നെടുമ്പാശേരിയില്‍ സീപ്ലെയ്ന്‍ ജപ്തി ചെയ്തു; വായ്പാ കുടിശിക 6 കോടി

കേരളത്തിലെ ടൂറിസം സാധ്യതകള്‍

മുന്നില്‍ക്കണ്ട് രണ്ട് മലയാളി പൈലറ്റുകള്‍ വായ്പയെടുത്തു വാങ്ങിയ

സീപ്ലെയ്ന്‍ ബാങ്ക് ജപ്തി ചെയ്തു. നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി

സര്‍വീസ് ആരംഭിക്കാനാകാത്തതിനാലാണ് വായ്പ തിരിച്ചടയ്ക്കാനാകാതെ പോയത്.

ഫെഡറല്‍ ബാങ്കാണ് കൊച്ചി ആസ്ഥാനമായുള്ള സീബേര്‍ഡ് കമ്പനിയുടെ സീപ്ലെയ്ന്‍ ആണ് ജപ്തി ചെയ്തത്. കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള ടൂറിസ്റ്റുകള്‍ക്കായി 2014 ല്‍ അമേരിക്കയില്‍ നിന്നുമാണ് മലയാളി പൈലറ്റുമാരായ സൂരജ് ജോസ്, സുധീഷ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് 13 കോടി രൂപയ്ക്ക് സീ പ്ലെയിന്‍ വാങ്ങിയത്. നാലു കോടി രൂപയായിരുന്നു ഫെഡറല്‍ ബാങ്കില്‍ നിന്ന് എടുത്ത വായ്പ. എന്നാല്‍ സീപ്ലെയ്നിന് സര്‍വീസ് നടത്താനുള്ള അനുമതി അധികൃതരില്‍ നിന്ന് ലഭിച്ചില്ല. ഇതോടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെയായി.

2016 ല്‍ പ്രാബല്യത്തില്‍ വന്ന ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്റപ്റ്റ്‌സി കോഡിന്റെ അടിസ്ഥാനത്തിലാണ് ജപ്തി. വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നത് എളുപ്പമാക്കാന്‍ വേണ്ടി രൂപീകരിച്ച നിയമമാണിത്. നിലവിലുള്ള സര്‍ഫാസി നിയമപ്രകാരം വിമാനങ്ങളും കപ്പലുകളും പിടിച്ചെടുക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദമില്ലായിരുന്നു.

ചെന്നൈയിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ വഴിയാണ് ബാങ്ക് ഇതിന് അപേക്ഷിച്ചത്. ട്രൈബ്യൂണല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കെ.കെ. ജോസിനെ 'ലിക്വിഡേറ്റര്‍' ആയി നിയോഗിക്കുകയും സീപ്ളെയിന്‍ കണ്ടുകെട്ടുകയുമായിരുന്നു. 2016 ല്‍ വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചിരുന്നു. പലിശയടക്കം ആറു കോടി രൂപ ബാങ്കിന് കിട്ടാനുണ്ട്.

ദേശീയ കമ്പനി ലോ ട്രിബ്യൂണല്‍ നിയോഗിച്ച ഉദ്യോഗസ്ഥനും ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിമാനം ജപ്തി ചെയ്തത്. വിമാനത്തിന്റെ പാര്‍ക്കിംഗ് ഫീസായി സിയാലിന് നാലു ലക്ഷത്തോളം രൂപയും കമ്പനി നല്‍കാനുണ്ട്.

നിലവില്‍ വിമാനത്തിന്റെ മൂല്യ നിര്‍ണയം നടത്തിയ ശേഷം ലേലത്തില്‍ വെയ്ക്കും. ലേലത്തില്‍ വിമാനം ആരും വാങ്ങിയില്ലെങ്കില്‍ അമേരിക്കന്‍ കമ്പനിക്ക് തന്നെ വിമാനം തിരികെ നല്‍കാനും ധാരണയായിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സീ പ്ലെയിന്‍ ജപ്തി ചെയ്യുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it