പുതിയ നികുതി സമ്പ്രദായം : നികുതിയെ കുറിച്ച് ആധിയില്ലാതെ നിക്ഷേപിക്കാം
കൊറോണയിലും ലോക്ക് ഡൗണിലും മുങ്ങി നില്‍ക്കുന്നതിനിടയില്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയത് ശ്രദ്ധിക്കാതെ പോയോ? പുതിയ വര്‍ഷത്തെ നികുതിയാസൂത്രണത്തിനു തുടക്കമിടേണ്ട സമയമാണിത്. വരുമാന നികുതിയടയക്കുന്നവര്‍ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടു ഓപ്ഷനുകള്‍ വെച്ചിട്ടുണ്ട്. ആദ്യത്തേക്ക് പഴയ പോലെ തന്നെ ഉയര്‍ന്ന നിരക്ക് തെരഞ്ഞെടുക്കുകയും വിവിധ നിക്ഷേപങ്ങളുടെയും ചെലവുകളുടെയും അടിസ്ഥാനത്തില്‍ നികുതിയിളവ് നേടുകയും ചെയ്യാം. മറ്റൊന്ന് നികുതിയിളവുകളില്ലാതെ കുറഞ്ഞ നിരക്കില്‍ നികുതിയടക്കാം.
ഇക്കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്കിലുള്ള നികുതി സ്ലാബ് തെരഞ്ഞെടുക്കുമ്പോള്‍ സെക്ഷന്‍ 80 സി പ്രകാരമുള്ള ഇളവുകള്‍ ലഭിക്കില്ല. എന്നു കരുതി നിക്ഷപം നടത്തരുതെന്നില്ല. നികുതിയിളവിനായല്ലാതെ അതില്‍ നിന്നുള്ള നേട്ടം മാത്രം മുന്നില്‍ കണ്ട് നിക്ഷേപിക്കാമെന്ന സൗകര്യം ഇത് നല്‍കുക കൂടി ചെയ്യുന്നുണ്ട്.
പുതിയ നികുതി സ്ലാബ് തെരഞ്ഞെടുത്തവര്‍ നിക്ഷേപം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സില്‍ വെക്കുക
1. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക
നിങ്ങളുടെ നിക്ഷേപ തീരുമാനം സാമ്പത്തിക ലക്ഷ്യം തിരിച്ചറിഞ്ഞാവണം. മാത്രമല്ല, നഷ്ടസാധ്യതകള്‍, പണമാക്കി മാറ്റാനുള്ള സൗകര്യം എന്നിവയ്ക്കും മുന്‍ഗണന നല്‍കാം. മറിച്ച് മുമ്പ് ചെയ്തപോലെ എത്രമാത്രം നികുതിയിളവ് അതിലൂടെ ലഭിക്കും എന്ന് നോക്കേണ്ടതില്ല. വീട് സ്വന്തമാക്കുന്നതും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതും മതിയായ റിട്ടയര്‍മെന്റ് ഫണ്ട് കണ്ടെത്തുന്നതുമൊക്കെയാവട്ടെ ലക്ഷ്യം.
2. നികുതി ലാഭിക്കാവുന്ന നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുക
മികച്ച നികുതി ശേഷ നേട്ടം നല്‍കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍. ഉദാഹരണത്തിന് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് 7.1 ശതമാനം പൂര്‍ണമായും നികുതി വിമുക്തമായ വരുമാനം ലഭിക്കുമ്പോള്‍ എട്ടു ശതമാനം പലിശ നല്‍കുന്ന സ്ഥിര നിക്ഷേപത്തില്‍ നിന്ന്, 30 ശതമാനം സ്ലാബിന് മുകളിലുള്ള ഒരാള്‍ക്ക് ഫലത്തില്‍ ലഭിക്കുക 5.6 ശതമാനം മാത്രമാണ്.
അതേപോലെ ഓഹരിയില്‍ അധിഷ്ഠിതമായ നിക്ഷേപങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് 10 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും. എന്നാല്‍ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള നേട്ടത്തിന് 20.6 ശതമാനം നികുതി ചുമത്തുന്നുണ്ട്.
3. വൈവിധ്യവത്കരണം വേണം
ഉദ്ദേശിച്ചതു പോലുള്ള നേട്ടം ലഭിക്കണമെങ്കില്‍ നിക്ഷേപ നഷ്ടസാധ്യത കുറഞ്ഞ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിവിധ അസറ്റ് ക്ലാസുകളിലായി വൈവിധ്യവത്കരണത്തിലൂടെ നിക്ഷേപിക്കുകയാണ് അതിന് വേണ്ടത്. ഓഹരിയധിഷ്ഠിത നിക്ഷേപത്തില്‍ നിന്ന് ഉയര്‍ന്ന നേട്ടം ലഭിക്കാനുള്ള സാധ്യതയുണ്ടെങ്കിലും സ്ഥിരതയില്ല. അതേസമയം സ്ഥിര നിക്ഷേപങ്ങള്‍ സുരക്ഷിതമാണെങ്കിലും കുറഞ്ഞ നേട്ടം മാത്രമേ നല്‍കൂ. അതുപോലെ സ്വര്‍ണ നിക്ഷേപത്തിന് മികച്ച നേട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എസ്‌ഐപി പോലുള്ള ഇന്‍സ്റ്റാള്‍മെന്റ് രീതിയില്‍ നിക്ഷേപിക്കുന്നത് വലിയ ബാധ്യത വരുത്തി വെക്കില്ല. അതേസമയം സാമ്പത്തിക ലക്ഷ്യം കൈവരിക്കാനുമാകും.
4. മാതാപിതാക്കളുടെ പേരില്‍ നിക്ഷേപിക്കാം
മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് ബാങ്കുകള്‍ ഉയര്‍ന്ന പലിശ നല്‍കാറുണ്ട്. മാത്രവുമല്ല നിങ്ങളേക്കാള്‍ കുറഞ്ഞ നികുതി നിരക്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ളത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline