ജിഎസ്ടിയില്‍ ഉലഞ്ഞ് വൈറ്റ്ഗുഡ്‌സ് വിപണി
ചരക്കു സേവന നികുതിയുടെ ഭാരത്താല്‍ രാജ്യത്തെ വൈറ്റ് ഗുഡ്‌സ് വിപണിയുടെ വളര്‍ച്ച മുരടിക്കുന്നു. കഴിഞ്ഞ നാല് പാദങ്ങളില്‍ ഈ രംഗത്തെ വളര്‍ച്ചാ നിരക്ക് ഒറ്റയക്കത്തിലേക്ക് കടന്നതായി വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 28 ശതമാനമാണ് വൈറ്റ് ഗുഡ്‌സിന്റെ ജിഎസ്ടി. ഇത് 18 എങ്കിലും ആയാല്‍ മാത്രമേ ഇനിയൊരു മികച്ച വളര്‍ച്ച കൈവരിക്കാനാകുകയുള്ളൂവെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
ജിഎസ്ടിക്കു മുമ്പ് കഴിഞ്ഞ ജൂണില്‍ ഒഴികെ ബാക്കിയെല്ലാ മാസങ്ങളിലും മികച്ച വില്‍പ്പനയാണ് ഉണ്ടായിരുന്നത്. എയര്‍ കണ്ടീഷണര്‍, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, തയ്യല്‍ യന്ത്രം, ഫാന്‍ തുടങ്ങിയ ഗാര്‍ഹിക ഉപകരണങ്ങളുടെയെല്ലാം വില്‍പ്പനയില്‍ കുറവുണ്ടായിട്ടുണ്ട്.
ഇന്ത്യ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 2015 ല്‍ ഒരു കോടി എയര്‍ കണ്ടീഷണറുകളാണ് വിറ്റു പോയത്. എന്നാല്‍ ജിഎസ്ടിയോടെ ഈ വര്‍ഷം അതില്‍ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 50 ലക്ഷം യൂണിറ്റ് വാഷിംഗ് മെഷീന്‍ വില്‍ക്കുന്ന രാജ്യത്ത് 2018 ഓടെ 10-12 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. ജിഎസ്ടി 18 ശതമാനമാക്കിയാല്‍ ഈ വളര്‍ച്ച എളുപ്പത്തില്‍ കൈവരിക്കാമെന്ന പ്രതീക്ഷയാണ് നിര്‍മാതാക്കള്‍ക്കും വ്യാപാരികള്‍ക്കുമുള്ളത്.