മാന്ദ്യം സൗരോര്‍ജ്ജ ബിസിനസ് രംഗത്തും
സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം രാജ്യത്തെ സൗരോര്‍ജ്ജ ബിസിനസ് മേഖലയെ സാരമായി ബാധിക്കുന്നതായി ഗവേഷണ ഏജന്‍സിയായ മെര്‍കോം ഇന്ത്യ.സൗരോര്‍ജ്ജ പാനലുകള്‍ ഘടിപ്പിക്കുന്നതില്‍ വന്‍ ഇടിവുണ്ടായെന്ന് 2019 ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എല്ലാ സംസ്ഥാനങ്ങളിലുമായി
2018 ല്‍ പുതുതായി 8338 മെഗാവാട്ട് സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനുള്ള
പാനലുകള്‍ സ്ഥാപിച്ചപ്പോള്‍ 2019 ല്‍ ഇത് 12 ശതമാനത്തോളം ഇടിഞ്ഞ്, 7346
മെഗാവാട്ടായി. ഇതില്‍ 85 ശതമാനവും വന്‍കിട സൗരോര്‍ജ്ജ പദ്ധതികളാണ്. 6242
മെഗാവാട്ടിന്റെ വന്‍കിട പദ്ധതികളാണ് യാഥാര്‍ത്ഥ്യമായത്. എന്നാല്‍ ഇതിലും
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനത്തിന്റെ ഇടിവുണ്ട്.
വീടിന്റെ
മുകളില്‍ ചെറുകിട സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലൂടെ 1,104 മെഗാവാട്ട്
മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനം
കുറവുണ്ടായെന്ന് മെര്‍കോം ഇന്ത്യ പറഞ്ഞു.വീടുകള്‍ക്ക് മുകളില്‍
സ്ഥാപിക്കുന്ന സൗരോര്‍ജ്ജ പദ്ധതികള്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ്
ഇത്രയും ഇടിഞ്ഞത്. എന്‍ബിഎഫ്സി പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ
പണലഭ്യതക്കുറവ് ഇടിവിനു പ്രധാന കാരണമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കര്‍ണാടകമാണ് ഏറ്റവും അധികം സൗരോര്‍ജ്ജ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയത്. 1.8 ഗിഗാവാട്ട്. രാജസ്ഥാനും തമിഴ്‌നാടും തൊട്ടു പിന്നിലുണ്ട്.ഈ മൂന്ന് സംസ്ഥാനങ്ങളിലുമായാണ് ആകെ 70 ശതമാനത്തോളം സൗരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിതമായത്. സൗരോര്‍ജ്ജ വിപണി ശരിയായ ദിശയിലേക്ക് നീങ്ങുന്നതിന് വായ്പാ ലഭ്യത സുഗമമാകേണ്ടതുണ്ടെന്ന് മെര്‍കോം ക്യാപിറ്റല്‍ ഗ്രൂപ്പ് സിഇഒ രാജ് പ്രഭു പറഞ്ഞു.
തുടര്‍ച്ചയായ അഞ്ചു വര്‍ഷത്തെ ഇടിവിന് ശേഷം കല്‍ക്കരി ഇന്ധനമായുള്ള ഊര്‍ജോല്‍പ്പാദനം ഉയര്‍ന്ന് 7.8 ജിഗാവാട്ട് ആയി. 7.3 ജിഗാവാട്ട് ആണ് സൗരോര്‍ജ്ജം. കാറ്റില്‍ നിന്ന് 2.4 ജിഗാവാട്ട് ഉല്‍പ്പാദനമുണ്ടായി. 2020 ല്‍ പുതിയ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിലൂടെ ഏകദേശം 17 ശതമാനം വളര്‍ച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷ. അതോടെ 8.5 ജിഗാവാട്ടായേക്കും ഉത്പ്പാദനം.
നിലവിലെ വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി 2022 ഓടെ 65-70 ജിഗാവാട്ട് വരെയാകും സൗരോര്‍ജ്ജ ഉത്പ്പാദനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 100 ജിഗാവാട്ട് സൗരോര്‍ജ്ജ പാനലുകളുടെ ഇന്‍സ്റ്റലേഷന്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline