2019 ജനുവരി ഒന്നുമുതൽ ഈ മാറ്റങ്ങൾ നിലവിൽ വരും

പുതു വർഷത്തിനൊപ്പം നിരവധി മാറ്റങ്ങളാണ് വിവിധ ചട്ടങ്ങളിൽ വന്നിരിക്കുന്നത്. ബാങ്കിംഗ്, നികുതി തുടങ്ങിയ മേഖലകളിലുൾപ്പെടെ വന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

പുതിയ ജിഎസ്ടി നിരക്ക്

പുതുക്കിയ ജിഎസ്ടി നിരക്കുകൾ ഇന്നു മുതൽ നിലവിൽ വരുന്നതോടെ 23 ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വില കുറയും. സിനിമ ടിക്കറ്റ്, വീഡിയോ ഗെയിം, 32-ഇഞ്ച് ടിവി തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഡിസംബർ 22 ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് നിരക്കുകൾ വെട്ടിച്ചുരുക്കിയത്. ഏറ്റവും ഉയർന്ന ടാക്സ് ബ്രോക്കറ്റിൽ (28 ശതമാനം) 34 ഉൽപന്നങ്ങൾ മാത്രമായി. ആഡംബര വസ്തുക്കളുടെ വിഭാഗത്തിൽ പെടുന്ന ഉൽപന്നങ്ങളാണിവ. 7 ഉൽപന്നങ്ങളെ 28% നികുതി സ്ലാബിൽ നിന്ന് ഒഴിവാക്കി.

കൂടുതൽ അറിയാം: ജിഎസ്ടി നിരക്കുകൾ കുറച്ചു; 28% നികുതി 34 ഉൽപന്നങ്ങൾക്ക് മാത്രം

ചിപ്പുള്ള ഡെബിറ്റ് കാര്‍ഡ്

ജനുവരി ഒന്നുമുതൽ ബാങ്ക് ഉപഭോക്താക്കൾ ചിപ്പ് ഘടിപ്പിച്ച പുതിയ എടിഎം കാർഡിലേക്ക് മാറണം. പഴയ മാഗ്ന്റ്റിക് സ്ട്രാപ്പ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇനി ഇടപാടുകള്‍ നടത്താനാകില്ല. ഇനിയും കാർഡ് മാറിയിട്ടില്ലാത്തവർ ബാങ്കുമായി ബന്ധപ്പെട്ട് ചിപ്പ് അധിഷ്ഠിത ഇഎംവി കാർഡുകൾ നേടേണ്ടതാണ്. പുതിയ കാർഡിന് ചാർജ് നൽകേണ്ടതില്ല.

കൂടുതൽ അറിയാം: ചിപ്പുള്ള ഡെബിറ്റ് കാര്‍ഡിലേക്ക് ഇനിയും മാറിയില്ലേ?

പുതിയ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ

ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പുതിയ ചട്ടങ്ങൾ ഇന്ന് മുതൽ നിലവിൽ വരും. പയർവർഗ്ഗങ്ങൾ, ഓർഗാനിക് ഭക്ഷ്യ വസ്തുക്കൾ, തേൻ എന്നിവയുൾപ്പെടെയുള്ള ഉല്പന്നങ്ങൾക്ക് ഇത് ബാധകമായിരിക്കും. പഴം-പച്ചക്കറികൾക്കുള്ള മൈക്രോ ബയോളോജിക്കൽ മാനദണ്‌ഡങ്ങളും നിലവിൽ വരും.

ഐറ്റി റിട്ടേൺ

കേരളത്തിലെ നികുതിദായകർ ഒഴിച്ചുള്ളവർക്ക് വൈകി റിട്ടേൺ സമർപ്പിക്കുന്നതിന് ഇനി ഇരട്ടി പിഴ നൽകേണ്ടി വരും. ഓഗസ്റ്റ് 31 ആയിരുന്നു ആദായനികുതി സമർപ്പിക്കുന്നതിനുള്ള അവസാനതീയതി. കേരളത്തിലുള്ളവർക്ക് സെപ്റ്റംബർ 15 ഉം. ഓഗസ്റ്റ് 31 ന് റിട്ടേൺ സമർപ്പിക്കാത്തവർ 2018 ഡിസംബർ 31 നോ അതിനു മുൻപോ ഫയൽ ചെയ്താൽ 5,000 രൂപ പിഴയടച്ചാൽ മതിയായിരുന്നു. 2019 ജനുവരി ഒന്നിനും മാർച്ച് 31 നും ഇടയിൽ റിട്ടേൺ സമർപ്പിക്കുമ്പോൾ 10,000 രൂപ നൽകണം. അഞ്ച് ലക്ഷത്തിൽ താഴെയാണ് വരുമാനമെങ്കിൽ പിഴ 1000 രൂപയിൽ കൂടില്ല.

നോൺ-സിടിഎസ് ചെക്കുകൾ

2018 ഡിസംബർ 31 ന് ശേഷം നോൺ-സിടിഎസ് ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കില്ല. ആർബിഐ നിർദേശമനുസരിച്ച് 2018 സെപ്റ്റംബർ ഒന്നിന് ശേഷം നോൺ-സിടിഎസ് ചെക്കുകളുടെ ക്ലിയറിങ് മാസത്തിൽ ഒന്നാക്കി ചുരുക്കിയിരുന്നു. നിങ്ങളുടെ കൈവശം നോൺ-സിടിഎസ് ചെക്കുകൾ ഉണ്ടെങ്കിൽ ബ്രാഞ്ചുമായി ബന്ധപ്പെട്ട് സിടിഎസ് ചെക്കുകൾ വാങ്ങണം. ചെക്ക് ലീഫിന്റെ ഇടതുവശത്തായി CTS-2010 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണം.

എൻപിഎസ് നികുതിയിളവ്

റിട്ടയര്‍മെന്റ് സേവിംഗ്‌സ് അക്കൗണ്ടായ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എൻപിഎസിൽ നിന്ന് പിൻവലിക്കുന്ന തുകയ്ക്ക് പൂർണ നികുതിയിളവ് നൽകിയിട്ടുണ്ട്. മാറ്റം ജനുവരി ഒന്നുമുതൽ നിലവിൽ വരും. വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന 60 ശതമാനം തുകയ്ക്കും ഇനി നികുതിയിളവ് ലഭിക്കും (മുൻപ് ഇളവ് ലഭിച്ചിരുന്നത് 40 ശതമാനം തുകയ്ക്ക് മാത്രമായിരുന്നു).
ബാക്കിയുള്ള 40 ശതമാനം തുക ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കണം. ഈ തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.

കൂടുതൽ അറിയാം: നികുതിയിളവ്, ഉയർന്ന സർക്കാർ വിഹിതം; അടിമുടി മാറ്റങ്ങളോടെ എൻപിഎസ്

ഡ്രൈവറുടെ ഇൻഷുറൻസ് കവർ

വാഹന ഉടമയായ ഡ്രൈവറുടെ മോട്ടോര്‍ ഇന്‍ഷുറന്‍സ് തുക 15 ലക്ഷം രൂപയാക്കി ഉയര്‍ത്തി. അപകടത്തില്‍ വാഹന ഉടമയ്ക്ക് അപായം സംഭവിച്ചാല്‍ ഏറ്റവും കുറഞ്ഞത് 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവര്‍ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിട്ടി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.ഐ) ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം കൂടിയ സ്ഥിതിക്ക് മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയവും വര്‍ധിക്കും. മാറ്റം ഇന്നു മുതൽ പ്രാബല്യത്തിൽ.

കൂടുതൽ അറിയാം: മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും, ഡ്രൈവറുടെ ഇന്‍ഷുറന്‍സ് കവര്‍ 15 ലക്ഷമാക്കി


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it