കൊറോണ; വിനോദ സഞ്ചാരവും 'എന്റര്‍ട്ടെയ്ന്‍മെന്റ് ബിസിനസ്' മേഖലയും തീരാനഷ്ടത്തില്‍, കരകയറാന്‍ ഇനിയും ആറുമാസമെങ്കിലും കഴിയും

കോവിഡ്-19 ബാധയുടെ ആഘാതത്തില്‍ കേരളത്തിന്റെ സകല മേഖലകളും നിശ്ചലമായിരിക്കുകയാണ്. ടൂറിസം മേഖലയുടെ കാര്യവും വ്യത്യസ്തമല്ല. ഏപ്രില്‍ 15 വരെ വിസനിയന്ത്രണം പ്രഖ്യാപിച്ചതിനാല്‍ വിദേശ വിനോദസഞ്ചാരികളുടെ വരവ് നിലച്ചിരിക്കുകയാണ്. വാഗമണ്‍, മൂന്നാര്‍, ആലപ്പുഴ, കുമരകം അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചതോടെ ഹോംസ്റ്റേകളിലും ഹോട്ടലുകളിലും ബുക്കിംഗുകള്‍ ഇല്ലാതായി. ഹൗസ് ബോട്ടുകള്‍ക്കും ആവശ്യക്കാരില്ലാത്ത അവസ്ഥയായി. കൊച്ചി തുറമുഖത്ത് എത്തേണ്ടിയിരുന്ന ഒമ്പതു ക്രൂയിസ് കപ്പലുകളാണ് യാത്ര റദ്ദാക്കിയത്. ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവും ഏതാണ്ട് നിലച്ചു. കോവിഡ്-19 വ്യാപനം വര്‍ധിച്ചാല്‍ മാര്‍ച്ചുമുതല്‍ സെപ്റ്റംബര്‍വരെ ടൂറിസം മേഖലയില്‍ മാത്രം കേരളത്തില്‍ 500 കോടി രൂപയുടെ ബിസിനസ് കുറയുമെന്നാണ് കണക്കാക്കുന്നത്. വലിയ കണ്‍വന്‍ഷനുകളും എന്റര്‍ട്ടെയ്ന്‍മെന്റ് പ്രോഗ്രാമുകളും മാറ്റിവയ്ക്കുന്നതുമൂലമുണ്ടാകുന്ന നഷ്ടത്തിനു പുറമെയാണിത്.

സംസ്ഥാന ടൂറിസം മേഖലയ്ക്ക് പത്തുദിവസം കൊണ്ടുതന്നെ കോടിയോളം രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സില്‍ ടൂറിസം സബ് കമ്മിറ്റി കണ്‍വീനര്‍ യു സി റിയാസ് പറയുന്നു. സംസ്ഥാനത്തെ വലിയ ഹോട്ടലുകളെല്ലാം ഏതാണ്ട് അടച്ചുപൂട്ടിയ നിലയിലാണ്. ഹോട്ടല്‍, ടൂറിസം മേഖലയില്‍ 15 ലക്ഷത്തിലധികംപേരാണ് നേരിട്ട് ജോലി ചെയ്യുന്നത്. അതില്‍ 50 ശതമാനംപേരുടെ ജോലി ഇപ്പോള്‍ത്തന്നെ നഷ്ടമായി. പലര്‍ക്കും ശമ്പളം കൊടുക്കാന്‍ പറ്റുന്നില്ല. വിദേശത്തുനിന്നുള്ള ടൂറിസം ബിസിനസ് പഴയനിലയിലേക്ക് വരാന്‍ ഒന്നുരണ്ടുവര്‍ഷമെങ്കിലും എടുക്കും.

ടൂറിസം മേഖലയ്ക്ക് നേരിട്ടുള്ള ആഘാതമാണുണ്ടായത്. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റുപോലെ അടുത്ത മാസങ്ങളില്‍ നടക്കേണ്ട പല അന്താരാഷ്ട്ര ടൂറിസം പരിപാടികളും മാറ്റി. ഒന്നരവര്‍ഷത്തെ പരിശ്രമംകൊണ്ടാണ് കഴിഞ്ഞവര്‍ഷം 58 രാജ്യങ്ങളെ പങ്കെടുപ്പിച്ച് കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിച്ചത്. ഈവര്‍ഷം സെപ്തംബറില്‍ നടക്കേണ്ട ട്രാവല്‍ മാര്‍ട്ടിന് 250 അന്താരാഷ്ട്ര ടൂറിസം കമ്പനികളടക്കം 1200 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാഹചര്യത്തില്‍ മാറ്റംവന്നില്ലെങ്കില്‍ സ്ഥിതിഗുരുതരമാകുമെന്നാണ് ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ വിലയിരുത്തല്‍.

ഗത്യന്തരമില്ലാതെ ടൂറിസ്റ്റ്, ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍

ഒരുലക്ഷത്തിലധികം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമായ ടാക്‌സി സര്‍വീസ് മേഖലയും തളരുകയാണ്. കൊച്ചി വിമാനത്താവളത്തില്‍മാത്രം ആയിരത്തോളം ടാക്‌സി ഓടുന്നുണ്ട്. ഇവ ഏതാണ്ടെല്ലാംതന്നെ ഓട്ടമില്ലാതെ കിടക്കുകയാണ്. ഓണ്‍ലൈന്‍ ടാക്‌സികള്‍ വന്നതോടെ എയര്‍പോര്‍ട്ട് ടാക്‌സി മേഖല നഷ്ടത്തിലായിരുന്നു. എങ്കിലും ഇപ്പോള്‍ ആളുകള്‍ തീരെ ടാക്‌സി ഉപയോഗിക്കാതെയായി. നിപയും രണ്ടു പ്രളയവും ദുരിതത്തിലാക്കിയ ജീവിതം ഇപ്പോള്‍ കൊറോണയോടെ നിലംപറ്റിയെന്ന് എയര്‍പോര്‍ട്ട് ടാക്‌സി ഓണേഴ്‌സ് അസോസിയേഷനിലെ അരുണ്‍ മോഹന്‍ വ്യക്തമാക്കുന്നു.

ലോണ്‍ ആണ് ഞങ്ങള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. അഞ്ചുലക്ഷം രൂപയുടെ വണ്ടി വാങ്ങിയിട്ടുള്ളയാള്‍ക്ക് 15,000 രൂപയോളം പ്രതിമാസം ബാങ്കില്‍ അടയ്‌ക്കേണ്ടിവരും. ടാക്‌സ് പോലുള്ള ചെലവ് വേറെയും. ഒരുമാസം ചുരുങ്ങിയത് 50,000 രൂപയെങ്കിലും കിട്ടിയാലേ പിടിച്ചുനില്‍ക്കാനാകൂ എന്നിരിക്കെ, ഒന്നുമില്ലാത്ത സ്ഥിതിയാണ് നിലവിലെന്ന് അറുണ്‍ വ്യക്തമാക്കുന്നു. മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഇത് മൂന്ന് മാസത്തിനുശേഷം വന്‍ ബാധ്യത വരുത്തുമെന്ന ഭയത്തിലാണ് പലരും.

ടൂറിസം കഴിഞ്ഞാല്‍ ഐടി മേഖലയാണ് ടാക്‌സി സര്‍വീസുകളുടെ പ്രധാന ആശ്രയം. കൊച്ചി ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് തുടങ്ങിയ ഐടി കമ്പനികള്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യന്‍ നിര്‍ദേശിച്ചതോടെ ആ ഓട്ടവും ഇല്ലാതായി. ഉബര്‍, ഓല ടാക്‌സിക്കാരും ഇതേ അവസ്ഥയിലാണ്.

ട്രാവല്‍ പാക്കേജുകളുടെ കാര്യം പറയുകയേ വേണ്ട. എറണാകുളത്തു മാത്രം 23 ഓളം പ്രധാന ടൂര്‍ ഓപ്പറേറ്റേഴ്‌സ് ഉണ്ട്. ഇവരെല്ലാം തന്നെ തങ്ങളുടെ ഓഫീസുകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. കൊറോണ വരുത്തി വെച്ച നഷ്ടങ്ങള്‍ക്കു പുറമെ ക്യാന്‍സലേഷന്‍ തലവേദനകള്‍ ഒഴിയാത്ത അവസ്ഥയാണ് പലരും അഭിമുഖീകരിക്കേണ്ടി വന്നത്. ഈ മേഖലയിലും ലക്ഷങ്ങളുടെ നഷ്ടമാണ് ടൂര്‍ ക്യാന്‍സലേഷനിലൂടെ മാത്രം വന്നിട്ടുള്ളത്.

ലോണ്‍ എന്തുചെയ്യും

ആലപ്പുഴയില്‍ ഹൗസ്‌ബോട്ട് മേഖല പൂര്‍ണമായും നിശ്ചലാവസ്ഥയിലാണ്. ബാങ്ക് ലോണുകള്‍ക്ക് മോറട്ടോറിയം വന്നെങ്കിലും സ്ഥിതിഗതികള്‍ മെച്ചപ്പെടാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആറ് മാസമെങ്കിലും എടുക്കുമെന്നിരിക്കെ ലോണുകള്‍ എന്ത് ചെയ്യുമെന്ന ചോദ്യചിഹ്നത്തിലാണ് സംരംഭകര്‍ പലരും. ഗ്രൂപ്പ് ബുക്കിംഗുകള്‍ക്ക് പുറമെ വ്യക്തിഗത ബുക്കിംഗുകള്‍ പോലും പൂര്‍ണമായി ക്യാന്‍സല്‍ ചെയ്ത അവസ്ഥയാണെന്ന് ആലപ്പുഴ റോയല്‍ റിവര്‍ ക്രൂയിസ് മാനേജിംഗ് പാര്‍ട്ണര്‍ രാഹുല്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തെ നഷ്ടം മാത്രം 25 ലക്ഷം രൂപയാണെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. തങ്ങളുടെ മാത്രം സ്ഥിതിയല്ല ഇത്. കൊറോണ മുന്നോട്ട് വയ്ക്കുന്നത് വന്‍ തൊഴിലില്ലായ്മ പ്രശ്‌നം കൂടെയാണെന്ന് ടൂറിസം മേഖലയിലെ ഹോംസ്‌റ്റേ, ആയുര്‍വേദ സെന്ററുകള്‍, ഫൂഡ് പ്രൊവൈഡേഴ്‌സ് തുടങ്ങി നിരവധി അനുബന്ധ സര്‍വീസുകള്‍ കൂടെ പരിഗണിക്കുമ്പോള്‍ മനസ്സിലാക്കാം. കേന്ദ്രസര്‍ക്കാരില്‍ നിന്നും ടൂറിസം പാക്കേജ് മാത്രം പ്രഖ്യാപിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് ഹോംസറ്റേ ഓണേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ സിബി പറയുന്നു.

സിനിമയും കലാരംഗവും

കേരളത്തില്‍ വലിയൊരു വിഭാഗം ആളുകളുടെ ഉപജീവനമായ ചലച്ചിത്ര കലാരംഗത്തെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. റിലീസുകള്‍ മാറ്റിവച്ചതോടെ സിനിമാ മേഖല സ്തംഭിച്ച അവസ്ഥയാണ്. പ്രൊഡക്ഷനിലായിരുന്ന സിനിമകളഉടെ ചിത്രീകരണം മുടങ്ങിയതും വലിയൊരു വിഭാഗം ആളുകളുടെ തൊഴിലിനെ ആണ് ബാധിച്ചത്. അഭിനേതാക്കള്‍ക്കു പുറമെ സിനിമാ യൂണിറ്റില്‍ നേരിട്ട് വേതനം കൈപ്പറ്റുന്ന 150 ഓളം വരുന്ന ജീവനക്കാരെയാണ് ഓരോ സിനിമയുടെയും സ്തംഭനം ബാധിച്ചിരിക്കുന്നത്. നിര്‍മാതാക്കള്‍ പലരും പ്രൈവറ്റ് ബാങ്കേഴ്‌സിന്റെ കയ്യില്‍ നിന്നും മറ്റുബിസിനസുകളില്‍ നിന്നുമായാണ് പ്രൊഡക്ഷന്‍ ഫണ്ട് ഇറക്കിയിരുന്നത്. ഇവരെല്ലാം എന്താകും സ്ഥിതി എന്നറിയാതെ ഇരിക്കുന്ന അവസ്ഥയാണുള്ളതെന്ന് കേരളത്തിലെ ഒരു മുതിര്‍ന്ന നിര്‍മാതാവ് ധനം ഓണ്‍ലൈനോട് പ്രതികരിച്ചു.

സെലിബ്രിറ്റി ഗായകരുടെ ഷോകളും മുടങ്ങിയിട്ടുണ്ട്. വിദേശത്തെ മൂന്ന് ഷോകള്‍ ഒറ്റയടിക്കു ക്യാന്‍സല്‍ ആയ നഷ്ടം ഒരു പ്രമുഖ ഗായിക അറിയിച്ചു. വിദേശ രാജ്യങ്ങളിലെ മലയാളി അസോസിയേഷന്‍ വിഷുവിനോട് സംബന്ധിച്ച് നടത്താനിരുന്ന പരിപാടികളില്‍ കോമഡി സ്‌കിറ്റുകള്‍ക്കായി മാത്രം കേരളത്തില്‍ നിന്ന് എട്ടോളം വരുന്ന ടീം പോകാനിരുന്നതായി ടിവി ആര്‍ട്ടിസ്റ്റുകളുടെ പ്രതിനിധി അറിയിച്ചു. പല ഷോകള്‍ക്കും അഡ്വാന്‍സ് തുക കൈപ്പറ്റി പ്രാക്ടീസ് കഴിഞ്ഞപ്പോഴാണ് കോവിഡ് ദുരന്തത്തിന്റെ വരവ്. ഇനി എന്നു തിരിച്ച് തങ്ങളുടെ മേഖലകളിലേക്ക് പ്രവേശിക്കുമെന്ന ആശങ്കയിലാണ് കലാരംഗത്തുള്ളവരും.

ബിസിനസുകാര്‍ എന്ത് ചെയ്യണം?

അപ്രതീക്ഷിതമായ തിരിച്ചടി നേരിടുന്നത് തങ്ങള്‍ക്ക് മാത്രമല്ല, സകല മേഖലയിലുമുണ്ടെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.

ലോണുകള്‍ക്ക് ഏര്‍പ്പെടുത്തിയ മോറട്ടോറിയം വഴി ഇളവുകള്‍ കൈപ്പറ്റുവാന്‍ ബാങ്കുകളുമായി ബന്ധപ്പെടണം.

സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരോട് സംസാരിച്ച് ചെക്കുകളും മറ്റും നല്‍കിയിട്ടുണ്ടെങ്കില്‍ അവ നീട്ടി വാങ്ങുകയും ഇളവ് ആവശ്യപ്പെടുകയും വേണം.

എമര്‍ജന്‍സി ഫണ്ട് പൂര്‍ണമായും വിനിയോഗിക്കാതിരിക്കുക. സ്ഥിതി ഉടനെ മാറിയില്ലെങ്കില്‍ പണത്തിന്റെ ദൗര്‍ലഭ്യം നേരിടാന്‍ തയ്യാറെടുപ്പോടെ ഇരിക്കാന്‍ എമര്‍ജന്‍സി ഫണ്ട് സഹായിക്കും.

വ്യത്യസ്ത മേഖലകളിലേക്ക് ബിസിനസിനെ മാറ്റാം

ഈ കൊറോണ കാലം പല ബിസിനസ് മേഖലകളിലെ മോഡലുകളെയും ഇനി മാറ്റി മറിക്കും. ഈ കൊറോണ കാലത്തിനുശേഷം വരാനിരിക്കുന്ന മാറ്റങ്ങളോട് നിങ്ങള്‍ മാനസികമായി ഇപ്പോളേ മാറുക എന്നതാണ് ആദ്യ പടി. പിന്നീട് തങ്ങള്‍ക്കു ചെയ്യാവുന്ന ബിസിനസ് മോഡലുകളിലേക്ക് മാറാനും ശ്രമിക്കണം. ഓണ്‍ലൈന്‍ കോച്ചിംഗ് , ഡിജിറ്റല്‍ വര്‍ക്ക്‌ഷോപ്പുകള്‍ പോലെയുള്ളവ കൂടുതല്‍ ആളുകള്‍ സ്വീകരിക്കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം എന്ന രീതിക്ക് ലോകവ്യാപകമായ സ്വീകാര്യത വന്നെങ്കിലും അത് എല്ലാ ബിസിനസുകളിലും പ്രായോഗികമല്ലെന്ന പരിമിതിയുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും ഉല്‍പ്പാദന യൂണിറ്റുകളിലും റസ്റ്റൊറന്റുകളിലും ഹോസ്പിറ്റാലിറ്റി മേഖലയിലുമൊന്നും അത് പ്രായോഗികമല്ല. ഉചിതമായത് തെരഞ്ഞെടുക്കുക എന്നതിലാണ് ഭാവിയില്‍ നിലനില്‍പ്പിനാധാരം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it