എൻഡിടിവി മേധാവി പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും സെബി വിലക്ക്

രണ്ടുവർഷത്തേയ്ക്ക് ഓഹരിവിപണിയിൽ ഇടപാടുകൾ നടത്തുന്നതിനും എൻഡിടിവിയുടെ മാനേജ്മെന്റ് പദവികൾ വഹിക്കുന്നതിനുമാണ് വിലക്ക്.

NDTV Prannoy Roy
Image credit: tumblr/weforum

എൻഡിടിവി പ്രൊമോട്ടർമാരായ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ വിലക്ക്. രണ്ടുവർഷത്തേയ്ക്ക് ഓഹരിവിപണിയിൽ ഇടപാടുകൾ നടത്തുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഇക്കാലയളവിൽ ഇവർ എൻഡിടിവിയുടെ മാനേജ്മെന്റ് പദവികൾ വഹിക്കാനും പാടില്ലെന്നാണ് സെബി ഉത്തരവ്. ഇൻസൈഡർ ട്രേഡിങ്ങ് ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയിൻമേലാണ് നടപടി.

പ്രണോയ് റോയ്ക്ക് 15.94 ശതമാനവും രാധികയ്ക്ക് 16.33 ശതമാനവുമാണ് എൻഡിടിവിയിൽ ഓഹരി പങ്കാളിത്തമുള്ളത്. 2009 ജൂൺ മുതൽ  63.17 ശതമാനമാണ് പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം.

എൻഡിടിവി ഷെയർഹോൾഡറായ ക്വാണ്ടം സെക്യൂരിറ്റീസ് നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ സെബി നടപടി ഉണ്ടായിരിക്കുന്നത്. എൻഡിടിവി പ്രൊമോട്ടർമാർ വിശ്വപ്രധാൻ കൊമേർഷ്യൽ (VCPL) എന്ന സ്ഥാപനവുമായി ഉണ്ടാക്കിയ ലോൺ കരാറിലെ പ്രധാന വിവരങ്ങൾ ഷെയർഹോൾഡർമാരിൽ നിന്ന് മറച്ചുവെക്കുകയും അതുവഴി സെബി ചട്ടങ്ങൾ ലംഘിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്.

കരാറിലെ വകുപ്പുകളിൽ ചിലത് VCPL ന് എൻഡിടിവിയിൽ 52 ശതമാനം വരെ ഓഹരി നിയന്ത്രിക്കാനുള്ള അധികാരം നൽകുന്നവയാണെന്ന് സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഐസിഐസിഐ ബാങ്കിൽ നിന്നെടുത്ത 375 കോടി രൂപ വായ്പ 2009ൽ കമ്പനി തിരിച്ചടച്ചത് വിപിസിഎല്ലിൽ നിന്ന് ലോണായി എടുത്ത 350 കോടി രൂപ ഉപയോഗിച്ചാണ്. 10 വർഷക്കാലാവധിയുള്ള ലോൺ ആയിരുന്നു അത്. അപ്പോഴുണ്ടാക്കിയതാണ് ഈ വിവാദ കരാർ.

LEAVE A REPLY

Please enter your comment!
Please enter your name here