കൊറോണ വൈറസ് മൂലം ബിസിനസ് ശൈലികള്‍ മാറും: ആനന്ദ് മഹീന്ദ്ര
ലോക സമ്പദ്വ്യവസ്ഥയെ ഇതിനകം വല്ലാതെ സ്വാധീനിച്ച കൊറോണ വൈറസ് പ്രതിസന്ധി പുതിയ സമ്പ്രദായങ്ങള്‍ക്കും ശൈലികള്‍ക്കും കാരണമാകുമെന്ന് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ജീവിത ക്രമങ്ങളെയും തൊഴില്‍ രീതികളെയും മാറ്റിമറിക്കുന്ന ' റീ സെറ്റ് ' ബട്ടണ്‍ പ്രക്രിയ ആകാം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്നും മഹീന്ദ്ര ഗ്രൂപ്പിന്റെ നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ ട്വീറ്റ് ചെയ്തു.
വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനു സ്വീകാര്യത ഏറും , കൂടുതല്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സുകള്‍ നടക്കും, വീഡിയോ കോളുകള്‍ വര്‍ദ്ധിക്കും, യാത്ര കുറയും… ബിസിനസ് മേഖലയില്‍ ഇതെല്ലാമാണുണ്ടാകാന്‍ പോകുന്നതെന്ന് മഹീന്ദ്ര അഭിപ്രായപ്പെട്ടു.സിലിക്കണ്‍വാലിയിലെ ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്നിറങ്ങാതെ ജോലി ചെയ്യാന്‍ അനുമതി കിട്ടിയെന്ന വാര്‍ത്തയ്ക്കു പിന്നാലെയായിരുന്നു ഈ ട്വീറ്റ്.തുടര്‍ന്ന് തന്റെ 7 ലക്ഷം വരുന്ന ട്വിറ്റര്‍ ഫോളോവര്‍മാരോട് ചോദിച്ചു: വേറെ എന്തൊക്കെ മാറ്റം വരാം?
മാസ്‌ക് ധരിച്ച് സൂപ്പര്‍ മാര്‍ക്കറ്റില പോയി യജമാനനു വേണ്ടി പച്ചക്കറി വാങ്ങിവരുന്ന നായുടെ വീഡിയോ സഹിതം ഒരാള്‍ രേഖപ്പെടുത്തിയത് 'നായെയും പൂച്ചയെയും കൊണ്ട് പല ജോലികളും ചെയ്യിക്കാന്‍ കഴിയു'മെന്നാണ്. അവയെ കൊറോണ വൈറസ് ബാധിക്കില്ലെന്ന വിദഗ്ധ നിരീക്ഷണമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും അന്തിമ നിഗമനമായിട്ടില്ലെന്ന അഭിപ്രായവും പലരും ട്വീറ്റ് ചെയ്തു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline