മൊബൈല്‍ ഡേറ്റ ഉപയോഗത്തിന് ഇനി 'വലിയ വില കൊടുക്കേണ്ടി വരും'!

മൊബൈല്‍ ഡേറ്റ ഉപയോഗത്തിന് വലിയ നിരക്ക് നല്‍കേണ്ടി വരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഭാരതി എയര്‍ടെലിന്റെ സുനില്‍ മിത്തല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിക്കഴിഞ്ഞു. ഒരു ഉപഭോക്താവില്‍നിന്നുള്ള ശരാശരി വരുമാനം 300 രൂപയെങ്കിലും നേടുന്ന തരത്തിലേക്ക് പായ്ക്കുകള്‍ പുന ക്രമീകരിക്കണമെന്നാണ് എയര്‍ടെല്ലിന്റെ നിലപാട്. രാജ്യത്ത് ധ്രുതഗതിയില്‍ വര്‍ധിച്ച ഡേറ്റ ഉപഭോഗമുള്ള ജിയോ നിരക്കുകളിലേക്കാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

റിലയന്‍സ് ജിയോ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച് ദേശീയ മാധ്യമങ്ങളില്‍ പല റിപ്പോര്‍ട്ടുകളും വരുന്നുമുണ്ട്. ഉപയോക്താക്കളില്‍ നിന്നും ഡേറ്റ ഉപയോഗത്തിന്റെ ചാര്‍ജ് ഈടാക്കുന്നതിനുമപ്പുറം അവര്‍ക്ക് മറ്റുചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്നാണ് സൂചന. ടെലികോം മേഖലയിലെ ജിയോയുടെ വിപണി വിഹിതം 50ശതമാനത്തിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണത്. നിലവില്‍ 34ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യം കാണുന്നതിനുള്ള അതിവേഗ നീക്കമാണ് ജിയോ നടത്തുന്നത്. ഫൈബര്‍ സെഗ്മെന്റിലും ഇവര്‍ക്ക് വന്‍ പദ്ധതികളാണുള്ളത്. ഇതിനോടകം എത്തിയ വിദേശ നിക്ഷേപവും ഇതിന് ശക്തിപകരുന്നു.

മറ്റ് ടെലികോം സേവനദാതാക്കളേക്കാള്‍ 20ശതമാനം കുറഞ്ഞ താരിഫാണ് ഇപ്പോള്‍ ജിയോയുടേത്. അതുകൊണ്ടുതന്നെ നിലവിലെ ഉപയോക്താക്കളെ നിലനിര്‍ത്താന്‍ ഉടനെയുള്ള നിരക്കവര്‍ധന തല്‍ക്കാലംവേണ്ടെന്ന് വെയ്ക്കാനാണ് സാധ്യത. എന്നാല്‍ ലക്ഷ്യം മറികടന്നാല്‍ നിരക്ക് വര്‍ധനയ്ക്ക് ജിയോയും തയ്യാറായേക്കും.

എയര്‍ടെല്‍ ഉള്‍പ്പടെയുള്ള സേവനദാതാക്കള്‍ എപ്പോള്‍ നിരക്ക് വര്‍ധനയ്ക്ക് തയ്യാറാകുമെന്നത് സുപ്രീം കോടതിയുടെ ഉത്തരവ് വന്നശേഷമറിയാം. വോഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയ്ക്ക് കനത്ത തുകയാണ് എജിആര്‍ കടിശ്ശിക അടയ്ക്കാനുള്ളത്. ജിയോയ്ക്ക് നിലവില്‍ കുടിശ്ശിക ഇല്ല. അതേസമയം ഉപയോക്താക്കളുടെ കൊഴിഞ്ഞു പോക്കും ടെലികോം ഓപ്പറേറ്റര്‍മാരെ ആശങ്കയിലാക്കുന്നുണ്ട്.

വിഡിയോകോണിന്റെയും എയര്‍സെലിന്റെയും സ്പെക്ട്രമാണ് ഭാരതി എയര്‍ടെല്‍ ഉപയോഗിക്കുന്നത്. 13,765 കോടി രൂപയാണ് എജിആര്‍ കിടിശ്ശികയായി എയര്‍ടെലിന് അടയ്ക്കാനുള്ളത്. ഒരു ഉപഭോക്താവില്‍നിന്നുള്ള വരുമാനം ആറുമാസത്തിനുള്ളില്‍ 250 രൂപയെങ്കിലുമാക്കി ഉയര്‍ത്തണമെന്നാണ് മിത്തല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിലവിലെ വരുമാനമായ 157 രൂപയേക്കാള്‍ 60ശതമാനം അധികമാണിത്.

Read More: ഭാരതി എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും ഒരു മാസം നഷ്ടമായത് 47 ലക്ഷം വരിക്കാരെ

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it