'നഷ്ടപ്പെട്ട അവസര'മായി ഉത്തേജക പാക്കേജെന്ന് അന്താരാഷ്ട്ര ഏജന്‍സി

മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പുനരുജ്ജീവന പാക്കേജ് വേണ്ടത്ര വിപുലവും സമഗ്രവുമായില്ലെന്നും അക്കാരണത്താല്‍ കുറഞ്ഞ ഗുണഫലങ്ങള്‍ക്കേ സാധ്യതയുള്ളൂ എന്നുമുള്ള നിരീക്ഷണവുമായി ആഗോള സെക്യൂരിറ്റീസ് ഗവേഷണ സ്ഥാപനമായ സാന്‍ഫോര്‍ഡ് ബെര്‍ണ്‍സ്‌റ്റൈന്‍. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി (എംഎസ്എംഇ) പാക്കേജിലൂടെ സ്വീകരിച്ച നടപടികള്‍ മാത്രമാണ് പ്രത്യേക അഭിനന്ദനം പിടിച്ചുപറ്റുന്നതായി ബെര്‍ണ്‍സ്‌റ്റൈന്‍ കാണുന്നത്.

സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പര്യാപ്തമായ വലിയ നിര്‍ദ്ദേശങ്ങളുടെ അഭാവത്താല്‍ 'നഷ്ടപ്പെട്ട അവസര'മായി പാക്കേജ് മാറുമെന്ന സംശയമാണ് ഇതു സംബന്ധിച്ച ഏഷ്യ-പസഫിക് ഇക്വിറ്റി സ്ട്രാറ്റജി റിപ്പോര്‍ട്ടിലുള്ളത്. പ്രധാനപ്പെട്ട വിഷയങ്ങളെ സ്പര്‍ശിച്ചാണ് പാക്കേജ് ആരംഭിച്ചതെങ്കിലും അതിനനുസൃതമായ ഉത്തേജക നടപടികള്‍ക്കിണങ്ങിയ തുകകള്‍ പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത അവഗണിക്കപ്പെട്ടു. ഇതു മൂലം മുഴുവന്‍ പാക്കേജും ഏറെക്കുറെ ലക്ഷ്യരഹിതമായി. ഒരു സാധാരണ സാമ്പത്തിക അജണ്ടയുടെ ഭാഗമായുള്ള നിരവധി സാധാരണ പ്രഖ്യാപനങ്ങളാണുണ്ടായത്.

ഒരു വലിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം പ്രകടമായിരുന്നു. ഭരണകൂടത്തിന് സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ശ്രദ്ധ ലോകത്തിനു മുന്നില്‍ വ്യക്തമാക്കാന്‍ ആഗോള ഉത്തേജക സംഖ്യകളുമായി പൊരുത്തപ്പെടുന്ന പാക്കേജ് അനിവാര്യവുമായിരുന്നു. ജിഡിപിയുടെ 10% വരുന്ന പാക്കേജ് അമേരിക്ക പ്രഖ്യാപിച്ചത് ഇക്കാര്യത്തില്‍ മാര്‍ഗദര്‍ശകമാകുമെന്ന നിരീക്ഷണം പക്ഷേ, വെറുതെയായി.

വിശാലമായ പരിഷ്‌കാര നിര്‍ദ്ദേശങ്ങളല്ല പാക്കേജിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി - തൊഴില്‍ നിയമപരിഷ്‌കാരങ്ങള്‍, നികുതി യുക്തിസഹമാക്കല്‍, വിദേശ ഉല്‍പാദകരെ ക്ഷണിക്കാനുള്ള പദ്ധതി എന്നിവയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടില്ല. പ്രതിരോധ സ്വദേശിവല്‍ക്കരണ പദ്ധതി പുതിയതല്ല. മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ച് നടപ്പാക്കാതിരുന്നതാണ്. കല്‍ക്കരി വാണിജ്യ ഖനനത്തിന്റെ കാര്യവും ഇതു തന്നെ. ഭക്ഷ്യമേഖലയില്‍ വ്യവസായങ്ങള്‍ക്കു പ്രോല്‍സാഹനമേകാനുള്ള നിയമ ഭേദഗതിയും പദ്ധതികളും മികച്ചതാണെങ്കിലും സംസ്ഥാനങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ ആവശ്യമാണ്. ഉജ്വല്‍ ഡിസ്‌കോം അഷുറന്‍സ് പദ്ധതി കാര്യക്ഷമതയുള്ളതല്ല- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മൊത്തം 280 ബില്യണ്‍ ഡോളര്‍ വരുമെന്നുപറയുന്ന ഇന്ത്യയുടെ ഉത്തേജക പാക്കേജിലെ ധനപരമായ വിവിധ നടപടികളുടെ അനുപാതം വിശകലനം ചെയ്തിട്ടുണ്ട് റിപ്പോര്‍ട്ടില്‍. ക്രെഡിറ്റ് ഗ്യാരന്റി 62 ബില്യണ്‍ ഡോളറിന്റേതും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണലഭ്യതാ നടപടി ഏകദേശം 108 ബില്യണ്‍ ഡോളറിന്റേതുമാണ്. 173 ബില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ പരിപാടികളില്‍ 132 ബില്യണ്‍ ഡോളര്‍ വായ്പയാണ്. ജിഡിപിയുടെ 0.9 ശതമാനം മാത്രം വരുന്ന 24 ബില്യണ്‍ ഡോളര്‍ ആണ് ധനസഹായം. ബാക്കിയുള്ളവ പ്രധാനമായും ഭക്ഷ്യധാന്യങ്ങള്‍ മുതലായവയുടേതാണ്. ഇതാകട്ടെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സ്റ്റോക്കിനെയും മറ്റ് സ്‌കീമുകളെയും ആധാരമാക്കിയുള്ളതാണ്.
ധനപരമായ ഉത്തേജനം ധീരമായും ശരിയായും നടപ്പാക്കിയിരുന്നെങ്കില്‍ റേറ്റിംഗ് ഉയരുമായിരുന്നു. കറന്‍സിയും മെച്ചപ്പെടുമായിരുന്നു.

അതേസമയം, ക്രെഡിറ്റ് ഗ്യാരന്റി പോലെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി സ്വീകരിച്ച നടപടികളെ ബെര്‍ണ്‍സ്‌റ്റൈന്‍ റിപ്പോര്‍ട്ട് അഭിനന്ദിച്ചു. ദരിദ്രരെയും കുടിയേറ്റക്കാരെയും സഹായിക്കുന്ന പരിപാടികള്‍ക്ക് ഇതിലൂടെ ഉത്തേജനം ലഭിക്കും. എന്നാല്‍ ഗ്രാമീണ തൊഴിലാളികള്‍ക്ക് വരുമാന വര്‍ദ്ധന ഉറപ്പാക്കുന്ന എംജിഎന്‍ആര്‍ഇജിഎ വിപുലീകരണത്തിന് നെഗറ്റീവ് വശമുണ്ട്. ഇത് തൊഴില്‍ ലഭ്യതയെ ബാധിക്കും. കാരണം നിര്‍മ്മാണ മേഖലാ ജോലികള്‍ക്കായി തിരക്കുകൂട്ടുന്നവരാകില്ല ഇനി ഗ്രാമീണ കുടിയേറ്റക്കാരെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it