നിരക്കു വര്‍ദ്ധനയില്‍ ട്രായ് ഇടപെടില്ല; ‘ഓഫറുകളുടെ സുതാര്യത ഉറപ്പാക്കണം’

വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ ഓഹരി വില കുതിച്ചുയര്‍ന്നു

മൊബൈല്‍ നിരക്കില്‍ വന്‍ വര്‍ധന വരുത്തിയ ടെലികോം കമ്പനികളുടെ നയത്തില്‍ ടെലികോം റെഗുലേറ്ററി അതോറിട്ടി(ട്രായ്) ഇടപെടില്ലെന്നു വ്യക്തമായി. ടെലികോം കമ്പനികള്‍ക്ക് അടിസ്ഥാനനിരക്ക് നിര്‍ണയിച്ചു നല്‍കാനും ട്രായ് ഉദ്ദേശിക്കുന്നില്ലെന്ന സൂചന നല്‍കി കഴിഞ്ഞയാഴ്ച പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

എയര്‍ടെല്‍, ഐഡിയ-വൊഡാഫോണ്‍ പ്രീപെയ്ഡ് ഉപയോക്താക്കളുടെ മൊബൈല്‍നിരക്ക് നാളെ മുതലും റിലയന്‍സ് ജിയോയുടെ നിരക്ക് വെള്ളിയാഴ്ച മുതലുമാണ് കൂടുന്നത്. വോഡഫോണ്‍ ഐഡിയ ഓഹരി വില  രാവിലെ തന്നെ 20.94 ശതമാനമാണുയര്‍ന്നത്. ഭാരതി എയര്‍ടെല്‍ 9.03 ശതമാനവും മുന്നേറി.നിരക്ക് കൂട്ടുന്നതിന് ട്രായ് പ്രതിബന്ധമാകില്ലെന്ന് നേരത്തെ തന്നെ ടെലികോം കമ്പനികള്‍ക്ക് ഉറ്റപ്പു ലഭിച്ചിരുന്നു.അതിനുവേണ്ട ഗൃഹപാഠം അവര്‍ പൂര്‍ത്തിയാക്കിയിരുന്നു.പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലും ഉടന്‍ നിരക്കുവര്‍ധന പ്രഖ്യാപിച്ചേക്കും.  

അതേസമയം, ടെലികോം കമ്പനികളുടെ ഓഫറുകള്‍ സുതാര്യമായിരിക്കണമെന്ന കാര്യത്തില്‍ തങ്ങള്‍ക്കു നിര്‍ബന്ധമുണ്ടെന്ന് ട്രായ് വ്യക്തമാക്കിയിരുന്നു.സേവനങ്ങള്‍ നല്‍കുന്നതിനുള്ള നിരക്കുകളും അനുബന്ധ വ്യവസ്ഥകളും ഉള്‍പ്പെടെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്, താരിഫുമായി ബന്ധപ്പെട്ട സമ്പൂര്‍ണ്ണ വിവരങ്ങള്‍ സുതാര്യമായി പങ്കിടേണ്ട ആവശ്യമുണ്ടെന്ന് ട്രായ് ചൂണ്ടിക്കാട്ടി. താരിഫ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ സുതാര്യതയില്ലെന്ന ആക്ഷേപവുമായി ഉപഭോക്താക്കളില്‍ നിന്ന് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ടെന്നും റെഗുലേറ്റര്‍ അറിയിച്ചു.

കടക്കെണിയില്‍ ശ്വാസം മുട്ടുന്ന കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ വേറെ മാര്‍ഗ്ഗമില്ലെന്ന നിലപാടാണ് സര്‍ക്കാരും ട്രായും സ്വീകരിച്ചിരിക്കുന്നത്. വൊഡാഫോണ്‍-ഐഡിയയ്ക്ക് 1.17 ലക്ഷം കോടി രൂപയാണ് കടം. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മൊത്തം നഷ്ടം 50,921 കോടി രൂപയുടേതാണ്. സുപ്രീം കോടതി വിധിയേത്തുടര്‍ന്ന് സ്പെക്ര്ടം, ലൈന്‍സ് ഫീസ് എന്നീ ഇനങ്ങളില്‍ സര്‍ക്കാരിലേക്ക് 44,150 കോടി രൂപ അടയ്ക്കേണ്ട സാഹചര്യമാണ് വൊഡാഫോണ്‍-ഐഡിയയ്ക്ക് വന്‍തിരിച്ചടിയായത്.

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എയര്‍ടെല്ലിന്റെ നഷ്ടം 23,045 കോടിയാണ്. ഇരുകമ്പനികളുടേയും മൊത്തം നഷ്ടം 73000 കോടി രൂപ. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന് 2019 സാമ്പത്തികവര്‍ഷത്തില്‍ 14000 കോടി രൂപയുടെ നഷ്ടമെന്നാണ് കണക്കാക്കല്‍. അതേസമയം താരിഫ് യുദ്ധം നടത്തി ടെലികോം മേഖലയെ കീഴ്മേല്‍ മറിച്ച റിലയന്‍സ് ജിയോ ആകട്ടെ 990 കോടി രൂപ ലാഭവും നേടി.

42 ശതമാനംവരെ വര്‍ധനവാണ് മൂന്നു കമ്പനികളും ഇന്നലെ പ്രഖ്യാപിച്ച പുതുക്കിയ നിരക്കില്‍ വരുത്തിയത്. ഇതോടെ ഫോണ്‍വിളിയും ഇന്റര്‍നെറ്റ് ഉപയോഗവും കൂടുതല്‍ ചെലവേറും. നാലു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ നിരക്ക് വര്‍ധനവാണിത്. രാജ്യത്തെ ടെലികോം മേഖല ഭീമമായ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നതിനിടെയാണ് നിരക്കുവര്‍ധന.സൗജന്യഓഫറുകളുടെ സുനാമി സൃഷ്ടിച്ച റിലയന്‍സ് ജിയോ ഡിസംബര്‍ 6 മുതലാണ് പുതുക്കിയ പ്ലാന്‍ നടപ്പിലാക്കുന്നത്. 40 ശതമാനമാണ് നിരക്ക് വര്‍ധന. ഓള്‍ ഇന്‍ വണ്‍ എന്നു പ്രഖ്യാപിച്ച പ്ലാനില്‍ നിരക്കുകള്‍ വ്യക്തമാക്കിയിട്ടില്ല.

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ ശൃംഖലയായ വൊഡാഫോണ്‍-ഐഡിയ ആണ് ആദ്യംനിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. നിലവിലുള്ള അണ്‍ലിമിറ്റഡ് പ്ലാനുകള്‍ക്ക് പകരമായി 2 ദിവസം, 28 ദിവസം, 84 ദിവസം, 356 ദിവസം എന്നിങ്ങനെ ദൈര്‍ഘ്യമുള്ള പ്ലാനുകളാണ് നാളെ മുതല്‍ നിലവില്‍ വരിക. നിലവില്‍ പ്രതിദിനം 1.5 ജിബി ഡാറ്റ ഉപയോഗിക്കാവുന്ന 199 രൂപയുടെ പ്ലാന്‍(28 ദിവസം) ഇനി 249 രൂപയാകും. 458 രൂപയുടെ (84 ദിവസം) പ്ലാനിന് 599 രൂപയും. ഇതുകൂടാതെ മറ്റുനെറ്റ്വര്‍ക്കുകളിലേക്കുള്ള കോളിന് മിനിട്ടിന് ആറുപൈസയും ഐഡിയ-വൊഡാഫോണ്‍ ഈടാക്കും.

പ്രീപെയ്ഡ് ഉപഭോക്താക്കളുടെ നിരക്കില്‍ ദിവസം 50 പൈസ മുതല്‍ 2.85 രൂപവരെ വര്‍ധനയാണ് ഭാരതി എയര്‍ടെല്‍ പ്രഖ്യാപിച്ചത്. ജനപ്രിയ പ്ലാനുകളായ, പരിധിയില്ലാത്ത കോളും ഡാറ്റയും നല്‍കുന്ന 249 രൂപയുടെ(28 ദിവസം) റീചാര്‍ജിന് ഇനി 298 രൂപയും 448 രൂപയുടെ(82 ദിവസം) റീചാര്‍ജിന് ഇനി 598 (84 ദിവസം) രൂപയുമാകും. പ്രതിമാസ മിനിമം റീചാര്‍ജ് നിരക്ക് 35 രൂപയില്‍നിന്ന് 45 രൂപയാകും. മറ്റു നെറ്റ്വര്‍ക്കുകളിലേയ്ക്കുള്ള കോളുകള്‍ക്ക് പരിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here