ബ്രെക്സിറ്റ് കരാറില്‍ പുതു പ്രതീക്ഷയോടെ ടാറ്റ ഗ്രൂപ്പ്
പുതിയ ബ്രെക്സിറ്റ് കരാര്‍ പ്രാബല്യത്തിലാകുന്ന പക്ഷം ബ്രിട്ടനില്‍ വലിയ നിക്ഷേപമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഹ്‌ളാദകരമാകുമത്. പ്രത്യേകിച്ചും ടാറ്റ ഗ്രൂപ്പിന്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അനിശ്ചിതത്വത്തിലുഴഞ്ഞ പല ഇന്ത്യന്‍ കമ്പനികളും, കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിക്കുന്ന ശുഭ നിമിഷത്തിനു കാത്തിരിക്കുകയാണിപ്പോള്‍.
ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ ഗ്ലോബല്‍ ബിവറേജസ് തുടങ്ങിയ കമ്പനികളിലൂടെ മുമ്പു തന്നെ യു.കെയിലെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപകരുടെ പട്ടികയിലായിക്കഴിഞ്ഞിരുന്നു ടറ്റാ ഗ്രൂപ്പ്. 2007 ല്‍ കോറസ് സ്റ്റീല്‍ ഏറ്റെടുത്തതിനുശേഷം ഗ്രൂപ്പ് 50 ബില്യണ്‍ പൗണ്ട് ആണ് യുകെയില്‍ നിക്ഷേപിച്ചത്.
മാസ്റ്റെക്, ക്രിസില്‍, സോളാര ആക്റ്റീവ് ഫാര്‍മ, ഇക്ലെര്‍ക്‌സ് സര്‍വീസസ്, മജെസ്‌കോ, റിക്കോ ഓട്ടോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് ബ്രിട്ടനില്‍ സജീവ സാന്നിധ്യമുള്ള മറ്റ് ഇന്ത്യന്‍ കമ്പനികള്‍.
കരാര്‍ പ്രഖ്യാപിച്ച ശേഷം വ്യാഴാഴ്ച ടാറ്റ മോട്ടോഴ്സിന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ 10 ശതമാനം മെച്ചപ്പെട്ടിരുന്നു. ബ്രെക്സിറ്റ് പ്രശ്‌നത്തിലൂടെ രംഗപ്രവേശം ചെയ്ത തീരുവ സംബന്ധിച്ച അനിശ്ചിത്വത്തിനു പരിഹാരമാകുമെന്ന പ്രതീക്ഷയ്ക്കു വകയുണ്ടെന്നാണ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞത്.അതേസമയം പാര്‍ലമെന്റിന്റെ നടപടി വരുന്നതുവരെ കൂടുതല്‍ അഭിപ്രായ പ്രകടനത്തിനു സാംഗത്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടാറ്റ മോട്ടോഴ്സിന് യു.കെയില്‍ ഹെയ്ല്‍വുഡ്, സോളിഹള്‍, കാസില്‍ ബ്രോംവിച്ച് എന്നിവിടങ്ങളില്‍ മൂന്ന് നിര്‍മാണശാലകളുണ്ട്. ടാറ്റയുടെ കീഴിലുള്ള യു.കെ അനുബന്ധ കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഓട്ടോമോട്ടീവ് 2017 മാര്‍ച്ച് 29 ന് ബ്രെക്‌സിറ്റ് പ്രഖ്യാപിച്ചതു മുതല്‍ കടുത്ത പ്രതിസന്ധിയിലേക്കാണു നീങ്ങിയത്.ഇതു മൂലം ടാറ്റ മോട്ടോഴ്സ് നിക്ഷേപകര്‍ക്ക് ഒരു ട്രില്യണ്‍ രൂപ നഷ്ടപ്പെട്ടു.പക്ഷേ, വ്യാഴാഴ്ച 3,800 കോടി രൂപ തിരിച്ചു പിടിക്കാന്‍ ടാറ്റ മോട്ടോഴ്സ് നിക്ഷേപകര്‍ക്കു കഴിഞ്ഞു.ഇന്നും ഓഹരിവില കൂടുതല്‍ മെച്ചപ്പെട്ടു.
ഇതൊക്കെയാണെങ്കിലും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നേരിട്ടുവരുന്ന പ്രതിസന്ധിക്ക് പുതിയ ബ്രെക്സിറ്റ് കരാര്‍ ഒറ്റമൂലിയാകുമെന്ന പ്രതീക്ഷ വേണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. മറ്റ് കമ്പനികള്‍ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് തുറന്ന അഭിപ്രായ പ്രകടനത്തിന് തയ്യാറായിട്ടുമില്ല.പല സന്ദേഹങ്ങളും ദൂരീകരിക്കേണ്ടുണ്ടെന്ന നിലപാടിലാണവര്‍.