കേരളത്തിലെ മൂന്ന് സ്റ്റോക്ക് ബ്രോക്കിങ് കമ്പനികൾ ലയിക്കുന്നു 

കേരളം ആസ്ഥാനമായുള്ള മൂന്ന് മുൻനിര സ്റ്റോക്ക് ബ്രോക്കിങ് കമ്പനികളുടെ ലയനത്തിന് നടപടികൾ പുരോഗമിക്കുന്നു.

കൊച്ചിയിലെ സെലിബ്രസ് ക്യാപിറ്റൽ, തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെയർവെൽത്ത് സെക്യൂരിറ്റീസ് എന്നീ കമ്പനികൾ കൊച്ചിയിലെ തന്നെ അക്യൂമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യയുമായിട്ടാണ് ലയിക്കുന്നത്.

ലയനത്തിന് സെബി അനുമതി നൽകിക്കഴിഞ്ഞു. ഒരു മാസത്തിനുള്ളിൽ ഇതിനു വേണ്ട നടപടികൾ പൂർത്തീകരിക്കുമെന്നാണ് അറിയുന്നത്.

നിലവിൽ കേരളത്തിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനികൾക്ക് ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടകം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഫ്രാഞ്ചൈസികളും ശാഖകളും ഉണ്ട്.

സെലിബ്രസ് അതിന്റെ എല്ലാ ബിസിനസുകളും ലയിപ്പിക്കുമ്പോൾ ഷെയർവെൽത്ത് തങ്ങളുടെ സാമ്പത്തിക വിപണിയിലെ പ്രവർത്തനങ്ങളും ജീവനക്കാരെയും മാത്രമേ അക്യൂമെന്നുമായി കൂട്ടിച്ചേർക്കുന്നുള്ളൂ.

ലയനത്തിന് ശേഷം അക്ഷയ് അഗർവാൾ അക്യൂമെൻ മാനേജിങ് ഡയറക്ടർ ആയി തുടരും. സെലിബ്രസ് അഡീഷണൽ ഡയറക്ടർ ജിബി മാത്യു, ഷെയർവെൽത്ത് മാനേജിങ് ഡയറക്ടറും സിഇഒയുമായ ടി ബി രാമകൃഷ്‌ണൻ എന്നിവർ പുതിയ കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടർമാരാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it