ഡൗണ്‍ലോഡ് വേഗതയിലും ജിയോ മുന്നിലെന്ന് ട്രായ്; എയര്‍ടെല്‍ 2 ാം സ്ഥാനത്ത്
രാജ്യത്തെ ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കുകളില്‍ ലഭ്യതയിലെന്നതുപോലെ ഡൗണ്‍ലോഡ് വേഗതയുടെ കാര്യത്തിലും ജിയോ മുന്നിലെത്തിയതായി ട്രായ്. ഈ സെപ്റ്റംബറില്‍ ശരാശരി ഡൗണ്‍ലോഡ് വേഗത ജിയോ സെക്കന്‍ഡില്‍ 21 മെഗാബൈറ്റ് രേഖപ്പെടുത്തിയപ്പോള്‍ ഭാരതി എയര്‍ടെല്‍ രണ്ടാമതായെന്നാണ് ട്രായ് കണ്ടെത്തിയിരിക്കുന്നത്.
ട്രായ് കണക്കു പ്രകാരം ഭാരതി എയര്‍ടെല്‍ നെറ്റ്വര്‍ക്കിന്റെ സെപ്റ്റംബറിലെ ശരാശരി 8.3 എംബിപിഎസ് ആയിരുന്നു. 6.9 എംബിപിഎസുമായി വോഡഫോണ്‍, 6.4 എംബിപിഎസ് ഐഡിയ സെല്ലുലാര്‍ എന്നിവ പിന്നിലാണ്. വോഡഫോണും ഐഡിയ സെല്ലുലറും തമ്മില്‍ ബിസിനസുകള്‍ ലയിപ്പിച്ചെങ്കിലും നെറ്റ്വര്‍ക്ക് സംയോജനം ആയിട്ടില്ല.
തത്സമയ അടിസ്ഥാനത്തില്‍ മൈ സ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇന്ത്യയിലുടനീളം ശേഖരിക്കുന്ന ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ട്രായ് ശരാശരി വേഗത കണക്കാക്കുന്നത്. ഐഡിയ സെല്ലുലാര്‍ സെപ്റ്റംബറില്‍ 5.4 എംബിപിഎസ് വേഗതയില്‍ അപ്ലോഡ് സെഗ്മെന്റില്‍ ഒന്നാം സ്ഥാനം നേടി. വോഡഫോണ്‍ ശരാശരി അപ്ലോഡ് വേഗത 5.2 എംബിപിഎസ് രേഖപ്പെടുത്തി. 4.2 എംബിപിഎസ് വേഗതയില്‍ ജിയോ മൂന്നാം സ്ഥാനത്താണ്. എയര്‍ടെലിന് 3.1 എംബിപിഎസ് ആണ് അപ്ലോഡ് വേഗതയെന്നും ട്രായ് പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
3 ജി നെറ്റ്വര്‍ക്ക് മാത്രമുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എലിന് 2.6 എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയും 1.3 എംബിപിഎസ് അപ്ലോഡ് വേഗതയുമാണുള്ളത്. അതേസമയം, സ്വകാര്യ മൊബൈല്‍ ഡാറ്റാ അനലിറ്റിക്സ് കമ്പനിയായ ഓപ്പണ്‍സിഗ്‌നല്‍ ഇക്കഴിഞ്ഞ ജൂണ്‍-ഓഗസ്റ്റ് കാലയളവിലെ ഡാറ്റ പ്രകാരം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ എയര്‍ടെല്‍ ആണ് ഏറ്റവും മികച്ച ഡൗണ്‍ലോഡ് വേഗത രേഖപ്പെടുത്തിയത്. അപ്ലോഡ് വേഗതയുടെ കാര്യത്തില്‍ മുന്നിലുള്ളത് ഐഡിയയും.
റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെലിന്റെ ഡൗണ്‍ലോഡ് വേഗത സെക്കന്‍ഡില്‍ 9.6 എംബി. ഡൗണ്‍ലോഡ് വേഗതയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഐഡിയയുടെ വേഗത സെക്കന്‍ഡില്‍ 7.9 എംബിയാണ്. മൂന്നാം സ്ഥാനത്തുള്ള വോഡഫോണിന്റേത് സെക്കന്‍ഡില്‍ 7.6 എംബിയും. സെക്കന്‍ഡില്‍ 3.2 എംബി വേഗതയില്‍ ഐഡിയ നെറ്റ്വര്‍ക്കില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കും. സെക്കന്‍ഡില്‍ 3.1 എംബിയുണ്ട് വോഡഫോണിന്റെ വേഗത. എയര്‍ടെലിന് 2.4 എംബിയും. ജിയോയുടെ വേഗത 2.1 എംബി.
ചുരുങ്ങിയ സമയത്തിനകം രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്‍ക്കായി മാറിയ ജിയോക്ക് ഡൗണ്‍ലോഡ് വേഗതയുടെ കാര്യത്തില്‍ നാലാം സ്ഥാനമേ ഓപ്പണ്‍സിഗ്‌നല്‍ റിപ്പോര്‍ട്ടിലുള്ളൂ. സെക്കന്‍ഡില്‍ 6.7 എംബിയാണ് ജിയോയുടെ ഡൗണ്‍ലോഡ് വേഗത. അതേസമയം, 4ജി നെറ്റ്വര്‍ക്ക് ലഭ്യതയില്‍ ജിയോയാണ് മുന്നില്‍. 97.8 ശതമാനം സ്ഥലത്തും ജിയോയുടെ 4ജി നെറ്റ്വര്‍ക്ക് ലഭിക്കും. രണ്ടാം സ്ഥാനത്തുള്ള എയര്‍ടെല്ലിന്റേത് 90 ശതമാനമാണ്.