അരാംകോ ആക്രമണം: ഗള്‍ഫിലെ സാമ്പത്തിക അസ്ഥിരത ഏറുന്നു

ഹൂതി വിമതര്‍ സൗദിയിലെ എണ്ണക്കമ്പനിയായ അരാംകോയില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍-അമേരിക്ക വാക്‌പോര് രൂക്ഷമാകുമ്പോള്‍ ഗള്‍ഫ് മേഖല കടുത്ത ആശങ്കയില്‍.കുറേക്കാലമായി സാമ്പത്തിക രംഗത്തു നിലനില്‍ക്കുന്ന അസ്ഥിരത കൂടുതല്‍ രൂക്ഷമാകുമെന്നു നിരീക്ഷകര്‍ കരുതുന്നു. സൗദി ഓഹരി വിപണിയിലെ ഇടിവും എണ്ണവിലയുടെ കുതിച്ചു കയറ്റവും തുടരുകയാണ്.

സൗദിയിലെ ആക്രമണത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ നീങ്ങാനാണ് അമേരിക്കയുടെ പദ്ധതിയെങ്കില്‍ ഇറാന്‍ പൂര്‍ണ്ണതോതിലുള്ള യുദ്ധത്തിന് സജ്ജമാണെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കമാണ്ടര്‍ അമീര്‍ അലി ഹജിസദേ പ്രതികരിച്ചു. 2000 കിലോമീറ്റര്‍ പരിധിയിലുള്ള അമേരിക്കയുടെ നാവിക താവളവും പടക്കപ്പലുകളും തകര്‍ക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ ഭീഷണി പുറത്തുവന്നതിനു പിന്നാലെ 'സ്വന്തം എണ്ണക്കിണറുകള്‍ തകര്‍ന്ന് കഴിയുമ്പോഴേ ഇനി ഇറാന്‍ പഠിക്കുകയുള്ളൂ'വെന്ന് റിപ്പബ്ലിക്കന്‍ സെനറ്ററും പ്രസിഡന്റ് ട്രംപിന്റെ അടുപ്പക്കാരനുമായ ലിന്‍ഡ്‌സി ഗ്രഹാം ട്വിറ്ററില്‍ കുറിച്ചു.

അരാംകോയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ആക്രമണം യെമനില്‍ നിന്നാണെന്നതിന് തെളിവൊന്നും ഇല്ലെന്നായിരുന്നു അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രതികരണം. ലോകത്തിന്റെ ഊര്‍ജ്ജവിതരണം അസ്ഥിരമാക്കാനാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നും പോംപിയോ ആരോപിച്ചു. ആക്രമണം നടത്തിയത് ഇറാനാണെന്നാണ് ഉപഗ്രഹചിത്രങ്ങള്‍ തരുന്ന സൂചനയെന്നും അമേരിക്ക ആരോപിക്കുന്നു. അരാംകോ ആക്രമണത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ തിരിയാനാണ് അമേരിക്കയുടെ ഭാവമെങ്കില്‍ യുദ്ധത്തിന് സജ്ജമാണെന്നായിരുന്നു ഇറാന്റെ പ്രതികരണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it