സര്‍ക്കാരിന്റെ വാഗ്ദാന പ്രവാഹത്തിലും ചെറുകിടക്കാര്‍ നിലനില്‍പ്പിനായി പോരാട്ടത്തില്‍

''എനിക്ക് മൂന്ന് ബേക്കറികളുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് രണ്ടെണ്ണം പൂട്ടി. ഒരെണ്ണം തുറന്നിരിക്കുന്നത് ജീവിക്കാന്‍ വേറെ വഴിയില്ലാത്തതുകൊണ്ടാണ്,'' വയനാടുകാരനായ ഒരു സംരംഭകന്‍ സങ്കടകഥ ഒട്ടും മറയില്ലാതെ പറഞ്ഞു തുടങ്ങി. ആരും ഞങ്ങളുടെ വിഷമം കാണുന്നില്ല, നിങ്ങളെങ്കിലും എഴുതൂ... ഇതാണ് അദ്ദേഹത്തിന്റെ ആവശ്യം. ''വില്‍പ്പന നടന്നാല്‍ പോലും പണം കിട്ടുന്നില്ല. ഇതാണ് ഏറ്റവും വലിയ തലവേദന. കൊടുത്ത സാധനത്തിന്റെ വില കിട്ടാതെ നമ്മളെങ്ങനെ നമ്മുടെ സപ്ലൈയര്‍ക്ക് പണം കൊടുക്കും. രാത്രി കിടന്നാല്‍ ഉറങ്ങാന്‍ പോലും പറ്റുന്നില്ല,'' മറ്റൊരു സംരംഭകന്‍ തന്റെ അവസ്ഥ വിവരിക്കുന്നതിങ്ങനെ.

ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലെന്ന് ഭരണസാരഥികള്‍ അനുദിനം പറയുന്നുണ്ട്. ആ മേഖലയുടെ വികസനത്തിനും ബിസിനസ് സൗഹാര്‍ദപരമായ അന്തരീക്ഷം സൃഷ്ടിക്കാനും വാഗ്ദാനങ്ങള്‍ നിരവധി നടത്തുമ്പോഴും നാട്ടിലെ ചെറുകിട ബിസിനസുകളില്‍ മിക്കവയും നിലനില്‍ക്കാന്‍ കഷ്ടപ്പെടുകയാണ്. പ്രതിസന്ധിക്ക് കാരണങ്ങള്‍ പലതാണ്. ഗള്‍ഫ് പ്രതിസന്ധി, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം മൂലം ബിസിനസ് രംഗത്തെ തളര്‍ച്ച. ജനങ്ങളുടെ ചെലവിടല്‍ രീതിയില്‍ വന്ന മാറ്റം, ബിസിനസിനുള്ള ഫണ്ടിന്റെ ലഭ്യത കുറവ് അങ്ങനെ കാരണങ്ങള്‍ പലതുണ്ട്. ഇത് സംസ്ഥാനമെമ്പാടുമുള്ള ചെറുകിട സംരംഭങ്ങളെയാണ് പ്രധാനമായും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്.

കേരളത്തിലെ ചില വ്യവസായ മേഖലകളിലെ ചെറുകിടക്കാരുടെ നേര്‍ചിത്രം ഇതാ:

റബര്‍ ബാന്‍ഡ് യൂണിറ്റുകള്‍

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലും പൂവന്‍തുരുത്തിലുമെല്ലാം ഒരുകാലത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നവയാണ് റബര്‍ ബാന്‍ഡ് യൂണിറ്റുകള്‍. കുടില്‍ വ്യവസായമായി വീടുകളില്‍ വരെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നിലനില്‍ക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രം. ''ഈ രംഗത്ത് കടുത്ത മത്സരത്തെ അതിജീവിക്കാന്‍ പറ്റാതെയാണ് പല യൂണിറ്റുകളും നഷ്ടത്തിലായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡിമാന്റും കുറഞ്ഞു. ഒടുവില്‍ ഉയര്‍ന്ന ജിഎസ്ടി കൂടി വന്നതോടെ പിടിച്ചുനില്‍ക്കാന്‍ പറ്റാതെയായി. ആദ്യം റബര്‍ ബാന്‍ഡിന് 18 ശതമാനമായിരുന്നു ജിഎസ്ടി. പിന്നീടത് 12 ആക്കി. ബലൂണിന് അഞ്ചു ശതമാനമേയുള്ളൂ. ആ നിരക്കിലേക്ക് താഴ്ത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല,'' പാല മുത്തോലിയില്‍ പ്രവര്‍ത്തിക്കുന്ന കെവിആര്‍ റബേഴ്‌സിന്റെ സാരഥി കെ.വി ജോസ് പറയുന്നു.

പ്ലാസ്റ്റിക് ക്യാരിബാഗ് യൂണിറ്റുകള്‍

പ്ലാസ്റ്റിക് ക്യാരിബാഗിന്റെ കനത്തെ സംബന്ധിച്ച് പലയിടത്തുമുള്ള അവ്യക്തതയും പൂര്‍ണമായുള്ള നിരോധനവും പ്ലാസ്റ്റിക് ക്യാരിബാഗ് യൂണിറ്റുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിരിക്കുന്നു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന തരത്തിലുള്ള ക്യാരിബാഗുകള്‍ നിര്‍മിച്ചുകൊണ്ട് നിലനില്‍ക്കുന്നത് കുറച്ച് യൂണിറ്റുകള്‍ മാത്രമാണ്. പ്ലാസ്റ്റിക് റീസൈക്ലിംഗ് സംവിധാനം ശാസ്ത്രീയമായി നടപ്പാക്കിയും റോഡ് നിര്‍മാണത്തില്‍ ടാറില്‍ ഇവ ഉള്‍ച്ചേര്‍ത്തും പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കാനുള്ള സംവിധാനം സംസ്ഥാനത്തുണ്ടെങ്കില്‍ ഈ മേഖലയിലെ സംരംഭങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവുമായിരുന്നുവെന്ന് സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു.

പെയ്ന്റ് നിര്‍മാണ മേഖല

വന്‍കിടക്കാരില്‍ നിന്നുള്ള മത്സരം അതിജീവിക്കാന്‍ പറ്റാതെ കഷ്ടപ്പെടുന്നതിനിടെയാണ് ഇരുട്ടടിയായി ജിഎസ്ടി വന്നതെന്ന് സംസ്ഥാനത്തെ ചെറുകിട പെയ്ന്റ് നിര്‍മാതാക്കള്‍ പറയുന്നു. ''പെയ്ന്റ് നിര്‍മാണ മേഖലയില്‍ വമ്പന്മാര്‍ക്കും ചെറുകിടക്കാര്‍ക്കും 18 ശതമാനമാണ് ജിഎസ്ടി. ചെറുകിട സംരംഭകരുടെ സാഹചര്യം മനസിലാക്കി നികുതി ഘടനയില്‍ മാറ്റം വരുത്തിയാല്‍ കുറച്ചെങ്കിലും പ്രതിസന്ധിയെ അതിജീവിക്കാമായിരുന്നു,'' സൂപ്പര്‍ടെക് പെയ്ന്റ്‌സിന്റെ സാരഥിയും സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കോട്ടയം ജില്ലാ സെക്രട്ടറിയുമായ പി.സി രാരിച്ചന്‍ വ്യക്തമാക്കുന്നു. ചെറുകിട ഫോം ബെഡ് യൂണിറ്റുകളും വന്‍കിടക്കാരില്‍ നിന്നുള്ള മത്സരം അതിജീവിക്കാനാവാതെ തളരുകയാണ്. കയറ്റുമതി ലക്ഷ്യമാക്കി വന്‍ മുതല്‍ മുടക്കോടെ ആരംഭിച്ച കോട്ടയം ജില്ലയിലെ പല ഗ്ലൗസ് നിര്‍മാണ യൂണിറ്റുകളും നഷ്ടം മൂലം പ്രവര്‍ത്തനം അവസാനിപ്പിച്ച സ്ഥിതിയിലാണ്. ഇതോടെ വന്‍തോതില്‍ തൊഴില്‍ നഷ്ടവും ഉണ്ടായിട്ടുണ്ട്.

ലാറ്റക്‌സ് നിര്‍മാണ യൂണിറ്റുകള്‍

റബര്‍ വിലയിലുണ്ടായ ഇടിവും റബര്‍ മേഖലയിലെ പ്രതിസന്ധിയും മൂലം സെന്‍ട്രിഫ്യൂജ് ലാറ്റക്‌സ് നിര്‍മാണ യൂണിറ്റുകളുടെ പ്രവര്‍ത്തനവും അവതാളത്തിലാണ്.

റൈസ് പോളിഷിംഗ് മെഷീന്‍

ജിഎസ്ടി മൂലം പ്രശ്‌നത്തിലായിരിക്കുന്ന മറ്റ് മേഖലകളില്‍ ചിലതാണ് റൈസ് പോളിഷിംഗ് മെഷീന്‍ നിര്‍മാണ യൂണിറ്റുകളും റബറൈസ്ഡ് കയര്‍ മാറ്റ് യൂണിറ്റുകളും. ''റൈസ് പോളിഷിംഗ് മെഷീനുകളെ റബര്‍ ഉല്‍പ്പന്നമായി പരിഗണിച്ച് 18 ശതമാനം ജിഎസ്ടി ഈടാക്കുമ്പോള്‍ ഇതേ മെഷീന്‍ പശ്ചിമ ബംഗാളില്‍ അഗ്രോ മെഷിനറി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അഞ്ച് ശതമാനം ജിഎസ്ടിയാണ് ചുമത്തുന്നത്. കേരളത്തില്‍ നിന്ന് റബര്‍ കൊണ്ടുപോയി അതുപയോഗിച്ച് പശ്ചിമ ബംഗാളില്‍ മെഷീന്‍ നിര്‍മിച്ച് കുറഞ്ഞ വിലയില്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ വിപണനം ചെയ്യാന്‍ തുടങ്ങിയതോടെ കേരളത്തിലെ മെഷീനുകള്‍ക്ക് ആവശ്യക്കാരില്ലാതായി. ഈ അപാകത പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പലവട്ടം സമീപിച്ചെങ്കിലും ഇതുവരെ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല,'' ഏഷ്യന്‍ റബേഴ്‌സിന്റെ ഉടമയും ചങ്ങനാശ്ശേരി വ്യവസായ അസോസിയേഷന്‍ പ്രസിഡന്റുമായ വില്‍സണ്‍ ജോസ് ചൂണ്ടിക്കാട്ടുന്നു.

വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റുകള്‍

നാളികേരത്തിന്റെ നാടായ കേരളത്തില്‍ തേങ്ങ ഉല്‍പ്പാദനത്തില്‍ വന്ന കുറവു മൂലം വെളിച്ചെണ്ണ ഉല്‍പ്പാദന യൂണിറ്റുകള്‍ക്ക് നാളികേരത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ ചെറുകിട വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റുകള്‍ക്ക് നിലനില്‍പ്പ് പ്രശ്‌നത്തിലാണ്. ഇതോടൊപ്പം ഗുണമേന്മ കുറഞ്ഞതും മായം കലര്‍ന്നതുമായ വെളിച്ചെണ്ണയും സംസ്ഥാനത്തെ വിപണിയിലേക്ക് വരുന്നുണ്ടെന്ന് ഈ രംഗത്തെ മില്ലുകാര്‍ ചൂണ്ടിക്കാട്ടുന്നു. കാലിത്തീറ്റ നിര്‍മാണ വിതരണക്കാര്‍, വളം വില്‍പ്പനക്കാര്‍ എന്നിവരെ കാര്‍ഷിക, ക്ഷീരോല്‍പ്പാദന രംഗത്തെ പ്രശ്‌നങ്ങള്‍ കാര്യമായി ബാധിക്കുന്നുണ്ട്.

എന്നാല്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും രജത രേഖകള്‍ കണ്ടെത്തുന്ന സംരംഭകരുണ്ട്. ചെലവ് കുറച്ചും പുതിയ വിപണികളിലേക്ക് കടന്നുമൊക്കെയാണ് അവര്‍ മോശം സാഹചര്യങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത്. ആത്മവിശ്വാസം കൈവെടിയാതെ നൂതന വഴികള്‍ കണ്ടെത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു ചെറുകിട ബിസിനസുകളുടെ ഭാവി എന്നതാണ് വാസ്തവം. ''കുടുംബ ബിസിനസിന്റെ സാരഥ്യത്തിലേക്ക് ഞാന്‍ വന്നിട്ട് 30 വര്‍ഷത്തോളമായി. കഴിഞ്ഞ കാലത്തെല്ലാം നല്ല നിലയിലാണ് ബിസിനസ് മുന്നോട്ടുപോയത്. ഇപ്പോള്‍ കുറച്ചു പ്രശ്‌നങ്ങളുണ്ട്. പക്ഷേ അതിനെ ഒരു പഠന പ്രക്രിയയായി കണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയെന്ന സമീപനമാണ് ഞാന്‍ സ്വീകരിക്കുന്നത്,'' കൊച്ചിയിലെ ഒരു സംരംഭകന്‍ പറയുന്നു.

ആവശ്യങ്ങള്‍ നിരവധി

നിലനില്‍പ്പിനായി കഷ്ടപ്പെടുന്ന ചെറുകിട സംരംഭകര്‍ മുന്നോട്ടുവെയ്ക്കുന്ന പ്രധാന ആവശ്യങ്ങളില്‍ ചിലത്.

വ്യവസായ രംഗത്ത് ഉള്ളവര്‍ക്ക് അടിയന്തര സഹായത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുക.

വ്യവസായ സംരംഭങ്ങളുടെ കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നിലപാടുകള്‍ യൂണിയനുകളും സര്‍ക്കാര്‍ വകുപ്പുകളും കൈകൊള്ളുക.

ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിച്ച് ചെറുകിട സംരംഭകര്‍ക്ക് അനുകൂലമാകും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുക.

ഏകജാലക സമ്പ്രദായം കുറ്റമറ്റ രീതിയിലാക്കുക.

വ്യവസായ എസ്റ്റേറ്റുകളിലെ സെയ്ല്‍ ഡീഡ് സംബന്ധമായ അപാകതകള്‍ പരിഹരിക്കുക.

സര്‍ക്കാര്‍ ഉറപ്പുകള്‍ പോലും നടപ്പാകുന്നില്ല

കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴും പല രംഗത്തും പഴയ സ്ഥിതിയാണ് തുടരുന്നതെന്ന് സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു. ചെറുകിട വ്യവസായ വികസനത്തിനായുള്ള വ്യവസായ എസ്റ്റേറ്റുകളില്‍ പട്ടയം ലഭിക്കാത്തവര്‍ ഇപ്പോഴുമുണ്ട്. സംരംഭം അവസാനിപ്പിക്കാന്‍ വേണ്ടി വ്യവസായ എസ്റ്റേറ്റിലെ സ്ഥലവും സ്ഥാപനവും വില്‍ക്കാന്‍ പോയാലും നൂലാമാലകള്‍ നിരവധി.

പത്തും പതിനഞ്ചും വര്‍ഷങ്ങള്‍ക്കു മുമ്പേ സര്‍ക്കാര്‍ വാഗ്ദാനമനുസരിച്ച് ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥയിലോ മുഴുവന്‍ പണമടച്ചോ അലോട്ട്‌മെന്റ് ലഭിച്ച വ്യവസായ ഭൂമി ചെറുകിട വ്യവസായികള്‍ക്ക് വ്യവസായ ആവശ്യത്തിനു മാത്രം ഉപയോഗിക്കാമെന്ന നിബന്ധനയില്‍ പോക്കുവരവ് നടത്തി ലാന്‍ഡ് ടാക്‌സ് അടച്ചു നല്‍കുവാന്‍ വ്യവസായ വകുപ്പ് തയാറാകണമെന്ന് സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമെല്ലാം വ്യവസായ വികസന എസ്റ്റേറ്റുകളില്‍ രണ്ടു വര്‍ഷം വ്യവസായം നടത്തിക്കഴിഞ്ഞാല്‍ സെയ്ല്‍ ഡീഡ് ലഭിക്കുമെങ്കിലും ഇവിടെ അതല്ല സ്ഥിതിയെന്ന് സംരംഭകര്‍ പറയുന്നു. ഇത് മൂലം ബാങ്ക് വായ്പയ്ക്കും മറ്റും കൊളാറ്ററല്‍ സെക്യൂരിറ്റിയായി സ്ഥലവും ഫാക്ടറിയും അതിലെ മെഷിനറിയും ഒന്നും നല്‍കാന്‍ സാധിക്കുന്നില്ലെന്ന പരാതിയാണ് സംരംഭകര്‍ക്കുള്ളത്.

എന്നാല്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ സെയ്ല്‍ ഡീഡ് നല്‍കിയിട്ടുമുണ്ട്. ബിസിനസ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഏറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും കൃഷി വകുപ്പ്, ജിയോളജി, പരിസ്ഥിതി വകുപ്പ്, ഭക്ഷ്യ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള അനുമതിക്ക് ഇപ്പോഴും ഏറെ കാലതാമസമുണ്ടെന്നും സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ലഭിക്കാനും കാലതാമസം നേരിടുന്നുണ്ടെന്ന് സംരംഭകര്‍ക്ക് പരാതിയുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it