സ്വിഗ്ഗിയും സൊമാറ്റോയും മദ്യവില്‍പ്പനയിലേക്ക്; കേരളത്തിന്റെ ആപ്പ് വൈകുമോ?
ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനികളായ സ്വിഗിയും സൊമാറ്റോയും മദ്യവിതരണത്തിലേക്കും കടന്നിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍ ഇതിനോടകം തന്നെ ഓണ്‍ലൈനായി മദ്യ വില്‍പ്പന ആരംഭിച്ചതായും മറ്റ് സംസ്ഥാനങ്ങളിലേക്കും മദ്യം ഹോം ഡെലിവറി ചെയ്യുന്ന സേവനം ലഭ്യമാക്കുന്നതിനായുള്ള പദ്ധതികളിലാണെന്നും സ്വിഗ്ഗി അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്യ വിതരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനായി വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്യുമെന്നും കമ്പനി അറിയിച്ചു.
ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സ്വിഗ്ഗി ഓണ്‍ലൈന്‍ മദ്യവിതരണം ആരംഭിച്ചിരിക്കുന്നത്. വരും ആഴ്ച്ചകളില്‍ സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളില്‍ കൂടി സേവം ആരംഭിക്കുമെന്ന് സ്വിഗി അധികൃതര്‍ അറിയിച്ചതായി ഇന്ത്യാ ടുഡേ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ പ്രോസസ്സിംഗും ഹോം ഡെലിവറി സംവിധാനവും സാധ്യമാക്കുന്നതിന് സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് സ്വിഗി അറിയിച്ചതായും വാര്‍ത്തയിലുണ്ട്.
മദ്യ ഡെലിവറിയുടെ ഭാഗമായി ഡെലിവറി നടത്തുന്നതിന് മുമ്പുള്ള നിര്‍ബന്ധിത പ്രായ പരിശോധനയും ഉപയോക്തൃ ഓതന്റിക്കേഷനും ഉള്‍പ്പെടെയുള്ള നടപടികള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഓതന്റിക്കേഷനായി ഉപയോക്താക്കളുടെ സെല്‍ഫിയും ഒപ്പം ഇന്ത്യാ ഗവണ്‍മെന്റ് നല്‍കിയ വാലിഡായ ഐഡി പ്രൂഫും അപ്ലോഡ് ചെയ്യാനും സ്വിഗി ആപ്പില്‍ വഴിയൊരുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഓതന്റിക്കേഷനായി ലഭിക്കുന്ന ഡാറ്റയില്‍ നിന്നും ഉപയോക്താക്കളുടെ പ്രായം കൃത്യമായി പരിശോധിച്ചാവും കമ്പനി മദ്യം വിതരണം ചെയ്യുന്നതെന്ന് ഇവര്‍ അവകാശപ്പെടുന്നു.
ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതിനും മുതിര്‍ന്നവരെ മാത്രമേ ചുമതലപ്പെടുത്തുവുള്ളു എന്നതാണ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത ആളാണ് മദ്യം ഓര്‍ഡര്‍ ചെയ്യുന്നതെങ്കില്‍ ഓട്ടോമാറ്റിക് ആയി ക്യാന്‍സല്‍ ആയി പോകും. എല്ലാ ഓര്‍ഡറുകളും ഡെലിവറി സമയത്ത് ഉപഭോക്താവ് നല്‍കേണ്ട ഒരു ഒടിപിയുടെ സഹായത്തോടെയായിരിക്കും പൂര്‍ത്തിയാക്കുക. സംസ്ഥാന നിയമപ്രകാരം ഉപഭോക്താവിന് നല്‍കേണ്ട മദ്യത്തിന്റെ അളവിലെ പരിധിയും കമ്പനി പാലിക്കുന്നുണ്ട്. ഇതിനായി ഒരു ദിവസം ഒരു ഉപയോക്താവിന് ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്ന മദ്യത്തിന് അളവില്‍ നിയന്ത്രണം ഉണ്ട്. റാഞ്ചിയിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വിഗ്ഗി ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്തുകൊണ്ട് 'വൈന്‍ ഷോപ്പ്‌സ്' എന്ന സെക്ഷന്‍ തിരഞ്ഞെടുക്കാം.
സ്വിഗ്ഗി പുതിയ പദ്ധതിക്കായി മദ്യം വില്‍ക്കാന്‍ ലൈസന്‍സുള്ള അംഗീകൃത റീട്ടെയിലര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സുരക്ഷിതവും ഉത്തരവാദിത്തത്തോടെയും വീടുകളിലേക്ക് മദ്യം എത്തിച്ച് നല്‍കുന്നതിലൂടെ ചില്ലറ വില്‍പ്പന ശാലകള്‍ക്ക് ബിസിനസ് വര്‍ദ്ധിപ്പിക്കാനും വൈന്‍ ഷോപ്പുകളിലെ തിരക്ക് നിയന്ത്രിക്കാനും അതുവഴി സാമൂഹ്യ അകലം പാലിക്കാനും സാധിക്കുമെന്ന് സ്വിഗ്ഗി വൈസ് പ്രസിഡന്റ് അനുജ് രതി ഇന്ത്യ ടുഡേയോട് പറഞ്ഞു.
സ്വിഗ്ഗിയ്ക്ക് പിന്നാലെ സൊമാറ്റോയും റാഞ്ചിയില്‍ മദ്യം ഹോം ഡെലിവറി ചെയ്യുന്ന സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ജാര്‍ഖണ്ഡിലെ മറ്റ് നഗരങ്ങളിലും മദ്യ വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. കൃത്യമായ അനുമതികളും ലൈസന്‍സുകളും ലഭിച്ച ശേഷമാണ് ജാര്‍ഖണ്ഡില്‍ വീട്ടിലേക്ക് മദ്യം എത്തിക്കുന്ന സേവനം ആരംഭിച്ചതെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഈ സേവനം ജാര്‍ഖണ്ഡിലെ മറ്റ് ഏഴ് നഗരങ്ങളിലും വ്യാപിപ്പിക്കുമെന്നും സൊമാറ്റോ പറഞ്ഞു. ഇരു ആപ്പുകളും നിശ്ചിത അളവില്‍ മാത്രമേ ഒരേ അക്കൗണ്ടില്‍ നിന്നു ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം നല്‍കൂ.
അതേ സമയം കേരളത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള മദ്യ വില്‍പ്പനക്കുള്ള ആപ്പ് വൈകുമെന്ന് സൂചന. ഗൂഗിളിന്റെ അനുമതിക്ക് ശേഷം ഓണ്‍ലൈന്‍ വില്‍പ്പന സംബന്ധിച്ച് ട്രയല്‍ റണ്‍ നടത്തണം. ഇതിനു ശേഷമേ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയു. നിലവിലുള്ള സാഹചര്യത്തില്‍ മദ്യശാലകള്‍ തുറക്കുന്നത് ശനിയാഴ്ചയാകുമെന്നാണ് എക്‌സൈസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൊച്ചി കടവന്ത്രയിലെ ഫെയര്‍ കോഡ് ടെക്‌നോളജീസ് വികസിപ്പിച്ച മൊബൈല്‍ ആപ്പ് വഴിയാണ് ഓണ്‍ലൈന്‍ മദ്യ വിതരണം ആലോചിക്കുന്നത്. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയര്‍ പാര്‍ലറുകളുടെയും വിശദാംശങ്ങളാണ് ആപ്പില്‍ സജ്ജമാക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline