മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി: ട്രായ് നിര്‍ദേശം പ്രാബല്യത്തില്‍
നമ്പര്‍ മാറ്റാതെ തന്നെ ടെലികോം ഓപ്പറേറ്ററെ മാറ്റാന്‍ സഹായിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം കൂടുതല്‍ കാര്യക്ഷമവും വേഗത്തിലുമാക്കാനുള്ള ട്രായ് മാര്‍ഗനിര്‍ദേശം പ്രാബല്യത്തിലായി. ഇനി മുതല്‍ ഒരേ സര്‍ക്കിളിലുള്ള നെറ്റ് വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ മൂന്ന് ദിവസവും മറ്റ് സര്‍ക്കിളുകളിലെ നെറ്റ് വര്‍ക്കുകളിലേക്ക് അഞ്ച് ദിവസവുമേ പരമാവധി വേണ്ടി വരൂ. ഇതുവരെ പതിനഞ്ച് ദിവസം കാലാവധി നല്‍കിയിരുന്നു.
ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം കൂടുതല്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ട്രായ് ഇടപെട്ടിട്ടുള്ളത്.പുതിയ നിര്‍ദേശം അനുസരിച്ച് പോസ്റ്റ് പെയ്ഡ് കണക്ഷനുള്ള ഉപയോക്താക്കള്‍ ബില്‍ അടച്ചിട്ടില്ലെങ്കില്‍ പോര്‍ട്ടിങ് നടക്കില്ല. കണക്ഷന് എടുത്ത് 90 ദിവസം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ കോഡ് ലഭിക്കില്ല. ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷ നല്കിയവര്ക്കും നിയമനടപടി നേരിടുന്ന നമ്പറുകള്‍ക്കും പുതിയ വ്യവസ്ഥ പ്രകാരം പോര്‍ട്ട് സാധിക്കില്ല.
പോര്‍ട്ടിങ്ങിന് 6.46 രൂപയാണ് ചാര്‍ജ്. ജമ്മുകാശ്മീര്‍,അസം അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ യൂനിക് പോര്‍ട്ടിങ് കോഡിന്റെ കാലാവധി മുപ്പത് ദിവസമായിരിക്കും. മറ്റുള്ള സ്ഥലങ്ങളില്‍ നാലു ദിവസവും. അതിനാല്‍ യൂനിക് പോര്‍ട്ടിങ് കോഡ് ആയാല്‍ നാല് ദിവസത്തിനുള്ളില്‍ പോര്‍ട്ടിങ് അപേക്ഷ നല്‍കണം.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline