നഷ്ടക്കുരുക്ക് മുറുകുന്നതിന്റെ അങ്കലാപ്പില്‍ വൊഡാഫോണ്‍
സാമ്പത്തിക നഷ്ടം ദുര്‍വഹമാകുന്നതു മൂലം ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന ആശങ്കയില്‍ വൊഡാഫോണ്‍. രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.
വൊഡാഫോണിന് ഇന്ത്യയില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപമുണ്ട്. എന്നാല്‍, വൊഡാഫോണ്‍ ഐഡിയയുടെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരിമൂല്യം 3.66 രൂപ വരെയായി. ഇതിനിടെ എ.ജി.ആര്‍ ഇനത്തില്‍ കമ്പനി സര്‍ക്കാരിന് 28,309 കോടി രൂപ പിഴയൊടുക്കണമെന്ന സുപ്രീം കോടതി വിധി കൂനിന്മേല്‍ കുരു പോലെയായി.ഐഡിയയുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിച്ച്, രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഓരോ മാസവും വലിയ ഇടിവാണ് വൊഡാഫോണ്‍ ഐഡിയ നേരിടുന്നത്.റിലയന്‍സ് ജിയോ കുതിച്ചുപായുന്നതിനിടെ വിപണിയിലെ വെല്ലുവിളികളും വരുമാനക്കുറവും വലിയ തിരിച്ചടിയായി മാറി.
വൊഡാഫോണിന് 11.15 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇന്‍ഡസ് ടവേഴ്സിനെ ഭാരതി ഇന്‍ഫ്രാടെല്ലുമായി ലയിപ്പിക്കാനുള്ള നീക്കത്തിന് ടെലികോം മന്ത്രാലയം മുന്നോട്ടുവച്ച നിബന്ധനകള്‍ പാലിക്കാനായില്ലെന്ന തിരിച്ചടിയും കമ്പനിക്കു നിരാശ സമ്മാനിച്ചു. ഇക്കാരണങ്ങളാല്‍ വൊഡാഫോണ്‍ ഇന്ത്യ വിട്ടേക്കുമെന്ന് സൂചനകളിന്മേല്‍ ഇതുവരെ കമ്പനി പ്രതികരിച്ചിട്ടില്ല. ഭാരതി എയര്‍ടെല്‍ കമ്പനിയും സാമ്പത്തികക്കുരുക്കില്‍ തന്നെയാണ്.