൈക്രോസോഫ്റ്റിന് നേട്ടമുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായി നാദെല്ല പറഞ്ഞു
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline