ഉബര്‍ ഇന്ത്യ ജീവനക്കാരില്‍ 25 % പേരെ പിരിച്ചുവിടുന്നു

കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉബര്‍ ഇന്ത്യ ജീവനക്കാരില്‍ 25 ശതമാനം പേരെ പിരിച്ചുവിടുന്നു. കസ്റ്റമര്‍ & ഡ്രൈവര്‍ സപ്പോര്‍ട്ട്, ബിസിനസ് ഡെവലപ്‌മെന്റ്, ലീഗല്‍, ഫിനാന്‍സ്, പോളിസി, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍നിന്ന്് നിശ്ചിത ശതമാനം ജീവനക്കാരെ ഒഴിവാക്കുന്നതോടെ 600 ഓളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്.

തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പത്ത് ആഴ്ചത്തെ വേതനവും ആറു മാസത്തേയ്ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. കൂടാതെ കമ്പനി നല്‍കിയ ലാപ്ടോപ്പ് തിരികെ വാങ്ങുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്.ജീവനക്കാരെ പിരിച്ചുവിടുന്നതായി സ്ഥിരീകരിച്ച ഉബര്‍ പ്രസിഡന്റ് ജീവനക്കാരോട് ക്ഷമ ചോദിക്കുകയും കമ്പനിക്ക് നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുകയും ചെയ്തു.

ലോക്ഡൗണ്‍ മൂലം കമ്പനി രേിടുന്ന നഷ്ടം കണക്കിലെടുത്ത് ഉബര്‍ ചീഫ് എക്‌സിക്യൂട്ടീവ് ദാര ഖോസ്രോഷാഹി നേരത്തെ പ്രഖ്യാപിച്ച ആഗോള പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായാണ് ലേ ഓഫ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ ശമ്പളം ഉപേക്ഷിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചിരുന്നു.

ജനുവരി മുതല്‍ മാര്‍ച്ച് വരെ കമ്പനിയുടെ ആഗോള നഷ്ടം ഏകദേശം 3 ബില്യണ്‍ ഡോളറാണെന്ന് നേരത്തെ ഉബര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒല ഇന്ത്യ 1,400ലേറെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കമ്പനിയുടെ രാജ്യത്തുള്ള ജീവനക്കാരില്‍ 35 ശതമാനത്തോളം വരും ഇത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it