Top

വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സിനെ തേടി ലോക്ക്ഡൗണ്‍ കാലത്തും ബഹുരാഷ്ട്ര കമ്പനികള്‍ വന്നതെന്താണ്?

മാര്‍ച്ച് 24 ന് കോവിഡ് 19ന്റെ പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കിലെ ഇ കോമേഴ്‌സ് വെബ്‌സൈറ്റ് ഡെവലപ്‌മെന്റ് കമ്പനിയായ വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സും ഓഫീസ് അടച്ചു. മുഴുവന്‍ ജീവനക്കാരും വീടുകളിലേക്ക് പോയി. എല്ലാവര്‍ക്കും വീട്ടിലിരുന്നും ജോലി ചെയ്യാന്‍ പറ്റുന്ന സൗകര്യമൊരുക്കി വര്‍ക്ക് ഫ്രം ഹോം മോഡിലേക്ക് കമ്പനി മാറി. വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ എബിന്‍ ജോസ് ടോമും കമ്പനി വൈസ് പ്രസിഡന്റും എബിന്റെ ഭാര്യയുമായ ജിലു ജോസഫും അപ്പോഴും ആത്മവിശ്വാസത്തിലായിരുന്നു. ''ലോകത്തെ 35ലേരെ രാജ്യങ്ങളിലായുള്ള ഞങ്ങളുടെ ക്ലയന്റ്‌സിന് ഇക്കാലയളവില്‍ ഏറ്റവും മികച്ച സേവനം തന്നെ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി ടീം സജ്ജമായി. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്,'' എബിനും ജിലുവും പറയുന്നു.

വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സിനെ തേടി ലോകമെമ്പാടുമുള്ള ഒട്ടനവധി കമ്പനികള്‍ വരാന്‍ തുടങ്ങി. ഏവര്‍ക്കും വേണ്ടത് മികവുറ്റ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം. ''ഞങ്ങളെ പോലും അമ്പരിപ്പിക്കുന്ന വിധമായിരുന്നു ബിസിനസ് അന്വേഷണങ്ങള്‍. നിലവില്‍ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം ഉള്ള കമ്പനികള്‍ അത് കൂടുതല്‍ മെച്ചപ്പെടുത്താനും മറ്റ് ചിലര്‍ മികവുറ്റ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനുമാണ് ഞങ്ങളെ തേടി വന്നത്. അബാദ് ഫിഷറീസ്, ജോയ് ആലുക്കാസ് ഗ്രൂപ്പ്, ലോകത്ത് ഏറ്റവും വലിയ കണ്‍സള്‍ട്ടസിംഗ് കമ്പനികളിലൊന്ന്, രാജ്യാന്തരതലത്തിലെ ഒരു റീറ്റെയ്ല്‍ ഭീമന്‍ തുടങ്ങിവയരെല്ലാം ഇക്കാലയളവില്‍ വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സിന്റെ സേവനങ്ങള്‍ തേടിയവരില്‍ ഉള്‍പ്പെടും,'' എബിന്‍ പറയുന്നു. ഇതില്‍ ഒട്ടുമിക്കവരും രാജ്യാന്തരതലത്തിലെ മുന്‍നിരക്കാരാണ്. എന്തുകൊണ്ടാണ് ഇവര്‍ വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സിനെ അന്വേഷിച്ച് വന്നത്?

മുമ്പേ നടന്നതിന്റെ നേട്ടം

വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സും എബിനും ജിലുവും നേതൃത്വം നല്‍കുന്ന ടീമും പുതിയ അവസരങ്ങളിലേക്ക് അത്യുത്സാഹത്തോടെ നടന്നുകയറിയതിന്റെ ഗുണഫലമാണ് ലോക്ക്ഡൗണ്‍ കാലത്ത് ലഭിച്ചത്. വെബ് ഡിസൈനിംഗ്, വെബ് ആപ്ലിക്കേഷന്‍, ഇ കോമേഴ്‌സ് ഡെവലപ്‌മെന്റ്, ഗ്രാഫിക് ഡിസൈനിംഗ്, മൊബീല്‍ ആപ് ഡെവലപ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, 2D & 3D ആനിമേഷന്‍ എന്നീ മേഖലകളിലെല്ലാം സേവനം നല്‍കുന്ന വെബ് ആന്റ് ക്രാഫ്റ്റ്‌സ് ഡിജിറ്റല്‍ രംഗത്തെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടിരുന്നു. ''തൃശൂര്‍ കേന്ദ്രമായുള്ള ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫുഡ്മാ ഞങ്ങള്‍ ഡെവലപ് ചെയ്തതാണ്. അതിന്റെ പ്രവര്‍ത്തന മികവ് ഞങ്ങള്‍ക്ക് ആത്മവിശ്വാസമേകി. ലുലു ഗ്രൂപ്പിന്റെ മൊബീല്‍ ആപ്പ് ഡെവലപ്‌മെന്റ് ജോലികള്‍ ഞങ്ങള്‍ക്ക് ലഭിച്ചതും വലിയ വഴിത്തിരിവായി. ലുലു ഗ്രൂപ്പിന് സാന്നിധ്യമുള്ള 22 ഓളം രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന മൊബീല്‍ ആപ്പ് ലുലുവിന്റെ തന്നെ ഏറ്റവും വലിയ ഐറ്റി പ്രോജക്ടുകളിലൊന്നാണ്,'' എബിനും ജിലുവും പറയുന്നു.

ജനങ്ങള്‍ വീടുകളില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരായതോടെ കമ്പനികള്‍ക്ക് സേവനങ്ങളും ഉല്‍പ്പന്നങ്ങളും അവരുടെ അടുത്തേക്ക് എത്തിക്കാതെ നിവൃത്തിയില്ലെന്നായി. വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സ് മികവില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ ചെയ്ത ജോലികള്‍ക്ക് ഫലം കാണാന്‍ തുടങ്ങി. ''അബാദ് ഫിഷറീസിന് വെറും അഞ്ചുദിവസം കൊണ്ടാണ് ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം ഞങ്ങള്‍ സജ്ജമാക്കി നല്‍കിയത്. മിഡില്‍ ഈസ്റ്റിലെ ഒരു കമ്പനിക്ക് നിലവില്‍ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നു. അവര്‍ അതിനെ അത്ര ഗൗരവമായെടുക്കാത്തതിനാല്‍ കോവിഡ് കാലത്തിന് മുമ്പ് പ്രതിദിനം 21 ഓര്‍ഡര്‍ വരെയൊക്കെയേ അതിലൂടെ ലഭിച്ചിരുന്നുള്ളൂ. ലോക്ക്ഡൗണ്‍ വന്നപ്പോഴാണ് അതിന്റെ പരിമിതികള്‍ മനസിലായത്. ഏപ്രില്‍ ഒന്നിന് ആ കമ്പനി ഞങ്ങളെ സമീപിച്ചു. വെറും ദിവസങ്ങള്‍ കൊണ്ട് ആ പ്ലാറ്റ്‌ഫോമിനെ ഞങ്ങള്‍ മാറ്റികൊടുത്തു. ഇന്ന് ആ കമ്പനിയുടെ വരുമാനത്തിന്റെ മുഖ്യസ്രോതസുകളിലൊന്നാണ് ആ പ്ലാറ്റ്‌ഫോം,'' എബിന്‍ പറയുന്നു.

ഫിനാന്‍സ്, റീറ്റെയ്ല്‍, ഇ കോമേഴ്‌സ്, ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ തുടങ്ങിയ രംഗത്തെ കമ്പനികളാണ് പ്രധാനമായും വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സിനെ തേടി വന്നത്. ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ചിന്റെ മൊബീല്‍ ആപ്പ് ഡെവലപ് ചെയ്തുകൊണ്ടാണ് ഫിനാന്‍സ് രംഗത്തേക്ക് കമ്പനി രംഗപ്രവേശം ചെയ്തത്. സ്ഥാപനത്തിലെ 142 ജീവനക്കാരുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനം കമ്പനിയെ പുതിയ അവസരങ്ങള്‍ അതിവേഗം ഉപയോഗപ്പെടുത്താന്‍ സാധിച്ചു. ''ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ ജീവനക്കാര്‍ക്ക് എങ്ങനെ വേതനം നല്‍കുമെന്നായിരുന്നു ചിന്ത. ഞങ്ങളുടെ നിലവിലുള്ള പല ക്ലയന്റ്‌സും ചോദിക്കാതെ തന്നെ ഫണ്ട് മുന്‍കൂര്‍ തന്നു. ടീമിന് 100 ശതമാനം വേതനവും നല്‍കി. കൂടുതല്‍ കരാറുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ ടീം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ടീമാണ് കമ്പനിയുടെ ബാക്ക് ബോണ്‍,'' എബിനും ജിലുവും പറയുന്നു.

കോട്ടയത്തെ ചെങ്ങളത്തു നിന്ന് സംരംഭകയാത്ര തുടങ്ങിയ എബിന്‍ ഇന്ന് ലോകത്തെ 35ലേറെ രാജ്യങ്ങളിലെ കമ്പനികള്‍ക്കാണ് സേവനം നല്‍കുന്നത്. കുട്ടിക്കാലം മുതല്‍ കംപ്യൂട്ടറുകളുടെ തോഴനായ എബിന്‍ എന്‍ജിനീയറിംഗ് പഠനകാലത്ത് സ്വന്തം കോളെജിന്റെ വെബ്‌സൈറ്റ് വികസിപ്പിച്ചുകൊണ്ടാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. ഡിസ്്‌ലെക്‌സിയ എന്ന അവസ്ഥയോടും പൊരുതിയാണ് ഈ യുവാവ് ലോകനിലവാരമുള്ള സംരംഭം കെട്ടിപ്പടുത്തിയത്.

ആ ഉപദേശം സ്വീകരിച്ചു, ഗുണമായി

പ്രമുഖ ഫിനാന്‍സ് വിദഗ്ധനും ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റുമായ വി. സത്യനാരായണന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കമ്പനിയുടെ ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ജിലുവിന് ഒരു ഉപദേശം നല്‍കി. മൂന്നു മാസം ബിസിനസ് നടത്താനുള്ള പണം കൈയില്‍ കരുതി വെയ്ക്കണം. ഒന്നും ലഭിച്ചില്ലെങ്കിലും മൂന്നുമാസം കമ്പനി മുന്നോട്ടുപോകണം. അന്നുമുതല്‍ ജിലുവും എബിനും അതിനായി ശ്രമിച്ചു. ലോക്ക്ഡൗണ്‍ ഈ ഫണ്ട് ഉപകാരമായെന്ന് എബിന്‍ പറയുന്നു.

ലോകം മുഴുവന്‍ അടച്ചിരുന്നപ്പോള്‍ വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സ് എങ്ങനെ ചിറക് വിടര്‍ത്തി പറന്നുവെന്ന് ചോദിച്ചാല്‍ എബിന്റെ മറുപടിയിതാണ്. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ടീം, ഇ കോമേഴ്‌സ് ഡെവലപ്‌മെന്റ്, മൊബീല്‍ ആപ്ലിക്കേഷന്‍ വികസന രംഗത്തെ കമ്പനിയുടെ കരുത്ത്, ഇടപെടുന്ന ഓരോ ഉപഭോക്താവിന്റെയും താല്‍പ്പര്യം അറിഞ്ഞ് അവര്‍ സംതൃപ്തി നല്‍കുന്ന സേവനം നല്‍കുന്നതിലെ ട്രാക്ക് റെക്കോര്‍ഡ് എന്നിവയ്‌ക്കെല്ലാം ഉപരിയായി ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉലയാതെ മുന്നോട്ടുകൊണ്ടുപോകുന്ന ജിലു ജോസഫിന്റെ പ്രവര്‍ത്തനങ്ങള്‍.

''കോവിഡ് പോലെ അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ പതറിയിട്ട് കാര്യമില്ല. നമ്മള്‍ സഞ്ചരിക്കാന്‍ തീരുമാനിച്ച വഴികളില്‍ നിന്ന് അല്‍പ്പം മാറിയാലും മുന്നോട്ടുതന്നെ പോവുക. അവസരങ്ങള്‍ ഏതാണോ അതിലേക്ക് ചാടി വീഴുക. സ്വന്തം ടീമിനെ കൂടെ ചേര്‍ത്ത് പിടിക്കുക. പരിശ്രമങ്ങള്‍ ഒരിക്കലും പാഴാകില്ല,'' എബിന്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it