വോഡഫോണുമായി പുതിയ ഇടപാടുകളിലേര്‍പ്പെടാന്‍ പ്രമുഖ കമ്പനികള്‍ക്കു മടി

പേയ്‌മെന്റുകള്‍ വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന് ആശങ്ക

Unsure of Vodafone Idea's funds, vendors delay taking new orders
-Ad-

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയയുമായി പുതിയ ഇടപാടുകള്‍ക്കു മുതിരാന്‍ പ്രമുഖ കമ്പനികള്‍ക്കു വിമുഖത. നോകിയ, എറിക്‌സണ്‍, വാവെ തുടങ്ങിയ സപ്‌ളൈയര്‍മാരെല്ലാം തന്നെ വോഡഫോണ്‍ ഐഡിയയില്‍ നിന്ന് പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. വിപുലീകരണ പദ്ധതികള്‍ മന്ദഗതിയിലാകാനും വരിക്കാരെ ഇനിയും നഷ്ടപ്പെടാനുമിടയാക്കുന്ന സാഹചര്യമാണ് ഇതു വഴിയുണ്ടാകുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പേയ്‌മെന്റുകള്‍ വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന ആശങ്കയെത്തുടര്‍ന്നാണ് പ്രമുഖ കമ്പനികള്‍ വിട്ടുനില്‍ക്കാന്‍ നോക്കുന്നതെന്ന് മേഖലയിലെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. പേയ്‌മെന്റ് നിബന്ധനകളില്‍ ഇതുവരെ നിര്‍ബന്ധ ബുദ്ധി ചെലുത്താതിരുന്ന ചൈനീസ് വെന്‍ഡര്‍മാരും പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ ഓര്‍ഡറുകള്‍ അടിസ്ഥാനമാക്കി ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് ലെറ്ററുകളുള്ള യൂറോപ്യന്‍ വെന്‍ഡര്‍മാരായ നോകിയയും എറിക്‌സണുമാകട്ടെ പുതിയ ഓര്‍ഡറുകള്‍ക്കായും ബാങ്കുകളില്‍ നിന്ന് സമാനമായ ഗ്യാരന്റി ആവശ്യപ്പെടുന്നു.

അതേസമയം, 50,000 കോടിയലധികം രൂപയുടെ അസ്തിത്വ പ്രതിസന്ധിയാണ് വോഡഫോണ്‍ ഐഡിയ നേരിടുന്നത്. ക്രമീകരിച്ച മൊത്ത വരുമാന(എജിആര്‍) കുടിശ്ശിക ഇനത്തില്‍ ഇപ്പോഴും സര്‍ക്കാരിന് വന്‍ തുക നല്‍കാനുള്ളപ്പോള്‍ ബാങ്ക് ഗ്യാരന്റി ലഭിക്കുക സാധ്യമല്ല. മാര്‍ച്ച് അവസാനം വരെ കാലയളവിലെ 1,12,520 കോടി രൂപയുടെ കടം കണക്കിലെടുത്ത് ഒരു ബാങ്കും ഗ്യാരന്റി നല്‍കാന്‍ തയ്യാറായില്ലെന്ന് കമ്പനി അടുത്തിടെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

-Ad-

പരമ്പരാഗത വെന്‍ഡര്‍മാരുമായുള്ള നിലവിലെ വ്യാപാര സാഹചര്യം മെച്ചപ്പെടുത്താന്‍ വോഡഫോണ്‍ ഐഡിയ പരമാവധി ശ്രമിക്കുന്നുണ്ട്.   ചെലവ് താഴ്ത്തുന്നതിന് മെയ് മാസം മുതല്‍ ടെലികോം സര്‍ക്കിളുകളെ 22-ല്‍ നിന്ന് 10 ആയി കുറയ്ക്കാന്‍ ആരംഭിച്ച നീക്കത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന 1,500 -ഓളം ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.കമ്പനിക്ക് 11,705 സ്ഥിരം ജീവനക്കാരാണ് ഉണ്ടായിരുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here