'വിഴിഞ്ഞം പദ്ധതി ഇഴഞ്ഞു നീങ്ങിയാല്‍ അദാനി നഷ്ടപരിഹാരം തരേണ്ടി വരും': മുന്നറിയിപ്പുമായി സംസ്ഥാന സര്‍ക്കാര്‍

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തപക്ഷം സംസ്ഥാനം നഷ്ടപരിഹാരം തേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി അദാനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുമ്പു നിശ്ചയിച്ച സമയ ക്രമമനുസരിച്ച് ഒന്നാം ഘട്ടം ഈ മാസം കമ്മീഷന്‍ ചെയ്യണം.അതേസമയം, പണി തീരാന്‍ അടുത്ത വര്‍ഷം ഡിസംബര്‍ വരെയെങ്കിലും സമയമെടുക്കുമെന്നാണ് അദാനിയുടെ നിലപാട്. കരാര്‍ ലംഘിച്ചാല്‍ അദാനി വിഴിഞ്ഞം പോര്‍ട്‌സ് ലിമിറ്റഡ് (എവിപിഎല്‍) ഖജനാവില്‍ നിക്ഷേപിച്ചിട്ടുള്ള 120 കോടി രൂപയുടെ ഗ്യാരന്റിയില്‍ നിന്ന് മൂന്നു മാസത്തിനു ശേഷം പ്രതിദിനം 12 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാരിനു കഴിയും.

2015 ഡിസംബറിലാണ് പണി ആരംഭിച്ചതത്. 3.1 കിലോമീറ്റര്‍ നീളമുള്ള പുലിമുട്ട് നിര്‍മ്മാണം 20 ശതമാനമേ ആയിട്ടുള്ളൂ. പാറക്കല്ല് കിട്ടാത്തതാണത്രേ കാരണം.നിയമസഭാ തെരഞ്ഞെടുപ്പ് വരും മുമ്പെങ്കിലും വിഴിഞ്ഞത്ത് കപ്പലെത്തിക്കാണാനുള്ള മോഹം സര്‍ക്കാരിനുണ്ടെങ്കിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വം തീവ്രമാകുകയാണിപ്പോഴും.

'കാലതാമസം വരാതെ കൃത്യസമയത്ത് പദ്ധതി പൂര്‍ത്തിയാക്കാനുള്ള നടപടികളുണ്ടാകണമെന്ന കര്‍ശനമായ നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എല്ലാ മാസവും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇത് നിരീക്ഷിക്കുന്നുണ്ട്. അവശ്യം വേണ്ട പാറ കിട്ടാത്ത പ്രശ്‌നമുണ്ടായിരുന്നു. ഇത് കാരണം പദ്ധതി അല്‍പം വൈകിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് പാറ കൊണ്ടുവരുന്നത് അവിടെ തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. ഇപ്പോഴത് പരിഹരിച്ചു. കൃത്യസമയത്ത് വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണ്.'- കടകംപള്ളി അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it