വണ്ടര്‍ലാ ഹോളിഡേയ്‌സ് ഫുഡ് ബിസിനസിലേയ്ക്കും

വണ്ടര്‍ കിച്ചന്‍ എന്ന പുതിയ സംരംഭം ജൂണ്‍ 17 ന് ബെംഗളുരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തില്‍ സെപ്റ്റംബറില്‍.

-Ad-

വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് ഫുഡ് ബിസിനസിലേക്ക് ചുവടുവച്ചിരിക്കുന്നു. കാക്കനാട്, കൊച്ചി എന്നിവിടങ്ങളില്‍ സെപ്റ്റംബറില്‍ സംരഭംത്തിന് തുടക്കമിടാനാണ് പദ്ധതി. ‘വണ്ടര്‍ കിച്ചന്‍’ എന്ന പേരിലാരംഭിച്ച പുതിയ സംരംഭം 2020 ജൂണ്‍ 17ന് ബെംഗളൂരുവിലെ കെംഗേരി സാറ്റലൈറ്റ് ടൗണില്‍ ആണ് പ്രവര്‍ത്തനമാരംഭിച്ചത്. ബെംഗളൂരുവിലെ തന്നെ രണ്ടാമത്തെ ഔട്ട്ലെറ്റ് ഓഗസ്റ്റ് 15ന് രാജരാജേശ്വരി നഗറില്‍ പ്രവര്‍ത്തനമാരംഭിക്കും. ടേക്ക് എവേ ബിസിനസായാണ് നിലവിലുള്ള ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ മാത്രമല്ല ഹൈദരാബാദിലും ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. കൊവിഡ് മഹാമാരിയുടെ തിരിച്ചടിയെന്നോണം കമ്പനിക്ക് 2020 ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ അറ്റ നഷ്ടം 14.51 കോടി രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 42.03 കോടി രൂപ ലാഭമായിരുന്നു രേഖപ്പെടുത്തിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മുതല്‍ നിര്‍ത്തലാക്കിയിരുന്നു.

കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സുരക്ഷയും മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരുന്നു അറിയിപ്പിനുശേഷം കമ്പനി പൂട്ടിയത്. മാര്‍ച്ച് 11 മുതല്‍ കൊച്ചിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കും ഇതിന് പിന്നാലെ മാര്‍ച്ച് 15ന് ബെംഗളൂരു, ഹൈദരാബാദ് പാര്‍ക്കുകള്‍, റിസോര്‍ട്ട് എന്നിവയും അടച്ചു. കൊറോണ വൈറസിന്റെ വ്യാപനം തുടരുന്നതിനാല്‍ ആദ്യ പാദത്തിലെ ബിസിനസ് വരുമാനത്തെ പൂര്‍ണ്ണമായും ബാധിച്ചതായും കമ്പനി പറഞ്ഞു.

-Ad-

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ചെലവ് 11.90 കോടി രൂപയായിരുന്നു. ശമ്പളം, പരസ്യം, വിപണനം എന്നിവയില്‍നിന്നുള്ള ചെലവ് കുറയ്ക്കാന്‍ സാധിച്ചു. കമ്പനിക്ക് ലാഭകരമായ മുന്‍കാലചരിത്രമുണ്ടെന്നത് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് ജോസഫ് ചൂണ്ടിക്കാട്ടി. സമ്പദ്വ്യവസ്ഥയുടെ വിവിധ ഭാഗങ്ങള്‍ തുറക്കുന്നതോടൊപ്പം ആരോഗ്യം, സുരക്ഷ, പ്രതിരോധ പ്രോട്ടോക്കോള്‍ എന്നിവ കര്‍ശനമാക്കി പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നതിന് അധികൃതര്‍ ഉടന്‍ അനുവാദം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ക്കുകളില്‍ വരുന്നവര്‍ക്ക് എല്ലാ സുരക്ഷയും പ്രതിരോധ പ്രോട്ടോക്കോളും ഉപയോഗിച്ച് ഊര്‍ജ്ജസ്വലമായ വിനോദങ്ങള്‍ നല്‍കാനുള്ള വഴികളും മാര്‍ഗങ്ങളും നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here