കുടിശിക ഉടന്‍ അടയ്ക്കണം: ടെലികോം കമ്പനികളെ വെട്ടിലാക്കി സുപ്രീം കോടതി

ഉത്തരവു പാലിക്കാത്തതെന്ത്?- ജസ്റ്റീസ് അരുണ്‍ മിശ്രയുടെ രൂക്ഷ വിമര്‍ശനം; വോഡഫോണ്‍ ഐഡിയയുടെ ഓഹരി വില 15 ശതമാനത്തോളം ഇടിഞ്ഞു

വോഡാഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ അടക്കമുള്ള ടെലികോം കമ്പനികളില്‍ നിന്ന് 1.47 ലക്ഷം കോടി രൂപയുടെ എജിആര്‍ കുടിശ്ശിക ഈടാക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കാത്തതിന് കമ്പനികള്‍ക്കെതിരെ ജസ്റ്റീസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം.

തുക അടയ്ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള മൊബൈല്‍ കമ്പനികളുടെ അപേക്ഷ കോടതി നിരസിച്ചു. അടുത്ത വാദം കേള്‍ക്കുന്ന മാര്‍ച്ച് 17 നകം പിഴത്തുക അടച്ചു തീര്‍ക്കണമെന്ന് ഉത്തരവിട്ടു. ജനുവരി 24 നകം കുടിശ്ശിക അടയ്ക്കാനുള്ള ഉത്തരവ് പാലിക്കാത്തതില്‍ കമ്പനികള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികളും കോടതി ആരംഭിച്ചു. ഇതോടെ വോഡഫോണ്‍ ഐഡിയയുടെ ഓഹരി വില 15 ശതമാനം ഇടിഞ്ഞു.

പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, എന്ത് നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. ഈ നാട്ടില്‍ ഒരു നിയമവും നിലനില്‍ക്കുന്നില്ലേ?എന്ത് അസംബന്ധമാണിത് ? സുപ്രീം കോടതി അടച്ചു പൂട്ടണമോ ? –  ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഇത് പണാധിപത്യം തന്നെയാണ്. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തേണ്ടിവരും. കുറ്റക്കാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റീസ് മിശ്ര വ്യക്തമാക്കി.

വോഡാഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയെ കൂടാതെ അനില്‍ അംബാനിയുെട റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റാ ടെലിസര്‍വീസസ് എന്നിവയുമാണ് പിഴത്തുകയ്ക്ക് ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ചത്. എയര്‍ടെല്‍ 21,682.13 കോടിയും വോഡാഫോണ്‍ 19,823.71 കോടിയും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 16,456.47 കോടിയും ബി.എസ്.എന്‍.എല്‍ 2,098.72 കോടിയും എം.ടി.എന്‍.എല്‍ 2,537.48 കോടിയുമാണ് പിഴയായി നല്‍കാനുള്ളത്. പിഴത്തുകയായ 1.5 ലക്ഷം കോടി രൂപ ടെലികോം കമ്പനികള്‍ അടയ്ക്കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 24നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. പിഴ ഒടുക്കാന്‍ കോടതി നിര്‍ദേശിച്ച തീയതി ജനുവരി 23 ആയിരുന്നു.

വോഡഫോണ്‍ ഐഡിയയുടെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്ക് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.  മൊത്തം നഷ്ടം 6,439 കോടി രൂപയാണ്. കഴിഞ്ഞ പാദത്തില്‍ തന്നെ ക്രമീകരിച്ച മൊത്ത വരുമാനവുമായി (എജിആര്‍) ബന്ധപ്പെട്ട മിക്ക ബാധ്യതകളും കണക്കിലെടുത്ത് കമ്പനിയുടെ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ 50,922 കോടി രൂപയായിരുന്നു നഷ്ടം. കമ്പനിയുടെ മൊത്തം കടം 1.15 ലക്ഷം കോടി രൂപയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here