റിലയന്‍സില്‍ 1,500 കോടി ഡോളര്‍ നിക്ഷേപ ലക്ഷ്യം കൈവിട്ടിട്ടില്ല: ആരാംകോ

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഓഹരി നിക്ഷേപം നടത്തുകയെന്ന ലക്ഷ്യം ഇപ്പോഴും സൗദി ആരാംകോയുടെ സജിവ പരിഗണനയിലുണ്ടെന്ന് എന്ന് സി.ഇ.ഒ അമീന്‍ എച്ച്. നാസര്‍. കോവിഡ് വ്യാപനവും ക്രൂഡോയില്‍ വിപണിയിലെ വന്‍ പ്രതിസന്ധിയും വന്നതോടെ റിലയന്‍സില്‍ നിക്ഷേപിക്കാനുള്ള തീരുമാനം ആരാംകോ ഉപേക്ഷിച്ചെന്ന കിംവദന്തിക്ക് ഇതോടെ വിരാമമായി.ഇന്ത്യയിലേക്ക് നേരിട്ടുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപ ഇടപാടിനാണ് ഇതോടെ വീണ്ടും കളമൊരുങ്ങുന്നത്.

ജിയോ പ്ലാറ്റ്‌ഫോംസിലേക്കാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇതുവരെ വന്‍ നിക്ഷേപം വിദേശത്തുനിന്ന് ആകര്‍ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് റിലയന്‍സ് ഓഹരികളില്‍ നിക്ഷേപമിറക്കാനുള്ള താത്പര്യം സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയുമായ സൗദി ആരാംകോ വ്യക്തമാക്കിയത്. എന്നാല്‍, ക്രൂഡോയില്‍ വില കുത്തനെ കുറയുകയും ലാഭം കുറയുകയും ചെയ്തതോടെ, തുടര്‍നടപടികളില്‍ കമ്പനി മൗനം പാലിച്ചു. ആരാംകോയുമായുള്ള നിക്ഷേപ ഇടപാട് പ്രതീക്ഷിച്ചപോലെ മുന്നോട്ടു പോയില്ലെന്ന് ജൂലൈയില്‍ നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി വെളിപ്പടുത്തുകയും ചെയ്തു.

ഏപ്രില്‍-ജൂണ്‍പാദത്തിലെ ലാഭം 73 ശതമാനം കുറഞ്ഞെന്ന് സൗദി ആരാംകോ വ്യക്തമാക്കിയിരുന്നു. 2,470 കോടി ഡോളറില്‍ നിന്ന് 660 കോടി ഡോളറിലേക്കാണ് ലാഭം ചുരുങ്ങിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 7,500 കോടി ഡോളര്‍ സംരംഭക മൂല്യം (ഏകദേശം 5.64 ലക്ഷം കോടി രൂപ) കണക്കാക്കി 20 ശതമാനം ഓഹരികള്‍ വാങ്ങാനുള്ള താത്പര്യമാണ് സൗദി ആരാംകോ നേരത്തേ മുന്നോട്ടുവച്ചത്. അതായത് 1,500 കോടി ഡോളര്‍ (1.12 ലക്ഷം കോടി രൂപ) നിക്ഷേപം.

ഇടപാട് നടന്നാല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപമായിരിക്കും (എഫ്.ഡി.ഐ) ഇത്.ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ നാലില്‍ കഴിഞ്ഞയാഴ്ച ഇടംപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്കും ഗ്രൂപ്പിനു വീണ്ടും കുതിപ്പുണ്ടാക്കുന്ന വിവരമാണ് ആരാംകോ സി.ഇ.ഒയില്‍ നിന്നുണ്ടായത്.

മുകേഷ് അംബാനി യൂറോപ്പിലെ ഏറ്റവും ധനികനായ ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ലോകത്തെ നാലാമത്തെ ഏറ്റവും ധനികനായത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം ഈ വര്‍ഷം 2200 കോടി ഡോളര്‍ സ്വരൂപിച്ച ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ഇപ്പോള്‍ 8060 കോടി ഡോളര്‍ ആസ്തിയിലെത്തി.ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജ്, ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്, ഒറാക്കിള്‍ കോര്‍പ് മേധാവി ലാറി എറിസണ്‍, ലോകത്തിലെ ഏറ്റവും വലിയ ധനികയായ ഫ്രാന്‍സിന്റെ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സ്, വാറന്‍ ബഫറ്റ് എന്നിവരും അംബാനിക്കു പിന്നിലായി.

പട്ടികയിലെ ഒരേയൊരു ഏഷ്യാക്കാരനാണ് മുകേഷ് അംബാനി. ചൈനീസ് കോടീശ്വരന്‍മാരായ ടെന്‍സെന്റ് മേധാവി പോണി മാ, ആലിബാബ മേധാവി ജാക്ക് മാ എന്നിവരെ നേരത്തെ തന്നെ അംബാനി കീഴടക്കിയിരുന്നു.ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണു ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍. 187 ബില്യണ്‍ ഡോളറാണ് ആസ്തി. രണ്ടാം സ്ഥാനം മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് (121 ബില്യണ്‍ ഡോളര്‍). ഫെയ്‌സ്ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് (102 ബില്യണ്‍ ഡോളര്‍) എന്നിവരാണ് തുടര്‍സ്ഥാനങ്ങളില്‍.

ഓഗസ്റ്റ് 7 ന് അംബാനിയുടെ ആസ്തി 32.6 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 80.6 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യയുടെ അടുത്ത അഞ്ച് ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തിയായ 7,490 കോടി ഡോളറിനേക്കാള്‍ കൂടുതലാണ് അംബാനിയുടെ ആസ്തി. അസിം പ്രേംജി (19.4 ബില്യണ്‍ ഡോളര്‍), ശിവ നാടാര്‍ (17.8 ബില്യണ്‍ ഡോളര്‍), ഗൗതം അദാനി (13.1 ബില്യണ്‍ ഡോളര്‍), രാധാകിഷന്‍ ദമാനി (11.4 ബില്യണ്‍ ഡോളര്‍), സൈറസ് പൂനവാല (13.2 ബില്യണ്‍ ഡോളര്‍) എന്നിവരാണ് ഈ അഞ്ചു പേര്‍.

റിലയന്‍സിന്റെ 42% ഓഹരി സ്വന്തമായുള്ള അംബാനിക്ക്, കമ്പനിയുടെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസിലേക്കുള്ള വിദേശനിക്ഷേപങ്ങളാണ് ഇതുവരെ നേട്ടമായത്. യുഎസ്, യുഎഇ രാജ്യങ്ങളിലെ നിരവധി കമ്പനികളാണ് ജിയോയില്‍ നിക്ഷേപം നടത്തിയത്. അടുത്തിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 2021 മാര്‍ച്ചിനുമുന്‍പ് ബാധ്യതകളെല്ലാം തീര്‍ക്കുമെന്നായിരുന്നു മുകേഷ് അംബാനി 2019 ഓഗസ്റ്റില്‍ ഓഹരിയുടമകള്‍ക്കു വാഗ്ദാനം നല്‍കിയിരുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it