'ഒരു ടെലികോം കമ്പനി കൊയ്യുന്നത് അളവില്ലാത്ത ലാഭം, മറ്റുള്ളവരെല്ലാം നഷ്ടക്കയത്തില്‍' - എയര്‍ടെല്‍ സിഇഒ

ഇന്ത്യന്‍ ടെലികോം മേഖല കടന്നുപോകുന്നത് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണെന്ന് ഭാരതി എയര്‍ടെല്‍ സിഇഒ സുനില്‍ മിത്തല്‍. സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യത്തെ ടെലികോം വ്യവസായം തകരുമെന്ന് ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥ ദുഷ്‌കരമാണ്. ഒരു എതിരാളി ഒഴികെ മേഖലയില്‍ എല്ലാവരുടെയും അതിജീവനത്തിനു ഭീഷണി വന്നുപെട്ടിരിക്കുന്നു. വോഡഫോണ്‍ ഐഡിയയും എയര്‍ടെലും ബിഎസ്എന്‍എലും നഷ്ടത്തിലാണ്. ഒരു എതിരാളിക്ക് മാത്രം അളവില്ലാത്ത ലാഭം ലഭിക്കുന്നുണ്ട്. .അതിനെക്കുറിച്ച് കൂടുതല്‍ അഭിപ്രായ പ്രകടനത്തിനില്ല- അംബാനിയുടെ ജിയോയെ പരോക്ഷമായി പരാമര്‍ശിച്ച് എയര്‍ടെല്‍ മേധാവി പറഞ്ഞു.

ടെലികോം മേഖലയിലെ പ്രശ്‌നങ്ങള്‍ ആ മേഖലയ്ക്കപ്പുറത്തും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. എജിആര്‍ ഉടന്‍ അടയ്ക്കണം എന്ന സുപ്രീം കോടതി വിധി മാത്രമല്ല ടെലികോം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. രാജ്യത്തെ വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ ടെലികോം മേഖലയിലും പ്രതിഫലിക്കാം. ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും പ്രതിസന്ധിയിലാണ്.

ഇന്ത്യയിലെ ടെലികോം മേഖലയില്‍ കുറഞ്ഞത് മൂന്ന് സ്വകാര്യ കമ്പനികള്‍ വേണമെന്നും സുനില്‍ മിത്തല്‍ പറഞ്ഞു. സുപ്രീം കോടതി എജിആര്‍ അടവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവില്‍ കേന്ദ്രം അനുഭാവ പൂര്‍വ്വമായ ആശ്വസ നടപടികള്‍ നല്‍കണം എങ്കിലേ ഈ രംഗത്ത് പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ. നികുതികള്‍ കുറച്ചും മറ്റും ഈ മേഖലയെ നിലനിര്‍ത്തണം. ടെലികോം മേഖലയില്‍ അടിസ്ഥാന നിരക്ക് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.ആദ്യം 200 രൂപ, പിന്നെ ഇത് 300 രൂപയായി വര്‍ദ്ധിപ്പിക്കണം - സുനില്‍ മിത്തല്‍ പറഞ്ഞു.

അതേ സമയം ടെലികോം നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും എന്ന സൂചനകള്‍ നല്‍കി ടെലികോം റെഗുലേറ്ററി അതോറിറ്റി. ഡാറ്റയ്ക്കും, കോളുകള്‍ക്കും മിനിമം നിരക്ക് പ്രഖ്യാപിക്കാന്‍ ട്രായി ഒരുങ്ങുന്നു എന്നാണ് സൂചന. ഇതോടെ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ തങ്ങളുടെ നിരക്കുകള്‍ വളരെ താഴ്ന്ന നിലിയിലാക്കുവാന്‍ സാധിക്കില്ല. ഇതോടെ വീണ്ടും ടെലികോം കമ്പനികള്‍ പ്ലാനുകള്‍ പുന: പരിശോധിച്ചാല്‍ ഡാറ്റ കോള്‍ നിരക്കുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

. ചില ദിവസങ്ങള്‍ക്ക് മുന്‍പ് ഐഡിയ പ്രമോട്ടര്‍മാരായ ബിര്‍ള ഗ്രൂപ്പ് മേധാവി കെഎം ബിര്‍ള ഈ രംഗത്ത് സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെങ്കില്‍ ഐഡിയ വോഡഫോണ്‍ പൂട്ടിപ്പോകുമെന്ന് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ടെല്‍ മേധാവിയുടെ തുറന്നുപറച്ചില്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it