വാള്‍മാര്‍ട്ട് ഇന്ത്യയില്‍ 56 പേരെ പിരിച്ചുവിടും
ലോകത്തിലെ ഏറ്റവും വലിയ ചില്ലറ
വില്‍പ്പന കമ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരെ
പിരിച്ചുവിടാനാരംഭിച്ചു.അതേസമയം, രാജ്യത്തെ പ്രവര്‍ത്തനം
അവസാനിപ്പിക്കാനാണ് കമ്പനിയുടെ നീക്കമെന്ന് ചില മാധ്യമങ്ങളില്‍ വന്ന
വാര്‍ത്ത വാള്‍മാര്‍ട്ട് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ ക്രിഷ് അയ്യര്‍
നിഷേധിച്ചു.
ഇന്ത്യയിലെത്തി പത്തുവര്‍ഷം
പിന്നിട്ട കമ്പനി സോഴ്സിങ്, അഗ്രി-ബിസിനസ്, എഫ്എംസിജി തുടങ്ങിയ
വിഭാഗങ്ങളിലെ വൈസ് പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ളവരെയാണ് ഒഴിവാക്കുന്നത്.
മുംബൈയിലെ വലിയ ഗോഡൗണ്‍ അടക്കമുള്ള ഓഫീസും അടയ്ക്കാന്‍ തീരുമാനമായി.
ഇന്ത്യയില്‍ വിവിധ നഗരങ്ങളിലായി 28 സ്റ്റോറുകള്‍ വാള്‍മാര്‍ട്ടിന്റെ
കീഴിലുണ്ട്.
സീനിയര്‍ മാനേജ്മെന്റില്‍ 8 ഉം
മിഡില്‍ / ലോവര്‍ മാനേജ്മെന്റില്‍ 48 ഉം ജീവനക്കാരെ ഒഴിവാക്കുന്നത്
കൂടുതല്‍ ഉയര്‍ന്ന കാര്യക്ഷമതയ്ക്കായുള്ള ഭരണപരമായ പുനര്‍ വിന്യാസത്തിന്റെ
ഭാഗമായാണെന്ന് ക്രിഷ് അയ്യര്‍ പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം,
ഏപ്രിലില്‍ രണ്ടാം ഘട്ട പിരിച്ചുവിടലുണ്ടാകുമെന്ന വാര്‍ത്ത
അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ബിസിനസ്സ്
വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. 2019 ല്‍ വില്‍പ്പന 22 ശതമാനം വര്‍ദ്ധിച്ചു.
അടുത്തിടെ രാജ്യത്ത് കാര്യമായ നിക്ഷേപം നടത്തിയതായും വാള്‍മാര്‍ട്ട്
ഇന്ത്യ അറിയിച്ചു.
2018 ല്‍ വാള്‍മാര്‍ട്ട്
ഫ്‌ളിപ്കാര്‍ട്ടിനെ 1.07 ലക്ഷം കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു.
ഇന്ത്യയിലെ ഓണ്‍ലൈന്‍ ബിസിനസ് രംഗത്ത് ഒരു യു.എസ് കമ്പനി നടത്തുന്ന ഏറ്റവും
വലിയ നിക്ഷേപം കൂടിയായിരുന്നു ഇത്. അതേസമയം 12 ദശലക്ഷത്തോളം വരുന്ന
പ്രാദേശിക ഷോപ്പുകളെ സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത നിയമങ്ങള്‍
വാള്‍മാര്‍ട്ടിനെയും ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ ബിസിനസിനെയും
ബാധിച്ചിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline