തൊഴില്‍ നിയമങ്ങളിലെ ഭേദഗതി വ്യവസായ, തൊഴില്‍ മേഖലകള്‍ക്ക് ഗുണകരമാകുമോ?

വിവിധ വ്യവസായ മേഖലകളില്‍ നിലവിലുള്ള സ്ഥിരം തൊഴിലിന് പകരം നിശ്ചിതകാല കരാര്‍ തൊഴില്‍ അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ 100ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സംരംഭങ്ങളില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ഇല്ലാതായിക്കഴിഞ്ഞു. പകരം കരാര്‍ തൊഴിലും നിശ്ചിതകാല കരാര്‍ തൊഴിലും എല്ലാ വ്യവസായ മേഖലകളിലും പ്രാവര്‍ത്തികമാകുകയും അതോടൊപ്പം ഇന്ന് നിലവിലുള്ള സ്ഥിരം തൊഴില്‍ സംവിധാനം എന്നേക്കുമായി അവസാനിക്കുകയും ചെയ്യുമെന്നതാണ് പുതിയ നിയമഭേദഗതിയുടെ പ്രത്യേകത.

2016ല്‍ രാജ്യത്തെ ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രിയില്‍ നടപ്പാക്കിയ ലേബര്‍ കോണ്‍ട്രാക്ട് നിയമങ്ങള്‍ ഇപ്പോള്‍ എല്ലാ വ്യവസായ മേഖലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നിശ്ചിതകാല തൊഴിലാളികളെ ഒരു കരാറുകാരന്റെ സഹായമില്ലാതെ തൊഴിലുടമയ്ക്ക് നേരിട്ട് നിയമിക്കാനാകും. ഇതിലേക്കായി തൊഴിലാളിയും തൊഴിലുടമയും തമ്മിലാണ് കരാറുണ്ടാക്കേണ്ടത്. നിശ്ചിത കാലാവധിക്ക് ശേഷം കരാര്‍ പുതുക്കിയില്ലെങ്കില്‍ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ജോലിക്ക് അര്‍ഹതയുണ്ടാകില്ല. കൂടാതെ കരാര്‍ തൊഴിലാളികളെ രണ്ടാഴ്ചത്തെ നോട്ടീസ് നല്‍കി പിരിച്ചുവിടാനും സാധിക്കും. വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള ഇത്തരം പുത്തന്‍ തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമായി ഇപ്പോള്‍ ഇന്ത്യയും പുതിയൊരു ചുവടുവയ്പിന് ഒരുങ്ങിയിരിക്കുകയാണ്.

സുസ്ഥിരമായ നിലനില്‍പ്പ് വെല്ലുവിളി

ആഗോളതല ചലനങ്ങള്‍ക്ക് അനുസരിച്ച് രാജ്യത്തെ വ്യവസായ മേഖലയെ മുന്നോട്ട് നയിക്കാന്‍ തൊഴില്‍ നിയമത്തിലെ പുത്തന്‍ ഭേദഗതികള്‍ സഹായിക്കുമെന്നാണ് സംരംഭകരുടെ വിലയിരുത്തല്‍. എന്നാല്‍ ഇത് തൊഴിലാളി വിരുദ്ധനയമാണെന്ന ശക്തമായ വിമര്‍ശനം മറുഭാഗത്തും ഉയര്‍ന്നിട്ടുണ്ട്. 'സ്ഥിരം തൊഴില്‍ എന്നത് ഇക്കാലത്ത് അപ്രായോഗിക ആശയമാണ്. കാരണം ഡിസ്‌റപ്ഷന്‍, ഇന്നവേഷന്‍ എന്നീ കാര്യങ്ങള്‍ വ്യവസായ മേഖലയെ മാറ്റിമറിക്കുകയാണ്. അതിനാല്‍ ഒരു വ്യവസായത്തിനും അതേ രീതിയില്‍ 10 കൊല്ലത്തില്‍ കൂടുതല്‍ മുന്നോട്ട് പോകാനാകില്ല' സി.ഐ.ഐയുടെ കേരള ഘടകം മുന്‍ ചെയര്‍മാനായ പി.ഗണേഷ് അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ, ഓട്ടോമേഷന്‍ എന്നിവയൊക്കെ വലിയ മാറ്റങ്ങളാണ് വ്യവസായ മേഖലയിലുണ്ടാക്കുന്നത്. അതിനാല്‍ സ്ഥിരം തൊഴില്‍ കൊടുത്ത് സംരംഭത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ തൊഴിലാളികള്‍ക്ക് കൂടുതല്‍ വേതനം കിട്ടില്ലെന്ന് മാത്രമല്ല തൊഴിലുടമയ്ക്ക് അത് നല്‍കാനാകാത്ത അവസ്ഥയുമുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ഭേദഗതികള്‍ തൊഴിലാളി താല്‍പ്പര്യങ്ങളെ ഹനിച്ച് തൊഴിലുടമകളുടെ ലാഭം വര്‍ധിപ്പിക്കുന്നതാണെന്ന് ആരോപിക്കപ്പെടുന്നു. ബി.എം.എസ്, സി.ഐ.ടി.യു തുടങ്ങിയ തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ ശക്തമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ ഭേദഗതികള്‍ പൂര്‍ണ്ണമായും തൊഴിലാളി വിരുദ്ധവുമല്ല. കാരണം ഇപ്പോള്‍ നിലവിലുള്ള സ്ഥിരം തൊഴിലാളികളെ കരാര്‍ തൊഴിലാളികളാക്കി മാറ്റാനാകില്ല. കൂടാതെ കരാര്‍, സ്ഥിരം തൊഴിലാളികള്‍ക്ക് ഒരേ ആനുകൂല്യങ്ങളാണുള്ളത്. മുന്‍പ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് മാത്രമേ ഗ്രാറ്റ്വിറ്റി ലഭിക്കൂവെങ്കില്‍ ഇപ്പോള്‍ നിശ്ചിതകാല തൊഴിലാളികള്‍ക്കും ഗ്രാറ്റ്വിറ്റി നല്‍കണം. അതേസമയം രാജ്യത്തെ ഐ.റ്റി മേഖലയിലെ ഹയര്‍ ആന്‍ഡ് ഫയര്‍ സംവിധാനം എല്ലാ വ്യവസായ മേഖലകളിലും നിലവില്‍ വരാന്‍ പുതിയ ഭേദഗതികള്‍ ഇടയാക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ വാദം.

പുതിയ നിയമം രാജ്യത്തെ തൊഴില്‍ വിപണി കൂടുതല്‍ അയവുള്ളതാക്കിയേയേക്കും. സീസണല്‍ ബിസിനസുകളുള്ള നിരവധി മേഖലകളില്‍. സീസണ്‍ കാലത്ത് കൂടുതല്‍ തൊഴിലവസരം ഉണ്ടാകുമെന്നതിനാല്‍ ജോലികള്‍ മാറിമാറി ചെയ്യാനും കൂടുതല്‍ വരുമാനം ആര്‍ജ്ജിക്കാനും തൊഴിലാളികള്‍ക്ക് അവസരം ലഭിക്കും. കേരളത്തിലെ തൊഴില്‍ മേഖലയില്‍ ചൂഷണമോ അടിമപ്പണിയോ ഇല്ല. മികച്ച വേതനം നല്‍കിയാല്‍പ്പോലും വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ഉയര്‍ന്ന വേതനം തേടി മലയാളികള്‍ ഗള്‍ഫ് നാടുകളിലേക്ക് ചേക്കേറുമ്പോള്‍ പകരം 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്തെ വിവിധ വ്യവസായ സേവന മേഖലകളില്‍ പണിയെടുക്കുന്നത്.

സമസ്തമേഖലകളിലും മാറ്റം അനിവാര്യം

'വ്യവസായ അനൂകൂല നയമായതിനാല്‍ കൂടുതല്‍ വ്യവസായികളെ രാജ്യത്തേക്ക് എത്തിക്കാന്‍ പുതിയ നിയമം സഹായിക്കുമെങ്കിലും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ആഗോളതലത്തിലുള്ള തൊഴില്‍ നിബന്ധനകളുടെ നഗ്നമായ ലംഘനമാണിത്' സാമ്പത്തിക വിദഗ്ധയായ ഡോ.മേരി ജോര്‍ജ് അഭിപ്രായപ്പെട്ടു. ഉയര്‍ന്ന വേതനം (ഗുണനിലവാരമുള്ള ജീവിതത്തിന് ആവശ്യമായത്), തൊഴില്‍ സ്ഥിരത, ഡയലോഗിനുള്ള സാധ്യത (യൂണിയനുകള്‍ രൂപീകരിച്ച് അവകാശങ്ങള്‍ സംരക്ഷിക്കാന്‍), സോഷ്യല്‍ സെക്യൂരിറ്റി (പെന്‍ഷന്‍) എന്നീ നാല് സുപ്രധാന നിബന്ധനകളുള്ള എ.എല്‍.ഒയുടെ ചാര്‍ട്ടറില്‍ 2010ല്‍ ഇന്ത്യയും ഒപ്പിട്ടിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഉല്‍പ്പാദനക്ഷമത കൃത്യമായി നിര്‍ണ്ണയിക്കപ്പെടുന്ന സ്വകാര്യ വ്യവസായ മേഖലയ്ക്കാണ് പുതിയ നിയമം ബാധകമാകുക. എന്നാല്‍ എല്ലാം കുത്തഴിഞ്ഞു കിടക്കുന്നത് ഗവണ്‍മെന്റ് സെക്ടറിലാണെന്നതാണ് വൈരുധ്യം. 'ഉല്‍പ്പാദനക്ഷമതയില്‍ ഏറ്റവും പിന്നിലുള്ളത് സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്' ഡോ.മേരി ജോര്‍ജ് പറഞ്ഞു. എം.എല്‍.എമാരുടെയും എം.പിമാരുടെയും മന്ത്രിമാരുടെയുമൊക്കെ ശമ്പളത്തില്‍ കുത്തനെയുള്ള വര്‍ധനയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വരുത്തുന്നത്. ഇത്തരം ജനപ്രതിനിധികളൊക്കെ അതിന് അനുസരണമായി അവരുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതിനും അവ വിലയിരുത്തപ്പെടുന്നതിനും വേണ്ട സംവിധാനങ്ങള്‍ രാജ്യത്തുണ്ടാകണമെന്നും നിര്‍ദേശമുയരുന്നു.

വ്യവസായ മേഖലയില്‍ മാത്രമല്ല രാജ്യത്തെ സമസ്ത മേഖലകളിലെയും തൊഴില്‍ സംസ്‌കാരത്തിലാണ് മാറ്റം വരുത്തേണ്ടത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള തൊഴിലാളികളുടെ ഉത്തരവാദിത്തബോധവും ഉല്‍പ്പാദനക്ഷമതയും ഒരുപോലെ ഉയര്‍ത്തുകയാണ് ആവശ്യം. മറിച്ച് രാജ്യത്തെ 96 ശതമാനം തൊഴിലാളികളും പണിയെടുക്കുന്ന അനൗദ്യോഗിക മേഖലകളില്‍ മാത്രം ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ അത്തരം കുടുംബങ്ങളുടെ സാമ്പത്തികശേഷിയും ജീവിതനിലവാരവും ക്രയവിക്രയശേഷിയും കുറയും. പകരം ബിസിനസ് വ്യവസായ മേഖലകളുടെ ശക്തമായൊരു മുന്നേറ്റത്തിന് ഉതകുന്ന വിധത്തിലും, ഐ.എല്‍.ഒ നിബന്ധനകള്‍ പാലിക്കപ്പെടുന്നതുമായ തരത്തില്‍ സന്തുലിതമായൊരു നയമായിരിക്കും വ്യവസായത്തിനും തൊഴിലിനും അഭികാമ്യമെന്നും വിലയിരുത്തപ്പെടുന്നു. 'ഗവണ്‍മെന്റും മാറി ചിന്തിക്കണം. ഉദാഹരണമായി ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്ന പേര് തന്നെ തൊഴിലാളി, മുതലാളി എന്നൊരു വിഭാഗീയത സൃഷ്ടിക്കുന്നുണ്ട്. പകരം എല്ലാവര്‍ക്കും ആവശ്യമായ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റായി അത് മാറുകയും സംരംഭങ്ങളില്‍ സോഷ്യല്‍ സെക്യൂരിറ്റി ഉറപ്പാക്കിക്കൊണ്ട് മറ്റുള്ള എല്ലാത്തരം ഇടപെടലുകളില്‍ നിന്നും അവര്‍ പിന്‍വാങ്ങുകയും ചെയ്യണം' ഗണേഷ് വ്യക്തമാക്കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it