വി-ഗാര്‍ഡ്: വിറ്റുവരവില്‍ 15% വര്‍ധന

പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ് കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2018 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുവരവില്‍ 15 ശതമാനവും വര്‍ധന രേഖപ്പെടുത്തി. 2018 ജനുവരി-മാര്‍ച്ച് പാദത്തില്‍ 13 ശതമാനമാണ് വിറ്റുവരവിലുള്ള വര്‍ധന.

ജിഎസ്ടി അഡ്ജസ്റ്റ് ചെയ്ത കണക്കുകളാണ് ഇവ. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അസ്സല്‍ പ്രവര്‍ത്തനവരുമാനം 10 ശതമാനം വര്‍ധിച്ച് 2,321 കോടി രൂപയായി.

2018 മാര്‍ച്ച് 31ന് അവസാനിച്ച പാദത്തിലെ അറ്റ വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 6 ശതമാനം വര്‍ധിച്ച് 659 കോടി രൂപയിലെത്തി. 2017-18 സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയ നികുതിക്കുശേഷമുള്ള ലാഭം 133 കോടി രൂപയാണ്. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 8 ശതമാനം കുറവാണ്.

മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ നികുതിക്കുശേഷമുള്ള ലാഭം 30 ശതമാനം കുറഞ്ഞ് 28 കോടി രൂപയായി.

ഓഹരിയൊന്നിന് 70 പൈസ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പുതിയ ബ്രാന്‍ഡ് പ്രതിച്ഛായ സ്വീകരിച്ചതിന്റെ ഭാഗമായുള്ള പരസ്യ പ്രചാരണത്തിനായി 45 കോടി രൂപ മാര്‍ച്ച് പാദത്തില്‍ ചെലവിടേണ്ടിവന്നെന്ന് കമ്പനി അറിയിച്ചു.

വെല്ലുവിളികളുണ്ടായിരുന്നെങ്കിലും വളര്‍ച്ച നേടാന്‍ കമ്പനിക്കു കഴിഞ്ഞതായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍.കെ.ചിറ്റിലപ്പിള്ളി പറഞ്ഞു. മൊത്തം മാര്‍ജിനില്‍ മിതമായ വളര്‍ച്ചയുണ്ടായി; അത് തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Related Articles
Next Story
Videos
Share it