ഉബര്‍ സഹസ്ഥാപകന്‍ കലാനിക് ഡയറക്ടര്‍ ബോര്‍ഡിനു പുറത്ത്

ഉബര്‍ സഹസ്ഥാപകന്‍ ട്രാവിസ് കലാനിക് തന്റെ വന്‍ ഓഹരി ശേഖരത്തില്‍ മുഖ്യ പങ്കും വിറ്റ ശേഷം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് വിട്ടു. 2017 ല്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ബോര്‍ഡില്‍ തുടര്‍ന്നുവരികയായിരുന്നു 43 കാരനായ ശതകോടീശ്വരന്‍.

ഭക്ഷണ വിതരണം, ഓണ്‍ ലൈന്‍ ടാക്സി സംവിധാനം എന്നീ മേഖലകളിലേക്ക് പടര്‍ന്നുപന്തലിച്ച ലോകത്തിലെ ഏറ്റവും മുന്‍നിര കമ്പനിയാണ് ഉബര്‍. ആപ്പ് അധിഷ്ഠിത സംരംഭമായ ഉബര്‍ തങ്ങളുടെ ബിസിനസ് മേഖലയില്‍ വലിയ വെല്ലുവിളിയാണിപ്പോള്‍ നേരിടുന്നത്. ഇന്ത്യയില്‍ ഭക്ഷണ വിതരണത്തില്‍ സ്വിഗ്ഗി, സൊമാട്ടോ തുടങ്ങിയ കമ്പനികളിലെ കടന്നുകയറ്റം വലിയ പ്രഹരമുണ്ടാക്കി. ടാക്സി രംഗത്തും വലിയ മത്സരമാണ് നേരിടുന്നത്. ഒലയടക്കമുള്ളവരുടെ കടന്നുകയറ്റം വെല്ലുവിളിയായിട്ടുണ്ട്.

സാമ്പത്തിക ബാധ്യത പെരുകിയതിന്റെ അടിസ്ഥാനത്തില്‍ സാന്‍ഫ്‌റാസിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉബര്‍ ഈറ്റ്‌സ് കമ്പനി ആഗോള വ്യാപകമായി ജീവനക്കാരുടെ എണ്ണം ചുരുക്കാനുള്ള നീക്കമാരംഭിച്ചിരുന്നു. 10 മുതല്‍ 15 ശതമാനം വരെ ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആമസോണും ഇന്ത്യയില്‍ ഭക്ഷണ വിതരണ രംഗത്തേക്ക് പ്രവേശിക്കുന്നത് കമ്പനി ഉത്ക്കണ്ഠയോടെ വീക്ഷിക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it