സ്മാര്‍ട്ട് ടി.വി ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് വണ്‍പ്ലസും മോട്ടറോളയും ; വില താഴും
ഇന്ത്യയിലെ ലാര്‍ജ് സ്‌ക്രീന്‍ സ്മാര്‍ട്ട് ടെലിവിഷന്‍ വിപണിയില്‍ തരംഗങ്ങളുണര്‍ത്തി വണ്‍പ്ലസ്, മോട്ടറോള എന്നീ വലിയ ബ്രാന്‍ഡുകള്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്‌ക്കെത്തുന്നു. ഈ വിഭാഗത്തിലെ ഉല്‍പ്പന്നങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ വില 10 % വരെ വില കുറയാന്‍ ഇതിടയാക്കുമെന്ന കണക്കുകൂട്ടലിലാണ് വിപണി വൃത്തങ്ങള്‍.
ഉത്സവ സീസണില്‍ 50 ഇഞ്ചിലും അതിനുമുകളിലുള്ള സ്‌ക്രീന്‍ വലുപ്പത്തിലും 5-10 ശതമാനം വിലക്കുറവുണ്ടാകുമെന്ന് കൊഡാക്ക്, തോംസണ്‍, ബിപിഎല്‍ എന്നിവ സൂചിപ്പിക്കുന്നു. 32, 42 ഇഞ്ചുകള്‍ ഇതിനകം തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണു വില്‍ക്കുന്നതെന്നും ഇനി താഴേക്കു പോകാനാകില്ലെന്നും ബിപിഎല്‍ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മന്‍മോഹന്‍ ഗണേഷ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഷവോമിയുടെ കടന്നുവരവ് 42 ഇഞ്ച് വരെ സ്‌ക്രീന്‍ വലുപ്പമുള്ള ചെറിയ ഇനം ടിവികളുടെ വില കുറയാന്‍ ഇടയാക്കിയിരുന്നു. ഇപ്പോഴാകട്ടെ 50 ഇഞ്ചും അതില്‍ക്കൂടുതലും ഉള്ളതിന്റെ കാര്യത്തിലാണ് വില താഴുകയെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ അറിയിച്ചു. അഭൂതപൂര്‍വമായ മത്സരവും മോശം വില്‍പ്പനയും കാരണം കഴിഞ്ഞ ഏതാനും ത്രൈമാസങ്ങളില്‍ പൊതുവേ മാന്ദ്യമാണ് വിപണിയില്‍ അനുഭവപ്പെട്ടിരുന്നത്. അതിനു മാറ്റം വന്നിട്ടില്ല. ഈ ഉത്സവ സീസണില്‍ ടി.വി വില ഏറ്റവും താഴ്ന്നതായിരിക്കുമെന്ന് കൊഡാക്ക്, തോംസണ്‍ ടെലിവിഷന്‍ ബ്രാന്‍ഡുകളുടെ ലൈസന്‍സിയായ സൂപ്പര്‍ പ്ലാസ്‌ട്രോണിക്സ് സിഇഒ അവ്നിത് സിംഗ് മര്‍വ പറഞ്ഞു.
വിപണി ഇപ്രകാരം മുമ്പു പരിചിതമല്ലാത്ത സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് രണ്ട് വന്‍കിട ഇ-കൊമേഴ്സ് കമ്പനികള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഉത്സവ വില്‍പ്പന മുന്നില്‍ക്കണ്ട് കരുക്കള്‍ നീക്കുന്നത്. ആമസോണിലൂടെ വണ്‍പ്ലസ് ടിവിയും ഫ്‌ളിപ്കാര്‍ട്ടിലൂടെ മോട്ടറോള ടിവിയും അടുത്ത മാസം അവസാനത്തോടെ വില്‍പ്പന തുടങ്ങുമെന്ന് എക്സിക്യൂട്ടീവുകള്‍ അറിയിച്ചു. ഇപ്പോള്‍ വിപണിയില്‍ മുന്നിട്ടുനില്‍ക്കുന്ന സാംസങ്ങിനേക്കാള്‍ 20-30 ശതമാനം കുറഞ്ഞ നിരക്കില്‍ 55 ഇഞ്ച് പ്രീമിയം 4 കെ ടിവി മോഡല്‍ വണ്‍പ്ലസ് അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണു സൂചന. വിവിധ സ്‌ക്രീന്‍ വലുപ്പങ്ങളിലുള്ള മോഡലുകള്‍ മോട്ടറോളയ്ക്ക് ഉണ്ടാകും.
വലിയ സാധ്യതകളാണ് ഇന്ത്യന്‍ വിപണിയില്‍ തങ്ങള്‍ കാണുന്നതെന്ന് വണ്‍പ്ലസ് ഇന്ത്യ ജനറല്‍ മാനേജര്‍ വികാസ് അഗര്‍വാള്‍ പറഞ്ഞു. ഓണ്‍ലൈന്‍ എക്സ്‌ക്ലൂസീവ് ടിവി മോഡലുകളുടെ വില മത്സരാധിഷ്ഠിതമായി തുടരുമെന്ന് പാനസോണിക് ഇന്ത്യ സി.ഇ.ഒ മനീഷ് ശര്‍മ അഭിപ്രായപ്പെട്ടു.
അതേസമയം സാംസങ്, സോണി, എല്‍ജി എന്നിവ മത്സര വിപണിയില്‍ പിന്നിലായിപ്പോകാന്‍ സ്വയം നിന്നുകൊടുക്കില്ലെന്ന നിരീക്ഷണമാണ്് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പങ്കുവയ്ക്കുന്നത്. ഉത്സവ സീസണില്‍ മിക്ക ബ്രാന്‍ഡുകളും കിഴിവ് നല്‍കും. 43 ഇഞ്ചിനും അതിനു മുകളിലും സ്‌ക്രീന്‍ വലുപ്പത്തിലുള്ള ടിവി വില 10-15 ശതമാനം കുറയുമെന്നാണ് ഗ്രേറ്റ് ഈസ്റ്റേണ്‍ റീട്ടെയില്‍ ഡയറക്ടര്‍ പുള്‍കിത് ബെയ്ഡ് പറയുന്നത്.
ക്രിക്കറ്റ് ലോകകപ്പ് ഉണ്ടായിരുന്നിട്ടും ഇക്കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെ, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ടെലിവിഷന്‍ വില്‍പ്പനയില്‍ പുരോഗതിയുണ്ടായില്ലെന്ന് ജിഎഫ്കെ ഇന്ത്യയുടെ 'സെയില്‍സ് ട്രാക് ' കണക്കുകള്‍ വ്യക്തമാക്കുന്നു.ഇത്തരം വേളകളില്‍ വന്‍തോതില്‍ വില്‍പ്പന വര്‍ധിച്ചിരുന്ന പ്രവണത മാറി. ഓണ്‍ലൈനിലും, ടെലിവിഷന്‍ വില്‍പ്പന വളര്‍ച്ചാ നിരക്ക് 2019 ന്റെ ആദ്യ ആറു മാസത്തില്‍ 52 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 119 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്.