ടിസിഎസും ഇന്‍ഫോസിസും കഴിഞ്ഞ വര്‍ഷം നിയമിച്ചത് അരലക്ഷം പേരെ
രാജ്യത്ത് തൊഴില്‍ വര്‍ധന വേണ്ടത്രയില്ലെന്ന് ആശങ്കയുയരുമ്പോഴും രാജ്യത്തെ സോഫ്റ്റ് വെയര്‍ സേവന മേഖലയില്‍ നിന്ന് ആശ്വാസ വാര്‍ത്ത.
2018-19 സാമ്പത്തിക വര്‍ഷം, രാജ്യത്തെ ഏറ്റവും വലിയ ഐറ്റി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും(ടിസിഎസ്) ഇന്‍ഫോസിസും ചേര്‍ന്ന് നടത്തിയത് അരലക്ഷത്തിലേറെ പുതിയ നിയമനങ്ങള്‍.
2019 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം ടിസിഎസ് ഒരു വര്‍ഷം കൊണ്ട് നിയമിച്ചത് 29,287 ജീവനക്കാരെയാണ്. അതേസമയം ബാംഗളൂര്‍ ആസ്ഥാനമായുള്ള ഇന്‍ഫോസിസ് 24,016 പേരെ പുതുതായി നിയമിച്ചു. ഇതോടെ ടിസിഎസിലെ ആകെ ജീവനക്കാരുടെ എണ്ണം 4.24 ലക്ഷവും ഇന്‍ഫോസിസിലേത് 2.28 ലക്ഷവുമായി ഉയര്‍ന്നു.
സെന്റർ ഫോർ മോണിറ്ററിംഗ് ദി ഇന്ത്യൻ ഇക്കോണമി നടത്തിയ കൺസ്യൂമർ പിരമിഡ്‌സ് സർവേ (CMIE-CPDX) യിലാണ് ഈ വിവരങ്ങൾ ഉള്ളത്.
കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ ഐറ്റി നിയമനങ്ങളാണ് നടന്നത്. ഇത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവ് ആണ്.
മുമ്പ് ഓരോ വര്‍ഷവും വന്‍തോതില്‍ നിയമനം നടത്തിയിരുന്ന ഇന്ത്യന്‍ ഐറ്റി കമ്പനികള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതിയ നിയമനങ്ങളുടെ എണ്ണം കുറച്ചിരിക്കുകയായിരുന്നു.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു കമ്പനികളും ചേര്‍ന്ന് നടത്തിയത് 11,000 നിയമനങ്ങള്‍ മാത്രമായിരുന്നു. ടിസിഎസ് 7775 ഉം ഇന്‍ഫോസിസ് 3743 ഉം പേരെയാണ് അന്ന് നിയമിച്ചിരുന്നത്.
എന്നാല്‍ മുമ്പത്തെ പോലെ സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്‌സിനെയല്ല, മറിച്ച് കൃത്രിമ ബുദ്ധി, ബ്ലോക്ക് ചെയ്ന്‍, ഡാറ്റ മൈനിംഗ്, അനലറ്റിക്‌സ് തുടങ്ങിയ നൂതന മേഖലകളില്‍ പ്രാവീണ്യമുള്ളവരെയാണ് ഐറ്റി കമ്പനികള്‍ പരിഗണിക്കുന്നത്.