ടിക്ടോക്കിന് 5000 കോടി ഡോളര്‍ വില അമിതം: മൈക്രോസോഫ്റ്റ്

മൂന്നു വര്‍ഷം മുമ്പ് 100 കോടി ഡോളറിനു നടത്താമായിരുന്ന ഇടപാട്

tik tok could become deal of the decade
-Ad-

ടിക് ടോക്കിനെ ഭാഗികമായി വാങ്ങാന്‍ സോഫ്റ്റ്‌വെയര്‍ ഭീമന്മാരായ മൈക്രോസോഫ്റ്റ് നടത്തിവരുന്ന ചര്‍ച്ചയിലെ മുഖ്യ വിഷയം പണം തന്നെ.
ഇപ്പോഴത്തെ അവസ്ഥയില്‍ ടിക്ടോകിന് വിലയായി ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സ് ചോദിക്കുന്നത് 5000 കോടി ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.ഈ തുക അമിതമാണെന്ന നിലപാടിലാണ് മൈക്രോസോഫ്റ്റ്. മൂന്നു വര്‍ഷം മുമ്പ് 100 കോടി ഡോളറിന് മൈക്രോസോഫ്റ്റിന് വാങ്ങാന്‍ കഴിയുമായിരുന്നു ഇതെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ ഒരു ലേഖനം അഭിപ്രായപ്പെടുന്നത്.

ബൈറ്റ്ഡാന്‍സും സത്യാ നദെലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് അമേരിക്കയിലെ വിദേശ നിക്ഷേപ സമിതിയാണ്. ഏത് കരാറും തടയാന്‍ അവകാശമുള്ള യുഎസ് ഗവണ്‍മെന്റ് പാനലാണിത്.’പ്രസിഡന്റിന്റെ ആശങ്കകള്‍ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം മൈക്രോസോഫ്റ്റ് പൂര്‍ണ്ണമായി വിലമതിക്കുന്നു. സമ്പൂര്‍ണ്ണ സുരക്ഷാ അവലോകനത്തിന് വിധേയമായി ടിക് ടോക്ക് ഏറ്റെടുക്കുന്നതിനും യുണൈറ്റഡ് ട്രഷറി ഉള്‍പ്പെടെയുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിന് ശരിയായ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്’-മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച ചോദ്യങ്ങളോട്  ബൈറ്റ്ഡാന്‍സും വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല.

നിര്‍ദ്ദിഷ്ട കരാര്‍ പ്രകാരം, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ടിക്ക് ടോക്കിന്റെ അമേരിക്കന്‍ ഉപയോക്താക്കള്‍ കൈമാറുന്ന എല്ലാ സ്വകാര്യ ഡാറ്റയും അമേരിക്കയില്‍ തന്നെ നിലനില്‍ക്കുമെന്ന് ഇത് ഉറപ്പാക്കുമെന്നും മൈക്രോസോഫ്റ്റ്  വ്യക്തമാക്കി. ടിക് ടോക്കിലെ ന്യൂനപക്ഷ ഓഹരികള്‍ സ്വന്തമാക്കാന്‍ മൈക്രോസോഫ്റ്റ് മറ്റ് അമേരിക്കന്‍ നിക്ഷേപകരെ ക്ഷണിച്ചേക്കും. ബൈറ്റ്ഡാന്‍സ് നിക്ഷേപകരില്‍ 70% വും അമേരിക്കയില്‍ നിന്നാണ്. അമേരിക്കന്‍ സോഷ്യല്‍ മീഡിയയില്‍ ടിക്ടോക്കിനെ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വലിയ ക്യാംപെയിന്‍ നടക്കുന്നുണ്ട്. ടിക് ടോകിനെ നിര്‍ബന്ധമായും വാങ്ങണം എന്നാണ് വലിയൊരു വിഭാഗത്തിന്റെ ആവശ്യം.

-Ad-

ഈ ഇടപാട് നടന്നാല്‍ മൈക്രോസോഫ്റ്റിന് ടെക് ലോകത്തുള്ള മുഖം തന്നെ പരിഷ്‌കരിക്കപ്പെടും എന്ന അഭിപ്രായവും വ്യാപകം. ടെക് ലോകത്തെ ആദ്യ തലമുറക്കമ്പനിയായാണ് മൈക്രോസോഫ്റ്റിന് യുവതലമുറയ്ക്ക് മുന്നിലുള്ള പ്രതിച്ഛായ. എന്നാല്‍ ഏറെ യുവാക്കള്‍ ഉള്‍പ്പെടുന്ന ഒരു ആപ്പ് സ്വന്തമാക്കുന്നതോടെ യുവാക്കള്‍ക്കിടയില്‍ മൈക്രോസോഫ്റ്റിന് ഒരു പുതിയ ഇമേജ് ലഭിക്കും എന്നാണു നിരീക്ഷണം. അതേസമയം, ഇത്തരം  കമ്പനികളുടെ ഏറ്റെടുക്കലുകളില്‍ അത്ര നല്ല ചരിത്രമല്ല മൈക്രോസോഫ്റ്റിന് ഉള്ളതെന്ന വിശദീകരണങ്ങളുമുണ്ട്.

ഒരു കാലത്ത് ജനപ്രിയമായിരുന്ന നോക്കിയ ഫോണില്‍ വിന്‍ഡോസ് ഒഎസ് പരീക്ഷിച്ച ശേഷം സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് ഏറ്റെടുത്ത ചരിത്രം മൈക്രോസോഫ്റ്റിനുണ്ട്. ഒടുവില്‍ ആ ഇടപാടില്‍ കൈപൊള്ളി് നോക്കിയയെ മൈക്രോസോഫ്റ്റ് ഒഴിവാക്കി. ഇതേ അവസ്ഥ ടിക് ടോക്കിന് വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മൈക്രോസോഫ്റ്റ് ഏറ്റെടുത്ത പ്രഫഷണല്‍ സോഷ്യല്‍ പ്ലാറ്റ്‌ഫോം ലിങ്ക്ഡ് ഇന്‍ ഇപ്പോള്‍ നല്ല അവസ്ഥയില്‍ അല്ല.5000 കോടി ഡോളറും മറ്റും നല്‍കി, സത്യാ നദെലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് അത് മുതലാക്കുമോ എന്ന കാര്യത്തില്‍ സംശയമുയര്‍ത്തുന്നവരും കുറവല്ല.

ഇതിനിടെ, ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ ബൈഡു സെര്‍ച്ച്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വെയ്ബോ എന്നിവയും ഇന്ത്യയില്‍ വിലക്കി.ചൈനയുടെ തന്ത്രപ്രധാനമായ ഉത്പന്നങ്ങളാണ് വെയ്‌ബോയും ബൈഡുവും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍നിന്നും ഇവ നീക്കം ചെയ്യാനും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകളോട് വിലക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം 27ന് കേന്ദ്രം നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍പ്പെടുന്നതാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടുതല്‍ ആപ്പുകള്‍ നിരോധിക്കുന്നതിനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

ടിക്ടോക്, യുസി ബ്രൗസര്‍, ഹലോ, ഷെയര്‍ ഇറ്റ് തുടങ്ങി 59 ആപ്പുകളാണ് ആദ്യം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. പിന്നാലെ ഇവയുടെ ക്ലോണ്‍ ആപ്പുകളായ 47 എണ്ണവും നിരോധിച്ചു. രാജ്യാന്തര തലത്തില്‍ 500 ദശലക്ഷം ഉപഭോക്താക്കളാണ് വെയ്‌ബോയ്ക്കുള്ളത്. 2015ലെ ചൈനീസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ മോദിയും വെയ്‌ബോയില്‍ അക്കൗണ്ട് എടുത്തിരുന്നു. എന്നാല്‍ ഇന്ത്യ  ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഈ അക്കൗണ്ട് അദ്ദേഹം ഡിലീറ്റ് ചെയ്തു. രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സും 100ല്‍ അധികം പോസ്റ്റുകളുമാണ് മോദിയുടെ വെയ്‌ബോ അക്കൗണ്ടിനുണ്ടായിരുന്നത്.

ഇന്ത്യയില്‍ വേരുറപ്പിക്കുന്നതിനുള്ള കഠിനശ്രമത്തിലായിരുന്നു ബൈഡു.  ബൈഡു സിഇഒ റോബിന്‍ ലി ഐഐടി മദ്രാസില്‍ ഈ ജനുവരിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആദ്യം നിരോധിച്ച ആപ്പുകളുടെ തനിപകര്‍പ്പായ ടിക്ടോക് ലൈറ്റ്, ലൈക്കീ ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ്, ഷെയര്‍ഇറ്റ് ലൈറ്റ്, കാംസ്‌കാനര്‍ എച്ച്ഡി എന്നിവ രണ്ടാമത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വകാര്യതയിലേക്കും പരമാധികാരത്തിലേക്കും നുഴഞ്ഞുകയറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചൈനീസ് ആപ്പുകളെക്കുറിച്ച് ഇതേ ആക്ഷേപം അമേരിക്കയിലും ജപ്പാനിലും ബ്രിട്ടനിലുമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here